മത്സ്യബന്ധനവ്യവസായത്തിൽ ഐസ് വിൽക്കുന്നവർക്ക് നിർണ്ണായകമായ സ്ഥാനമുണ്ട്. വിശേഷിച്ചും, തമിഴ് നാടിന്റെ തീരപ്രദേശമായ ഗൂഡല്ലൂരുപോലെയുള്ള തിരക്കുപിടിച്ച ഒരു മത്സ്യബന്ധന ഹാർബറിൽ. ഇവിടെ, നഗരത്തിലെ ഓൾഡ് ടൌൺ ഹാർബറിൽ വലിയ കമ്പനികൾ മത്സ്യവ്യാപാരികൾക്കും യന്ത്രബോട്ടുകൾക്കും മൊത്തമായി ഐസ് വിൽക്കുന്നുണ്ട്.

മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്കും ഐസ് വിൽക്കുന്ന കവിത സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തിരിക്കുന്നു. 800 രൂപവീതം കൊടുത്താണ് അവർ വലിയ ഐസ് കട്ടകൾ വാങ്ങുന്നത്. അത് എട്ട് ചെറിയ കഷണങ്ങളായി പിന്നെയും മുറിക്കുന്നു. ഓരോ കഷ്ണത്തിന് 100 രൂപ വിലവരും. ഐസ് മുറിക്കുക എന്നത് അദ്ധ്വാനമുള്ള പണിയാണ്. പ്രതിദിനം 600 രൂപയും രണ്ടുനേരം ഭക്ഷണവും കൊടുത്ത് ഒരു പുരുഷ തൊഴിലാളിയെ കവിത ജോലിക്കെടുത്തിട്ടുണ്ട്.

“ചെറിയ കഷണങ്ങൾ ആവശ്യമുള്ള സ്ത്രീകൾക്ക് ഞാനത് കൊണ്ടുപോയി കൊടുക്കും”, 41 വയസ്സുള്ള കവിത പറഞ്ഞു. “നല്ല അദ്ധ്വാനമുള്ള ജോലിയാണ്. പൈസ സമ്പാദിക്കണമെന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും, വലിയ കമ്പനികളുമായി നമുക്ക് മത്സരിക്കാനാവില്ല”.

2017-ലാണ് കവിത ഐസ് വിൽക്കാൻ തുടങ്ങിയത്. “എന്റെ ഭർത്തൃപിതാവായ അമൃതലിംഗത്തിന്റെ അദ്ദേഹം ചെയ്തുപോന്നിരുന്ന ഐസ് വില്പനയിൽ ഞാനും ചേർന്നു. എന്റെ ഭർത്താവിന് ആ ജോലിയിൽ താത്പര്യമുണ്ടായിരുന്നില്ല. ഭർത്തൃസഹോദരൻ വിദേശത്ത് ജോലിക്ക് പോയിരുന്നു”.

അഞ്ച് സഹോദരങ്ങളിൽ ഏറ്റവും ഇളയ ആളാണ് കവിത. അവർക്ക് 14 വയസ്സുള്ളപ്പോൾ അച്ഛൻ അസുഖബാധിതനായി. സ്വന്തം നിലയ്ക്ക് മെക്കാനിക്കൽ ജോലി പഠിച്ച് അത് ചെയ്ത് ജീവിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ആ സമയത്ത് 9-ആം ക്ലാസ്സിൽ പഠിക്കുകയായിരുന്നു കവിത. പഠനം നിർത്തി, നെൽ‌പ്പാടത്ത് കള പറിക്കലും വിതയ്ക്കലുമായി അമ്മയുടെ കൂടെ കർഷകത്തൊഴിലാളിയായി ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

കവിതയുടെ ഭർത്താവ് അൻ‌പ് രാജ് ഗൂഡല്ലൂർ ഫിഷിംഗ് ഹാർബറിലേക്ക് വണ്ടിയിൽ (ഇടത്ത്) ഐസ് കൊണ്ടുവന്ന് ഇറക്കുന്നു (വലത്ത്)

PHOTO • M. Palani Kumar
PHOTO • M. Palani Kumar

അവർ ഐസ് ബ്ലോക്കുകൾ മത്സ്യച്ചന്തയിലേക്ക് (ഇടത്ത്) കൊണ്ടുവന്ന്, പൊട്ടിക്കുന്നു (വലത്ത്)

