"എങ്ങനെയാണ് ഞാൻ എന്റെ ഭയം വിവരിക്കുക? പേടിച്ചിട്ട് ഹൃദയം പടാപടാന്ന്  മിടിക്കും. എപ്പോഴാണ് രക്ഷപ്പെട്ട് തുറസ്സായ സ്ഥലത്തെത്തുക എന്ന ആലോചനമാത്രമാണ് മനസ്സിലുണ്ടാകുക,", സുന്ദർബൻസിലെ ഇടതിങ്ങിയ കണ്ടൽക്കാടുകൾക്കിടയിൽ ഞണ്ടുകളെ പിടിക്കാൻ പോകുന്ന ദിവസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ഭയത്തെക്കുറിച്ച് മീൻപിടുത്തക്കാരിയും ഞണ്ടുവേട്ടക്കാരിയുമായ 41 വയസ്സുകാരി പാറുൾ ഹൽദാർ പറയുന്നു. ഞണ്ടിനെ പിടിക്കുന്ന സീസണിൽ, കണ്ടൽക്കാടുകൾ പറ്റി ഒഴുകുന്ന ചെറുനദികളിലൂടെയും അരുവികളിലൂടെയും തലങ്ങും വിലങ്ങും തോണി തുഴയുമ്പോഴും, പതിയിരിക്കുന്ന കടുവകൾ ഏതുസമയവും അക്രമിച്ചേക്കാം എന്ന ഭയത്തിൽ സദാ ജാഗരൂകയായാണ് അവർ നീങ്ങുന്നത്.

തടി കൊണ്ടുണ്ടാക്കിയ വഞ്ചി ഗോറുൽനദിയിലൂടെ തുഴയുന്നതിനിടെ, ലക്സ്ബഗാൻ ഗ്രാമത്തിലെ താമസക്കാരിയായ പാറുൾ ദൂരെ കമ്പിവേലികൾക്കപ്പുറമുള്ള മോറിജാപ്പി വനത്തിലേക്ക് പാളിനോക്കുന്നു. 24 തെക്കൻ പർഗനാസ് ജില്ലയിലെ ഗോസാബാ ബ്ളോക്കിലുള്ള, പാറുളിന്റെ ഗ്രാമത്തിന് സമീപത്തെ ഈ കാട്ടിൽവെച്ചാണ് ഏഴുവർഷം മുൻപ് അവരുടെ ഭർത്താവ്, ഇഷർ റോനോജിത്ത് ഹൽദാർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പാറുൾ വഞ്ചിയുടെ വശങ്ങളിലേയ്ക്ക് തുഴകൾ ചാരിവെക്കുന്നു. ചുട്ടുപൊള്ളുന്ന ആ വേനൽദിനത്തിൽ, പാറുളിനൊപ്പം വഞ്ചിയിൽ കൂട്ടായുള്ളത് അമ്മ 56 വയസ്സുകാരിയായ ലോഖി മോണ്ഡലാണ്. മകളെപ്പോലെ ലോഖിയും മീൻപിടുത്തക്കാരിയാണ്.

പാറുളിന് വെറും 13 വയസ്സുള്ളപ്പോഴാണ് അവർ ഇഷറിനെ വിവാഹം കഴിച്ചത്. ഇഷറിന്റെ കുടുംബം ദരിദ്രപശ്ചാത്തലത്തിൽനിന്നുള്ളവരായിരുന്നെങ്കിലും അവരൊരിക്കലും മീൻ പിടിക്കാനോ ഞണ്ടുകളെ വേട്ടയാടാനോ കാട്ടിലേക്ക് പോയിട്ടുണ്ടായിരുന്നില്ല. "ഞാനാണ് അദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിച്ച് കാട്ടിലേക്ക് കൊണ്ടുവന്നത്," അവർ ഓർക്കുന്നു. "പതിനേഴ് കൊല്ലത്തിനുശേഷം ആ കാട്ടിൽവെച്ചുതന്നെ അദ്ദേഹം കൊല്ലപ്പെട്ടു."

ഭർത്താവിന്റെ ഓർമ്മയിൽ പാറുൾ മൗനത്തിലാഴുന്നു. 45-ആം വയസ്സിലാണ് ഇഷർ മരിക്കുന്നത്. അതോടെ, നാല് പെണ്മക്കളെ വളർത്തേണ്ട ചുമതല പാറുളിനായി.

