കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷമാണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. രക്ഷപെടാനായി മാതാവ് അച്ചാമ്മ അയൽവാസിയെ ഫോണിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ച് അവർ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മരട് പോലീസ് എത്തിയപ്പോൾ മകൻ ഇവിടെ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞത് കേട്ട് അവർ ഉള്ളിൽ പരിശോധന നടത്താതെ തിരികെ പോകുകയായിരുന്നു.
ഇത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ആണെന്നാണ് അയൽവാസികൾ ആരോപിക്കുന്നത്. ഫ്ലാറ്റിന്റെ വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ സമീപത്തെ ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. പൊലീസെത്തിയെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നാണ് പരിസരവാസികളും മരട് നഗരസഭാ പ്രതിനിധിയടക്കം ആരോപിക്കുന്നത്. പിന്നീട് വീണ്ടും നിലവിളിയും ബഹളവും ആയതോടെ പോലീസിനെ അറിയിച്ചു.
ആറ് മണിക്ക് ഫ്ലാറ്റിലെത്തിയ പൊലീസ്, ഫ്ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷമാണ് ഫ്ലാറ്റിനുള്ളിലേക്ക് കയറിയത്. അപ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു. വാതിൽ അടച്ചതിനാൽ ഫയർഫോഴ്സിന്റെ സഹായം തേടി രാത്രി എട്ടോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് അമ്മയെ മകൻ കൊലപ്പെടുത്തിയതായി കണ്ടത്.
അമ്മയെ കൊലപ്പെടുത്തിയ മകനെ ഒടുവിൽ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു ക്രൂരമായി കൊല്ലപ്പെട്ടത്. മകൻ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു.
Post Your Comments