23 വയസ്സിലാണ് ചിത്രകാരനും പെയിന്ററുമായ അൻപ്‌ രാജിനെ അവർ വിവാഹം ചെയ്തത്. 17 വയസ്സുള്ള വെങ്കിടേശൻ, 15 വയസ്സുള്ള തങ്ക മിത്ര എന്നിവരോടൊപ്പം ആ ദമ്പതികൾ, ഗൂഡല്ലൂർ ഓൽഡ് ടൌൺ ഹാർബറിലുള്ള സന്തോർപാളയം എന്ന കോളനിയിൽ താമസിക്കുന്നു

കവിതയുടെ ഭർത്തൃപിതാവ് 70 വയസ്സുള്ള അമൃതലിംഗം 20 വർഷം മുമ്പാണ് ഹാർബറിൽ ഐസ് വിൽക്കാൻ തുടങ്ങിയത്. അക്കാലത്ത് ആരും ഐസ് ചെറിയ കഷണങ്ങളാക്കി വിറ്റിരുന്നില്ല. വലിയ ഐസ് കട്ടകളായി മാത്രമേ വ്യാപാരികൾക്ക് വിറ്റിരുന്നുള്ളു. ഐസ് മൊത്തമായി വിൽക്കാനുള്ള മൂലധനമില്ലാതിരുന്ന അമൃതലിംഗം, ചെറുകിട വ്യാപാരികൾക്ക് അത് വിറ്റ് സ്വന്തമായി ഒരു നിലനിൽ‌പ്പ് കണ്ടെത്തി.

വലിയ കച്ചവടക്കാർക്ക് ഐസ് ഫാക്ടറികളും കയറ്റിറക്ക് തൊഴിലാളികളും വാഹനങ്ങളും വില്പനക്കാരുമൊക്കെയുണ്ട്”, കവിത പറഞ്ഞു. അവരുടെ കൈയ്യിലുള്ളത്, മാസം 1,000 രൂപ വാടകയ്ക്കെടുത്തിട്ടുള്ള 20 ചതുരശ്രയടി വലിപ്പമുള്ള ഒരു കട മാത്രമാണ്. അവിടെയാണ് ഐസ് കൊണ്ടുവന്ന് മുറിച്ച് ചെറിയ കഷണങ്ങളാക്കി വിൽക്കുന്നത്.

വലിയ ഐസ് വ്യാപാരികളുമായി നന്നായി മത്സരിക്കേണ്ടിവരും. എന്നാലും എനിക്കും നിലനിൽക്കണ്ടേ? കവിത ചോദിക്കുന്നു.

മത്സ്യങ്ങളുടെ സംസ്കരണം, സൂക്ഷിക്കൽ, വിതരണം, വില്പന തുടങ്ങി എല്ലാ ഘട്ടത്തിലും ഐസ് ആവശ്യമായി വരാറുണ്ട്. സെൻ‌‌ട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂറ്റ് പുറത്തിറക്കിയ മറൈൻ ഫിഷറീസ് സെൻസസ് 2016 പ്രകാരം, മത്സ്യബന്ധന മേഖലയിലെ തൊഴിലുകളിൽ, മത്സ്യത്തിന്റെ വില്പനയും, വല നിർമ്മാണവും കേടുപാടുകൾ തീർക്കലും, സംസ്കരിക്കലും തൊലി പൊളിക്കലുമൊക്കെ ഉൾപ്പെടുന്നു. ജോലിക്കാരെ, “തൊഴിലാളികൽ’, എന്നും ‘മറ്റുള്ളവർ’ എന്നും തരം തിരിച്ചിട്ടുണ്ട്. ലേലം വിളിക്കുന്നവരും, ഐസ് പൊട്ടിക്കുന്നവരും, കക്ക, പുറന്തോടുകൾ, കടൽ‌സസ്യങ്ങൾ, അലങ്കാരമത്സ്യങ്ങൾ എന്നിവ ശേഖരിക്കുന്നവരുമൊക്കെ രണ്ടാമത്തെ വിഭാഗത്തിൽ‌പ്പെടുന്നവരാണ്.

