01 August Thursday

ഇതും നമ്മൾ അതിജീവിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

വാക്കുകൾകൊണ്ട്‌ വിവരിക്കാനാകാത്ത വേദനയും ദുഃഖവുമാണ്‌ നമ്മുടെ നാട്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തിൽ ഇന്നുവരെ ഉണ്ടാകാത്തവിധത്തിലുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. പെരുമഴയ്‌ക്കൊപ്പം മരണവും പെയ്‌തിറങ്ങിയ രാവുമാഞ്ഞപ്പോഴേക്കും ബാക്കിയായത്‌ തീരാനോവും നികത്താനാകാത്ത നഷ്ടങ്ങളുമാണ്‌. ചൊവ്വാഴ്‌ച പുലർച്ചയോടെ ഉണ്ടായ വൻ ദുരന്തം ഏവരെയും ദുഃഖത്തിലാക്കി. വീട്ടിൽ കിടന്നുറങ്ങിയവർ ഒരിക്കലും ഉണരാത്തവിധം മണ്ണിൽ അകപ്പെട്ടു. ജീവിതത്തിൽനിന്ന്‌ പിഴുതെറിയപ്പെട്ട ആ മനുഷ്യരുടെ ദുരന്തം ഉറ്റവരെയും നാട്ടുകാരെയും മാത്രമല്ല, ലോകത്തെമ്പാടുമുള്ള മനുഷ്യരെയാകെയാണ് കണ്ണീരിലാഴ്ത്തിയത്.

വൻ നാശനഷ്ടങ്ങളുണ്ടാക്കിയ ഓഖിയും പ്രളയവുംപോലുള്ള നിരവധി ദുരന്തങ്ങളെ പല ഘട്ടങ്ങളിലായി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്രയേറെ മനുഷ്യജീവൻ ഒന്നായി പൊലിഞ്ഞ അവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. ദുരന്തങ്ങളെയെല്ലാം ഒറ്റക്കെട്ടായിനിന്ന് നേരിടുന്ന ജനതയാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത അനുഭവങ്ങളാണ് നമുക്കുള്ളത്. നാട്ടിലെവിടെ ദുരന്തമുണ്ടായാലും ഓടിയെത്തുന്ന മലയാളിയുടെ സംസ്‌കാരം മനുഷ്യസ്നേഹത്തിന്റെ മഹത്തായ കാഴ്ചയാണ്. ദുരിതഘട്ടങ്ങൾ  വരുമ്പോൾ  ജനകീയ ഇടപെടലുകൾ ആരെയും വിസ്മയിപ്പിക്കുന്നതാണ്.  

നവോത്ഥാന മുന്നേറ്റങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും തൊഴിലാളി–- കർഷക പ്രസ്ഥാനങ്ങളുടെയും ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ടതാണ് ഈ സംസ്‌കാരം. നമ്മുടെ ഭരണസംവിധാനങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ ഇത്തരം സാമൂഹ്യമുന്നേറ്റത്തിന് പങ്കുണ്ട്. വയനാടിന്റെ ദുരിതമേഖലകളിൽ നിമിഷനേരംകൊണ്ട് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത് ഇതിന് ഉദാഹരണമാണ്. നിപായും കോവിഡും എല്ലാം വരിഞ്ഞുമുറുക്കിയപ്പോൾ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ ആരോഗ്യസംവിധാനം മലയാളിയുടെ ശിരസ്സ് വാനോളം ഉയർത്തി. ഈ ദുരന്തഘട്ടത്തിലും നമ്മൾ അത് തുടരുകയാണ്.