ഭാരമേറിയ തുഴകൾ വീണ്ടും ആഞ്ഞുവലിക്കവേ പാറുളും ലോഖിയും വിയർപ്പിൽ മുങ്ങി. നിലവിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുള്ള കണ്ടൽക്കാടുകൾക്ക് സമീപത്തുനിന്ന് സുരക്ഷിതമായ അകലത്തിലേയ്ക്ക് വഞ്ചി തുഴഞ്ഞുമാറ്റുകയാണ് ഇരുവരും. ഏപ്രിൽമുതൽ ജൂൺവരെയുള്ള മൂന്ന് മാസങ്ങളിൽ, മീനുകളുടെ പ്രജനനം തടസ്സം കൂടാതെ നടക്കാൻ കണ്ടൽക്കാടുകളിൽ മത്സ്യബന്ധനം നിരോധിക്കും. ആ കാലയളവിൽ, തന്റെ കുളത്തിൽനിന്ന് പിടിക്കുന്ന മത്സ്യം വിറ്റാണ് പാറുൾ ഉപജീവനം കണ്ടെത്തുന്നത്.

PHOTO • Urvashi Sarkar
PHOTO • Urvashi Sarkar

ഇടത്: ഭർത്താവ് ഇഷർ ഹൽദാറിന്റെ മരണം പാറുൾ ഹൽദാർ ഓർത്തെടുക്കുന്നു. വലത്: 2016ൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇഷർ റോനോജിത്ത് ഹൽദാറിന്റെ ചിത്രം

PHOTO • Urvashi Sarkar
PHOTO • Urvashi Sarkar

ഇടത്: കമ്പിവേലികൾക്കപ്പുറം കാണുന്നത് 24 തെക്കൻ പർഗാനാസ് ജില്ലയിലുള്ള മോറിജാപ്പി കാടുകൾ. വലത്ത്: പാറുൾ (പശ്ചാത്തലത്തിൽ) മീൻ പിടിക്കാൻ പഠിച്ചത് അവരുടെ അമ്മ ലോഖിയിൽനിന്നാണ് (മുൻവശത്ത് മഞ്ഞ സാരിയിൽ); ലോഖി അവരുടെ അച്ഛനിൽനിന്നും

"ഒരുപാട് അപകടങ്ങളുണ്ടാകുന്നുണ്ട്," ലോകത്തിൽ കടുവകളുടെ സാന്നിധ്യമുള്ള ഒരേയൊരു കണ്ടൽക്കാടായ സുന്ദർബൻസിൽ ബംഗാൾ കടുവകൾ നടത്തുന്ന ആക്രമണങ്ങളെ പരാമർശിച്ച് പാറുൾ പറയുന്നു. "ഒരുപാട് ആളുകൾ കാട്ടിൽ കയറുന്നതനുസരിച്ച് അപകടങ്ങളും കൂടുന്നുണ്ട്. വനം വകുപ്പ് അധികാരികൾ ഞങ്ങളെ കാട്ടിൽ പ്രവേശിക്കാൻ സമ്മതിക്കാത്തതിന്റെ മറ്റൊരു കാരണം അതാണ്."

കടുവയുടെ ആക്രമണംമൂലമുള്ള മരണങ്ങൾ, പ്രത്യേകിച്ചും മത്സ്യബന്ധന സീസണിൽ, സുന്ദർബൻസിൽ പുതുമയല്ല. 2018-നും 2023 ജനുവരിക്കും ഇടയിൽ സുന്ദർബൻസ് കടുവ സങ്കേതത്തിൽ 12 മരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. എന്നാൽ പ്രദേശവാസികൾ വേറെയും ആക്രമണങ്ങൾ വിവരിക്കുന്നതിൽനിന്ന്, യഥാർത്ഥ സംഖ്യ അതിലും കൂടുതലാകാനാണ് സാധ്യത എന്നാണ് മനസ്സിലാക്കാനാകുന്നത്.

സർക്കാരിന്റെ സ്റ്റാറ്റസ് ഓഫ് ടൈഗർ റിപ്പോർട്ടനുസരിച്ച്, സുന്ദർബൻസിൽ 2018-ൽ 88 കടുവകൾ ഉണ്ടായിരുന്നത് 2022-ൽ 100 ആയി ഉയർന്നു.

*****

23-ആം വയസ്സിൽ അമ്മയിൽനിന്ന് മീൻ പിടിക്കാൻ പഠിച്ചതുമുതൽ പാറുൾ മത്സ്യബന്ധനജോലി ചെയ്യുന്നു.