തമിഴ് നാട്ടിൽ , 2,700 സ്ത്രീകളും, 2,221 പുരുഷന്മാരും ‘മറ്റുള്ളവർ’ എന്ന വിഭാഗത്തിൽ‌പ്പെടുമ്പോൾ, ഗൂഡല്ലൂർ ജില്ലയിൽ അത് യഥാക്രം 404-ഉം 35-ഉം ആണ്. ഇവരിൽ നാലിൽ മൂന്ന് ഭാഗവും, ഗൂഡല്ലൂർ ഓൾഡ് ടൌൺ ഹാർബറിനടുത്തുള്ള ഗ്രാമങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഐസുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ അത് ഇറക്കുകയും, പൊട്ടിക്കുകയും മത്സ്യത്തോടൊപ്പം പെട്ടികളിൽ ഐസ് നിറയ്ക്കുകയും അത് വാഹനത്തിൽ കയറ്റുകയുമൊക്കെ ചെയ്യുന്നവരാണ്.

സമീപത്തെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ് നാട് ലിമിറ്റഡിന്റെ (സിപ്കോട്ട്) ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള രണ്ട് കമ്പനികളിൽനിന്നാന് കവിത ഐസ് വാങ്ങുന്നത്. അവർ അത് ചെറുകിട കച്ചവടക്കാർക്കും ചുമടിറക്കുകാർക്കും നൽകുന്നു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: യന്ത്രമുപയോഗിച്ചാണ് അവർ ഐസ് പൊട്ടിക്കുന്നത്. പൊട്ടിച്ച ഐസ് ബാഗുകളിലാക്കി അവർ വിൽക്കുന്നു. വലത്ത്: പാലത്തിന്റെ കീഴിലുള്ള കച്ചവടക്കാർക്കുവേണ്ടി കവിതയും അൻപ് രാജും ഐസ് കൊണ്ടുവരുന്നു

മെലിഞ്ഞ് പൊക്കമുള്ള കവിതയുടെ രൂപത്തിൽനിന്ന് അവരുടെ ശാരീരികാദ്ധ്വാനം ഊഹിക്കാനാവില്ല. “ഞങ്ങളുടെ കടയിൽനിന്ന് പാലത്തിന്റെ താഴെ മത്സ്യം വിൽക്കുന്നവരുടെയടുത്തേക്ക് തലച്ചുമടായി ഐസ് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കടയിൽനിന്ന് ഐസ് ബ്ലോക്ക് വാടകയെക്കെടുത്ത മോട്ടോർസൈക്കിളിൽ കൊണ്ടുപോകാൻ ഓരോ ട്രിപ്പിനും 100 രൂപ കൊടുക്കണം. ഐസ് പൊട്ടിക്കുന്ന യന്ത്രത്തിൽ ഒഴിക്കാനുള്ള ഡീസലിനും ദിവസത്തിൽ 200 രൂപ കവിതയ്ക്ക് ചിലവുണ്ട്.

കച്ചവടം നടത്തിക്കൊണ്ടുപോവുക ബുദ്ധിമുട്ടാണ്. 210 ബ്ലോക്ക് ഐസാണ് 21,000 രൂപയ്ക്ക് കവിത വാങ്ങുന്നത്. ആഴ്ചയിൽ കൊടുക്കേണ്ട കൂലി, ഇന്ധനം, മുറി വാടക, വണ്ടിവാടക എന്നിവയെല്ലാം ചേർക്കുമ്പോൾ 26,000 രൂപവരെയാവും ചിലവ്. വരുമാനമാകട്ടെ, 29,000-നും 31,500 രൂപയ്ക്കുമിടയിലാണ്. ആഴ്ചയിൽ 3,000 മുതൽ 3,500 രൂപവരെയാണ് ലാഭം കിട്ടുക. അതൊരു വലിയ സംഖ്യയാണെന്ന് തോന്നുമെങ്കിലും, ഈ ലാഭം, കവിതയുടേയും അൻപ് രാജിന്റേയും കൂട്ടായ വരുമാനമാണെന്ന് ഓർക്കണം.

മുക്കുവസ്ത്രീയല്ലാത്തതിനാൽ, ഫിഷർവുമൺസ് കോ‌ഓപ്പറേറ്റീവ് സൊസൈറ്റികളിലെ അംഗത്വത്തിന് അവർക്ക് അർഹതയില്ല. ഉണ്ടായിരുന്നെങ്കിൽ സർക്കാരിന്റെ ക്ഷേമപദ്ധതികൾ അവർക്ക് പ്രാപ്യമാകുമായിരുന്നു. രേഖകളിൽ , ഏറ്റവും പിന്നാക്കജാതി (എം.ബി.സി.- മോസ്റ്റ് ബാൿ‌വേഡ് കാസ്റ്റ്) വിഭാഗത്തിൽ‌പ്പെട്ട വണ്ണിയാർ സമുദായക്കാരിയായതിനാൽ, മത്സ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജാതിയിൽ അവരെ കണക്കാക്കിയിട്ടില്ല .