ജനങ്ങളെ ഭിന്നിപ്പിക്കുകയല്ല, അവരെ ചേർത്തുനിർത്തി കരുത്തും ആശ്വാസവും നൽകുകയാണ് ഒരു ഭരണസംവിധാനത്തിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്വം. അതിന്‌ നേതൃപരമായ പങ്ക് ഏറ്റെടുക്കുകയെന്നതാണ് ഭരണാധികാരിയുടെ ചുമതല. ഇക്കാര്യത്തിൽ  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃശേഷി കേരളം പലവട്ടം തൊട്ടറിഞ്ഞതാണ്‌. സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും പ്രവർത്തനം ഏകോപിപ്പിച്ചുള്ള ഇപ്പോഴത്തെ ഇടപെടലുകൾ അത് ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനംമൂലമുള്ള ദുരന്തങ്ങൾ ലോകം മുഴുവൻ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിതീവ്രമായ മഴയും വെള്ളപ്പൊക്കവും  ഉരുൾപ്പൊട്ടലുമെല്ലാം പതിവ് അനുഭവങ്ങളായി. കാലാവസ്ഥാ വ്യതിയാനത്തിന്‌ കാരണം ലാഭക്കൊതിയോടെ പ്രകൃതിയെയും മനുഷ്യനെയും ചൂഷണം ചെയ്യുന്ന രീതിയാണ്. അത് മനസ്സിലാക്കിയുള്ള ദീർഘകാല പദ്ധതികളും പ്രവർത്തനങ്ങളും ജനകീയ അവബോധവും സൃഷ്ടിക്കുക എന്നത് പരമപ്രധാനമാണ്. സങ്കുചിതലക്ഷ്യങ്ങളോടെ കുറ്റപ്പെടുത്തുന്നതിനു പകരം കൂട്ടായ ആലോചനകളാണ് കേരളം ആവശ്യപ്പെടുന്നത്. ഒരു ദുരന്തത്തെ മറികടക്കാൻ മൂന്നു തരത്തിലുള്ള ഇടപെടൽ അനിവാര്യമാണ്. ഒന്നാമതായും അടിയന്തരമായും ഏറ്റെടുക്കേണ്ടത് രക്ഷാപ്രവർത്തനമാണ്. അത്‌ ഫലപ്രദമായി നിർവഹിക്കുന്ന ദുരന്തനിവാരണ സംവിധാനവും സേനാവിഭാഗങ്ങളുമെല്ലാം ഏറെ അഭിനന്ദനമർഹിക്കുന്നു. ദുരിതബാധിതരുടെ സംരക്ഷണം ഉറപ്പുവരുത്തുകയെന്നതും പ്രധാനമാണ്. തുടർന്ന്‌ അവരുടെ പുനരധിവാസമെന്ന വലിയ കടമയും നമുക്ക് ഏറ്റെടുക്കാനുണ്ട്.

ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് ആവശ്യമുള്ളത് എന്തെല്ലാമാണെന്ന്‌ തിരിച്ചറിയാനാകുക ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഭരണസംവിധാനത്തിനാണ്. സമഗ്രാസൂത്രണത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാകുക സർക്കാരിനാണ്. സർക്കാർ സംവിധാനത്തിലൂടെ സഹായങ്ങൾ നൽകുമ്പോഴാണ്‌ കൃത്യമായ ആസൂത്രണത്തിലൂടെ അർഹർക്ക്‌ അത് എത്തിക്കാനാകുക. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ–- പുനരധിവാസ പ്രവർത്തനങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി പിന്തുണക്കേണ്ടതുണ്ട്‌. അതിലൂടെ മാത്രമേ വയനാട്ടിലെ ജനത നേരിട്ട ദുരന്തത്തെ മറികടക്കുന്ന പുനരധിവാസം സാധ്യമാകൂ.

ദുരന്തങ്ങളിൽ എല്ലാം മറന്ന് ഒന്നിക്കുന്ന സംസ്‌കാരത്തിന്റെ കരുത്താണ് പ്രതിസന്ധികളെ നേരിടുന്നതിന് കേരളജനതയെ പ്രാപ്തമാക്കുന്നത്. ആ ഐക്യവും സ്നേഹവും കൈവെടിയാതെ മുന്നോട്ടു പോകാനാകണം. കേരളം കാത്തുസൂക്ഷിക്കുന്ന മനുഷ്യസ്നേഹത്തിന്റെ ഈ ഊഷ്മളതയാണ് വയനാട്ടിലെ ദുരന്തത്തെയും നേരിടുന്നതിനുള്ള നമ്മുടെ വലിയ മൂലധനം. കേരളം നേടിയ ജനാധിപത്യബോധവും മനുഷ്യസ്നേഹവുമെല്ലാം തീർച്ചയായും ഇതിന് ശക്തമായ അടിത്തറയാകും. മുൻകാലങ്ങളിലെപ്പോലെ ഈ ദുരന്തവും മനുഷ്യസാധ്യമായവിധം നാം അതിജീവിക്കുമെന്നതിന് ഏറ്റവും വലിയ ഉറപ്പ്‌ മലയാളിയുടെ കൂട്ടായ്മയും യോജിപ്പും തന്നെ. അത് കാത്തുസൂക്ഷിക്കുവാനാകുംവിധം ഇടപെടുക എന്നതാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്വം.
                
പുത്തലത്ത്‌ ദിനേശൻ
ചീഫ്‌ എഡിറ്റർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top