ലോഖി, അവരുടെ ഏഴാം വയസ്സിൽ അച്ഛനോടൊപ്പം കാട്ടിൽ പോകുന്ന കാലത്ത് മീൻ പിടിക്കാൻ തുടങ്ങിയതാണ്. അവരുടെ ഭർത്താവ്, 64 വയസ്സുകാരനായ സോൻതോഷ് മോണ്ഡലിനെ 2016-ൽ ഒരു കടുവ അക്രമിച്ചെങ്കിലും, അതിനോട് പൊരുതി രക്ഷപ്പെട്ട് അദ്ദേഹം ഒരുവിധത്തിൽ ജീവനോടെ വീട്ടിൽ തിരിച്ചെത്തി.

"കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അദ്ദേഹം കടുവയോട് പൊരുതി. പക്ഷേ ആ സംഭവത്തോടെ അദ്ദേഹത്തിന്റെ ധൈര്യം നഷ്ടപ്പെട്ട്, കാട്ടിൽ പോകാൻ കൂട്ടാക്കാതെയായി," ലോഖി പറയുന്നു. എന്നാൽ അവർ പിൻവാങ്ങിയില്ല. ഭർത്താവ് പോകാതായതോടെ, അവർ മകൾ പാറുളിനും പിന്നീട് മരണപ്പെട്ട മരുമകൻ ഇഷറിനുമൊപ്പം കാട്ടിലേക്ക് കയറാൻ തുടങ്ങി.

"വേറെ ആരുടെയുമൊപ്പം കാടിനകത്തേയ്ക്ക് കയറാൻ എനിക്ക് ധൈര്യമില്ല. പാറുളിനെയും ഞാൻ ഒറ്റയ്ക്ക് വിടാറില്ല. എനിക്ക് ജീവനുള്ളിടത്തോളം കാലം ഞാൻ അവൾക്കൊപ്പം പോകും," അവർ പറയുന്നു. "കാട്ടിൽ സ്വന്തം ചോര മാത്രമേ നിങ്ങളുടെ രക്ഷയ്ക്കുണ്ടാകൂ."

PHOTO • Urvashi Sarkar

ഞണ്ടുകളുടെ എണ്ണം കുറയുന്നതോടെ, കണ്ടൽക്കാടുകൾക്കകത്തേയ്ക്ക് കൂടുതൽ ദൂരം കടന്നുചെന്ന് ഞണ്ടുകളെ തേടാൻ പാറുളും ലോഖിയും നിർബന്ധിതരാകുന്നു

PHOTO • Urvashi Sarkar

ഗോറുൽ നദിയ്ക്ക് കുറുകെ തുഴയുന്ന പാറുളും ലോഖിയും

വാക്കുകളുടെപോലും ആവശ്യമില്ലാതെ രണ്ടു സ്ത്രീകളും ഒരേ താളത്തിൽ വഞ്ചി തുഴയുന്നു. ഞണ്ടുകളെ പിടിക്കുന്ന സീസൺ ആരംഭിക്കുന്നതോടെ, വനം വകുപ്പിൽനിന്ന് പാസ് വാങ്ങി, ഒരു ബോട്ട് വാടകയ്ക്കെടുത്താണ് അവർ കാട്ടിലേക്ക് പോകുക.

ദിവസേന 50 രൂപയാണ് പാറുൾ വാടക കൊടുക്കുന്നത്. സാധാരണ അവർക്കൊപ്പം മൂന്നാമതൊരു സ്ത്രീ കൂടിയുണ്ടാകും. മൂവരും ഒരുമിച്ച് 10 ദിവസമെങ്കിലും കാട്ടിൽ കഴിയേണ്ടതുണ്ട്. "ഞങ്ങൾ കഴിക്കുന്നതും ഉറങ്ങുന്നതും ഭക്ഷണം ഉണ്ടാക്കുന്നതുമെല്ലാം ബോട്ടിൽത്തന്നെയാണ്. ചോറും പരിപ്പും ഡ്രമ്മുകളിൽ കുടിവെള്ളവും ഒരു ചെറിയ സ്റ്റൌവും ഞങ്ങൾ  കൊണ്ടുപോകും. പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഞങ്ങൾ ബോട്ട് വിട്ടിറങ്ങാറില്ല," പാറുൾ പറയുന്നു. കടുവയുടെ ആക്രമണങ്ങൾ കൂടുന്നതാണ് പ്രധാന കാരണമെന്ന് അവർ പറയുന്നു.