മത്സ്യബന്ധന മേഖലയുടെ അതിരുകളിലെ ജോലികൾ ചെയ്യുന്നതിനാൽ കവിതയെപ്പോലുള്ളവരെ, നയരേഖകളിൽ അവ്യക്തമായി മാത്രമേ പരാമർശിക്കുന്നുള്ളു. ഉദാഹരണത്തിന്, 2007-ലെ മത്സ്യബന്ധനത്തിലും ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഉൾപ്പെട്ട തമിഴ് നാട്ടിലെ മുക്കുവരും തൊഴിലാളികളും (സാമൂഹിക സുരക്ഷയും ക്ഷേമവും) നിയമത്തിൽ കവിതയുടെ ജോലിയെ അടയാളപ്പെടുത്തിയിരിക്കുന്നത്, ‘കടപ്പുറ തൊഴിലാളി’ (ബീച്ച് വർക്കർ) എന്നാണ്. അതായത്, ഐസ് ഇറക്കുകയും പൊട്ടിക്കുകയും പെട്ടികളിൽ മത്സ്യത്തോടൊപ്പം പാക്ക് ചെയ്യുകയും കൊണ്ടുപോകുന്നതിനായി വണ്ടികളിൽ കയറ്റുകയും ചെയ്യുന്ന തൊഴിലാളി. അത്തരമൊരു അടയാളപ്പെടുത്തലുകൊണ്ട് അവർക്ക് സർക്കാരിൽനിന്നും അർഹതപ്പെട്ട യാതൊന്നും നേടാനാവില്ല.

*****

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: കവിത, ഭർത്തൃമാതാവ് സീത, അൻപ് രാജ് എന്നിവർ രാവിലെ ഉപഭോക്താക്കളെ കാത്ത് ഇരിക്കുന്നു. വലത്ത്: വൈദ്യുതിയില്ലാത്തപ്പോൾ ഐസ് ക്യൂബുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ്

കവിതയുടെയും ഭർത്താവ് 42 വയസ്സുള്ള അൻപ് രാജിന്റെയും ദിവസം അതിരാവിലെ 3 മണിക്ക് ഹാർബറിൽ പോകുന്നതോടെ ആരംഭിക്കും. ഏറ്റവും കൂടുതൽ വില്പന നടക്കുന്ന സമയമാണ് 3 മുതൽ 6 വരെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് മത്സ്യം വാങ്ങാൻ വ്യാപാരികൾ എത്തുന്നത് അപ്പോഴാണ്. മിക്ക മുക്കുവരും അവർ പിടിച്ച മീനുകൾ ഈ സമയത്ത് ഇറക്കിവെക്കും. അത് സൂക്ഷിച്ചുവെക്കാൻ ഐസ് ആവശ്യമാന്.

6 മണിക്ക് കവിതയുടെ ഭർത്തൃമാതാവ് 65 വയസ്സുള്ള സീത കവിതയുടെ സ്ഥാനം ഏറ്റെടുക്കും. കവിത വീട്ടിൽ പോയി കുട്ടികൾ സ്കൂളിൽ പോകുന്നതിനുമുൻപ് ഭക്ഷണം പാചകം ചെയ്യും. 10 മണിക്ക് കവിത ഹാർബറിൽ തിരിച്ചെത്തി ഐസ് വിൽക്കാൻ തുടങ്ങും. ഹാർബറിലെ കടയ്ക്കും വീടിനുമിടയിൽ യാത്ര ചെയ്യാൻ കവിത സ്കൂട്ടറാണ് ഉപയോഗിക്കുന്നത്. അഞ്ച് മിനിറ്റ് ദൂരമേയുള്ളു അവയ്ക്കിടയിൽ. പക്ഷേ ഹാർബറിൽ കക്കൂസോ, കഴുകാനുള്ള സൌകര്യമോ ഒന്നുമില്ല. അതൊരു വലിയ പ്രശ്നമാണ്.

കുടുംബത്തിൽ പ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ സീതയ്ക്ക് പങ്കുണ്ട്. “ഐസ് പൊട്ടിക്കാനുള്ള യന്ത്രം വാങ്ങാൻ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 50,000 രൂപ കടമെടുത്തത് അവരാണ്”, കവിത പറയുന്നു.