"ഇപ്പോഴെല്ലാം കടുവകൾ ബോട്ടിൽ കയറി മനുഷ്യരെ കൊണ്ടുപോകാൻ തുടങ്ങിയിട്ടുണ്ട്. എന്റെ ഭർത്താവിനെപ്പോലും ബോട്ടിൽവെച്ചാണ് കടുവ ആക്രമിച്ചത്."

"ഞണ്ടു പിടിക്കാൻ പോകുന്ന പത്തുദിവസവും മഴപോലും അവഗണിച്ച് അവർ ബോട്ടിൽത്തന്നെയാണ് കഴിയുക; "ബോട്ടിന്റെ ഒരു മൂലയ്ക്ക് ഞണ്ടുകൾ ഉണ്ടാകും, മറ്റൊരു മൂലയ്ക്ക് മനുഷ്യരും, മൂന്നാമത്തെ മൂലയിൽ പാചകവും ചെയ്യും," ലോഖി കൂട്ടിച്ചേർക്കുന്നു.

PHOTO • Urvashi Sarkar

'യാതൊരു സാഹചര്യവശാലും, പ്രാഥമികാവശ്യങ്ങൾക്കുപോലും, ഞങ്ങൾ ബോട്ടിൽനിന്ന് ഇറങ്ങില്ല,' പാറുൾ പറയുന്നു

PHOTO • Urvashi Sarkar

ഞണ്ടുകളെ പിടിക്കാൻ എങ്ങനെയാണ് വല വിരിക്കേണ്ടതെന്ന് കാണിക്കുന്ന ലോഖി മോണ്ഡൽ

സ്ഥിരമായി വനത്തിൽ പോകുന്ന പുരുഷന്മാരെപ്പോലെത്തന്നെ, മത്സ്യബന്ധനത്തിന് പോകുന്ന സ്ത്രീകൾക്കും കടുവയുടെ ആക്രമണഭീഷണി അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. എന്നാൽ, മനുഷ്യ-വന്യജീവി സംഘർഷത്തിന്റ ഹോട്ട്സ്പോട്ടായി കണക്കാക്കപ്പെടുന്ന സുന്ദർബൻസിൽ ഇന്നുവരെ എത്ര സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് സംബന്ധിച്ച യാതൊരു കണക്കും ലഭ്യമല്ല.

"ഔദ്യോഗികമായ മരണകണക്കുകളിൽ കൂടുതലും ഉൾപ്പെടുന്നത് പുരുഷന്മാരാണ്. സ്ത്രീകളെയും കടുവകൾ അക്രമിക്കാറുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങൾ ഇതുവരെ ശേഖരിച്ചിട്ടില്ല. സ്ത്രീകൾ കാട്ടിലേയ്ക്ക് പോകുന്നുണ്ടെന്നത് നേരാണ്, പക്ഷേ പുരുഷൻമാരുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ കുറവാണ്," നാഷണൽ പ്ലാറ്റ്ഫോം ഫോർ സ്മാൾ സ്കെയിൽ ഫിഷ് വർക്കേഴ്സിന്റെ കൺവീനറായ പ്രൊദീപ് ചാറ്റർജി പറയുന്നു. കാട്ടിലേക്കുള്ള ദൂരം ഇക്കാര്യത്തിൽ ഒരു പ്രധാനഘടകമാണ്. കാട്ടിൽനിന്ന് ഒരുപാട് അകലെയുള്ള ഗ്രാമങ്ങളിലെ സ്ത്രീകൾ പൊതുവെ കാട്ടിൽ പ്രവേശിക്കാറില്ല. അതുപോലെ, കൂട്ടിന് വേണ്ടത്ര സ്ത്രീകൾ ഉള്ളപ്പോൾ മാത്രമേ അവർ കാടിനകത്തേയ്ക്ക് കയറാൻ തയ്യാറാകുകയുള്ളൂ.

2011-ലെ കണകക്കനുസരിച്ച്, പാറുളിന്റെയും ലോഖിയുടെയും ഗ്രാമമായ ലക്സ്ബഗാനിലെ ജനസംഖ്യ 4,504 ആണ്. ജനസംഖ്യയുടെ 48 ശതമാനം സ്ത്രീകളുള്ള ഈ ഗ്രാമത്തിലെ ഏതാണ്ട് എല്ലാ വീടുകളിൽനിന്നും സ്ത്രീകൾ 5 കിലോമീറ്റർ മാത്രം അകലെയുള്ള മോറിജാപ്പി കാടുകളിലേക്ക് പോകുന്നുണ്ട്.

അപകടസാധ്യത ഏറെയുള്ള ജോലിയാണെങ്കിലും, ഞണ്ടുകൾക്ക് ഉയർന്ന വില ലഭിക്കുന്നതാണ് പലരെയും ഇതിലേയ്ക്ക് ആകർഷിക്കുന്നത്. "മീൻ വിറ്റാൽ എനിക്ക് അധികം പണമൊന്നും കിട്ടില്ല. ഞണ്ടുകളിൽനിന്നാണ് പ്രധാനമായും വരുമാനം ലഭിക്കുന്നത്. കാട്ടിലേക്ക് പോയാൽ എനിക്ക് ദിവസേന 300-500 രൂപ സമ്പാദിക്കാനാകും," പാറുൾ പറയുന്നു. വലിയ ഞണ്ടുകൾക്ക് കിലോയ്ക്ക്  400-600 രൂപ ലഭിക്കുമ്പോൾ ചെറിയവയ്ക്ക് കിലോയ്ക്ക് 60-80 രൂപ കിട്ടും. കാടിനകത്തേയ്ക്കുള്ള ഒരു യാത്രയിൽ മൂന്ന് സ്ത്രീകളും ചേർന്ന് 20-40 കിലോ ഞണ്ടിനെവരെ പിടിക്കാറുണ്ട്.

*****

കടുവകളിൽനിന്നുള്ള ഭീഷണിക്ക് പുറമേ, സുന്ദർബൻസിലെ ഞണ്ടുപിടുത്തക്കാർ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഞണ്ടുകളുടെ എണ്ണം കുറയുന്നതാണ്. "കൂടുതൽ ആളുകൾ ഞണ്ടിനെ പിടിക്കാൻ കാടിനകത്തേയ്ക്ക് കയറുകയാണ്. നേരത്തെയെല്ലാം ഇഷ്ടംപോലെ ഞണ്ടുകളെ കാണാമായിരുന്നു. ഇപ്പോൾ ഒരുപാട് കഷ്ടപ്പെട്ടാണ് അവയെ കണ്ടുപിടിക്കുന്നത്," പാറുൾ പറയുന്നു.

ഞണ്ടുകളുടെ എണ്ണം കുറയുന്നതോടെ, കാടിനകത്തേയ്ക്ക് കൂടുതൽ ദൂരം കയറാൻ മത്സ്യത്തൊഴിലാളിസ്ത്രീകൾ നിർബന്ധിതരാകുകയും അതിനനുസരിച്ച് കടുവകളിൽനിന്നുള്ള ആക്രമണഭീഷണി കൂടുകയും ചെയ്യുന്നു.

പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾ ആവശ്യമായ മീനോ ഞണ്ടോ കിട്ടുന്നതിനായി കണ്ടൽക്കാടുകൾക്കകത്തേയ്ക്ക് ബഹുദൂരം നീങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നും അവിടെവെച്ചാണ് കടുവകളുടെ ആക്രമണം നേരിടേണ്ടിവരുന്നതെന്നും ചാറ്റർജി പറയുന്നു. "വനം വകുപ്പ് അധികാരികൾ കടുവാ സംരക്ഷണത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ മീനുകൾ ഇല്ലാതായാൽ, കടുവകളും ഇല്ലാതാകും.," ചാറ്റർജി പറയുന്നു. "പുഴകളിൽ മീനിന്റെ അളവ് വർദ്ധിച്ചാൽ, മനുഷ്യ-വന്യജീവി സംഘർഷം ഒരുപരിധിവരെ കുറയും."

പുഴയിൽനിന്ന് മടങ്ങിവന്നതിനുശേഷം  പാറുൾ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിൽ മുഴുകുന്നു. ചോറും കുളത്തിൽനിന്ന് പിടിച്ച മീൻകൊണ്ടുള്ള കറിയും പഞ്ചസാര ചേർത്ത മാങ്ങാ ചമ്മന്തിയുമാണ് വിഭവങ്ങൾ.

തനിക്ക് ഞണ്ട് കഴിക്കാൻ ഇഷ്ടമല്ലെന്ന് പാറുൾ പറയുന്നത് കേട്ട് അമ്മ ലോഖി സംഭാഷണത്തിൽ പങ്കുചേരുന്നു. "ഞാനോ എന്റെ മകളോ ഞണ്ട് കഴിക്കാറില്ല,' അവർ പറയുന്നു. അതിനുള്ള കാരണം ചോദിക്കുമ്പോൾ അവർ വ്യക്തമായ ഉത്തരം നല്കുന്നില്ലെങ്കിലും, മരുമകൻ ഇഷറിന്റെ മരണം പരാമർശിച്ച് "അപകടങ്ങൾ" എന്ന് മാത്രം പറയുന്നു.

PHOTO • Urvashi Sarkar
PHOTO • Urvashi Sarkar

24 തെക്കൻ പർഗാനാസ് ജില്ലയിലെ ലക്സ്ബഗാൻ ഗ്രാമത്തിലെ വീട്ടിൽ പാറുൾ. അവരുടെ പെൺമക്കളിൽ ആരും കാട്ടിൽ ജോലിയ്ക്ക് പോകുന്നില്ല

പാറുളിന്റെ പെൺമക്കളായ പുഷ്പിത, പാരോമിത, പാപ്പീയ, പാപ്പ്റി എന്നിവരിൽ ആരുംതന്നെ കാട്ടിൽ ജോലിയ്ക്ക് പോകുന്നില്ല. പുഷ്പിതയും പാപ്പീയയും പശ്ചിമ ബംഗാളിലെതന്നെ മറ്റ് ജില്ലകളിൽ വീട്ടുജോലി ചെയ്യുകയാണ്. പാരോമിത ബെംഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്നു. ഇളയവൾ, 13 വയസ്സുകാരിയായ പാപ്പ്റി ലക്സ്ബഗാനിന് സമീപത്തുള്ള ഒരു ഹോസ്റ്റലിൽ നിൽക്കുകയാണെങ്കിലും അവൾക്ക് പല അസുഖങ്ങളുമുണ്ട്. "പാപ്പ്റിക്ക് ടൈഫോയിഡും മലേറിയയും വന്നപ്പോൾ ചികിത്സ നടത്താൻ എനിക്ക് 13,000 രൂപ ചിലവാക്കേണ്ടിവന്നു. എല്ലാ മാസവും അവളുടെ ഹോസ്റ്റൽ ഫീസായ 2,000 രൂപയും ഞാനാണ് കൊടുക്കുന്നത്,' പാറുൾ പറയുന്നു.

പാറുളും ഇപ്പോൾ സുഖമില്ലാതെ ഇരിക്കുകയാണ്. ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നതുകൊണ്ട് ഈ വർഷം മത്സ്യബന്ധനത്തിനോ ഞണ്ടു പിടിക്കാൻ പോകാനോ അവർക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ, മകൾ പാരോമിത മിസ്ത്രിക്കൊപ്പം ബെംഗളൂരുവിലാണ് പാറുൾ താമസിക്കുന്നത്.

"കൊൽക്കത്തയിലെ ഡോക്ടർ എന്നോട് എം.ആർ.ഐ സ്കാൻ എടുക്കാൻ പറഞ്ഞു. 40,000 രൂപ വരുന്ന സ്കാൻ എടുക്കാൻ എന്റെ കയ്യിൽ പണമില്ല," പാറുൾ പറയുന്നു. അങ്ങനെയാണ് തെക്കേ ഇന്ത്യൻ നഗരമായ ബെംഗളൂരുവിലേയ്ക്ക് പോയി, അവിടെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്ന മകൾക്കും മരുമകനുമൊപ്പം താമസിക്കാൻ അവർ തീരുമാനിച്ചത്. ബെംഗളൂരുവിലെ ഡോക്ടർ പാറുളിന് ആറ് മാസത്തേയ്ക്ക് വിശ്രമവും മരുന്നും നിർദ്ദേശിച്ചിരിക്കുകയാണ്.

"സദാസമയവും, കാട്ടിൽ പോകുന്ന സമയത്ത് പ്രത്യേകിച്ചും,  അനുഭവപ്പെടുന്ന പേടി കാരണമാണ് നെഞ്ചുവേദന തുടങ്ങിയതെന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഭർത്താവിനെ കടുവ കൊന്നതാണ്, എന്റെ അച്ഛനെയും കടുവ അക്രമിച്ചിട്ടുണ്ട്. അതാണ് എനിക്ക് നെഞ്ചുവേദന വരാൻ കാരണം," അവർ പറയുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Urvashi Sarkar is an independent journalist and a 2016 PARI Fellow.

Other stories by Urvashi Sarkar
Editor : Kavitha Iyer

Kavitha Iyer has been a journalist for 20 years. She is the author of ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021).

Other stories by Kavitha Iyer
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.