“കടത്തിന്റെ പലിശ എത്രയാണെന്നോ ഒന്നും എനിക്കറിയില്ല. (ഭർത്താവിന്റെ) അമ്മയാണ്  അതൊക്കെ നോക്കുന്നത്. എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നത് അവരാണ്”, കവിത സൂചിപ്പിച്ചു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: കവിത (നീലസ്സാരിയിൽ) ചിലപ്പോൾ ചന്തയിൽനിന്ന് മീൻ വാങ്ങാറുണ്ട്. വീട്ടിലെ പാചകത്തിന്. വലത്ത്: ഗൂഡല്ലൂർ മീൻ‌ചന്തയിൽ അതിരാവിലെ നല്ല തിരക്കുണ്ടാവും

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: വീട്ടുപണികൾ ചെയ്യാൻ സൈക്കിളിൽ വീട്ടിലേക്ക് പോകുന്ന കവിത. വലത്ത്: കവിതയ്ക്കും സീതയ്ക്കും നായ്ക്കളെ ഇഷ്ടമാണ്. ഈ ചിത്രത്തിൽ അവർ നായയോട് സംസാരിക്കുന്നത് കാണാം

എന്നാൽ കച്ചവടത്തിൽ കവിതയ്ക്ക് നല്ല സാമർത്ഥ്യമുണ്ട്. കടം കൊടുക്കുമ്പോൾ അവരത് കൃത്യമായി എഴുതിവെക്കുന്നു. ഐസ് വാങ്ങിയതിന്റേയും വിറ്റതിന്റേയും കണക്കുകളും അവർ സൂക്ഷിക്കുന്നു. എന്നാൽ വരുമാനമൊക്കെ അമ്മായിയമ്മയെ ഏൽ‌പ്പിക്കേണ്ടതുണ്ട് അവർക്ക്.

തന്റെ എല്ലാ ആവശ്യങ്ങളും നിവർത്തിച്ചുതരുന്നതുകൊണ്ട് അവർക്ക് അതിൽ പരാതി പറയാൻ ആഗ്രഹമില്ല. “ചിലവിന്റെ നിയന്ത്രണം എന്റെ കൈയ്യിലല്ലെങ്കിലും, സ്വന്തമായി വരുമാനമുള്ളതുകൊണ്ട് വീട്ടിൽ എനിക്ക് ബഹുമാനം കിട്ടുന്നു”, അവർ പറഞ്ഞു. ഹാർബറിൽനിന്ന് 2 കിലോമീറ്റർ ദൂരെ മൂന്ന് മുറികളുള്ള വീട്ടിലാണ് അവരുടെ താമസം.

“നല്ല ഇഴയടുപ്പമുള്ള കുടുംബമാണ് ഞങ്ങളുടേത്. എല്ലാവരും പരസ്പരം സഹായിക്കുന്നു”, അവർ വിശദീകരിച്ചു. കുട്ടികളുടെ സ്കൂൾ ഫീസ് കൊടുക്കുന്നത് ഭർത്തൃസഹോദരനായ അരുൾ രാജാണ്. മെക്കാനിക്കൽ എൻ‌ജിനീയറിംഗ് പഠിച്ചതിനുശേഷം സിംഗപ്പൂരിൽ ജോലി ചെയ്യുകയാണ് അരുൾ രാജ്.

ഭർത്തൃമാതാവിനും മറ്റുള്ളവർക്കും പ്രായാധിക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നതിനാൽ, കുടുംബത്തിലെ കവിതയുടെ ഉത്തരവാദിത്തങ്ങൾ കൂടുകയാണ്. അതോടൊപ്പം ഐസ് കച്ചവടത്തിലും അവർക്ക് ശ്രദ്ധ ചെലുത്തേണ്ടിവരുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Nitya Rao

Nitya Rao is Professor, Gender and Development, University of East Anglia, Norwich, UK. She has worked extensively as a researcher, teacher and advocate in the field of women’s rights, employment and education for over three decades.

Other stories by Nitya Rao
Photographs : M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India and a 2019 PARI Fellow. He documents the lives of marginalised and caste-oppressed people. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary by filmmaker Divya Bharathi exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Editor : Urvashi Sarkar

Urvashi Sarkar is an independent journalist and a 2016 PARI Fellow.

Other stories by Urvashi Sarkar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat