65 വയസ്സുകാരനായ നാരായൺ ദേശായിയുടെ കണ്ടുപിടുത്തത്തെ പണച്ചിലവില്ലാത്ത, നൂതനമായ ഒരു ആശയത്തിന്റെ ഉദാഹരണമെന്ന് വിളിക്കാൻ തോന്നുക സ്വാഭാവികമാണ്. എന്നാൽ അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത് തന്റെ കലയുടെ "മരണം" എന്നാണ്. ദേശായ് ഉണ്ടാക്കുന്ന ഷെഹ്‌നായികളുടെ ഘടനയിലും ഘടകങ്ങളിലും സമീപകാലത്ത് കൊണ്ടുവരേണ്ടി വന്ന മാറ്റങ്ങളെയാണ് അദ്ദേഹം ഇത്തരത്തിൽ വിവരിക്കുന്നത്. വിപണിയിലെ യാഥാർഥ്യങ്ങളും തന്റെ കലയുടെ അസ്തിത്വത്തിന് തന്നെ ഉയർന്ന ഭീഷണിയുമാണ് ദേശായിയെ ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചത്.

വിവാഹങ്ങളിലും ഉത്സവങ്ങളിലും പ്രാദേശിക പരിപാടികളിലും വായിക്കുന്ന ജനപ്രിയ സുഷിര വാദ്യമാണ് ഷെഹ്‌നായ്.

രണ്ടു വർഷം മുൻപ് വരെ, ദേശായ് നിർമ്മിക്കുന്ന എല്ലാ ഷെഹ്‌നായികളുടെയും അകലെയുള്ള അറ്റത്ത് ഒരു പിത്തലി (പിച്ചള) ബെൽ ഉണ്ടാകുമായിരുന്നു. കൈ കൊണ്ട് നിർമ്മിക്കുന്ന പരമ്പരാഗത മാതൃകയിലുള്ള ഷെഹ്‌നായികളിൽ, മറാത്തിയിൽ വാതി എന്ന് അറിയപ്പെടുന്ന, ഈ പരന്ന ബെല്ലാണ് ഉപകരണത്തിന്റെ മരം കൊണ്ടുണ്ടാക്കിയ ഭാഗത്ത് നിന്ന് പുറപ്പെടുവിക്കുന്ന ശബ്ദത്തെ മനോഹരമാക്കുന്നത്. നാരായണിന്റെ പ്രതാപകാലമായിരുന്ന 1970-കളിൽ, കർണ്ണാടകയിലെ ബെൽഗാവി ജില്ലയിലുള്ള ചിക്കോടി പട്ടണത്തിൽ നിന്ന് ലഭിക്കുന്ന ഈ ബെല്ലുകൾ ഒരു ഡസനോളം അദ്ദേഹം സ്റ്റോക്ക് ചെയ്യുമായിരുന്നു.

അരനൂറ്റാണ്ടിലധികമെടുത്താണ് നാരായൺ ദേശായ് ഷെഹ്‌നായി നിർമ്മിക്കുന്നതിൽ തന്റേതായ ഒരു രീതി രൂപപ്പെടുത്തിയെടുത്തത്. എന്നാൽ ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, ആ പ്രക്രിയയിൽ മാറ്റം വരുത്താൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത് രണ്ടു ഘടകങ്ങളാണ്: പിച്ചള ബെല്ലിന്റെ ഉയരുന്ന വിലയും നല്ല ഒരു ഷെഹ്‌നായ് നിർമ്മിക്കാൻ ആവശ്യമായ തുക മുടക്കുന്നതിൽ ആളുകൾ കാണിക്കുന്ന മടിയും.

" 300-400 രൂപയ്ക്ക് ഷെഹ്‌നായ് കൊടുക്കണമെന്നാണ് ആളുകൾ എന്നോട് ആവശ്യപ്പെടുന്നത്," അദ്ദേഹം പറയുന്നു. നിലവിൽ, പിച്ചള ബെല്ല് വാങ്ങാൻ മാത്രം 500 രൂപയാകും എന്നിരിക്കെ ഈ ആവശ്യം സാധിച്ചു കൊടുക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ നിരവധി ഓർഡറുകൾ നഷ്ടമായപ്പോൾ, നാരായൺ ഒടുവിൽ ഒരു പോംവഴി കണ്ടെത്തി. "ഗ്രാമത്തിലെ മേളയിൽ നിന്ന് ഞാൻ ഒരു പ്ലാസ്റ്റിക് കുഴൽ (കൊമ്പുവാദ്യത്തിന്റെ മാതൃകയിൽ ഉള്ളത്) വാങ്ങിക്കുകയും അതിന്റെ അറ്റം'(പരന്ന ബെല്ലുകളുടെ ആകൃതിയിലുള്ളത്) മുറിച്ചെടുത്ത്, അവ (ബെല്ലിന്റെ ആകൃതിയിലുള്ള പ്ലാസ്റ്റിക് ഭാഗങ്ങൾ) പിച്ചള ബെല്ലുകൾക്ക് പകരം ഷെഹ്‌നായിയിൽ ഘടിപ്പിക്കുകയും ചെയ്തു."

"ഇങ്ങനെ ചെയ്യുന്നത് ഷെഹ്‌നായിയുടെ ശബ്ദത്തെ ബാധിക്കുമെങ്കിലും ഇന്നിപ്പോൾ ആളുകൾ അത്രയേ (ഗുണനിലവാരം) ആവശ്യപ്പെടുന്നുള്ളൂ," അദ്ദേഹം ദുഖത്തോടെ പറയുന്നു. അതേസമയം, ഇതേപ്പറ്റി കൂടുതൽ ഗ്രാഹ്യമുള്ളവർ ഷെഹ്‌നായ് വാങ്ങാനെത്തുമ്പോൾ, അവർക്ക് പ്രത്യേകം വാതി കൊടുക്കുന്നത് അദ്ദേഹം തുടരുന്നുമുണ്ട്. തന്റെ കലയിൽ മായം ചേർത്തുന്നുവെന്നുള്ള മനസ്താപം ഒഴിച്ചാൽ, വാതിയുടെ പ്ലാസ്റ്റിക് ബദൽ വാങ്ങാൻ ദേശായിക്ക് ആകെ ചിലവാകുന്നത് 10 രൂപയാണ്.

PHOTO • Sanket Jain
PHOTO • Sanket Jain

നാരായൺ പ്ലാസ്റ്റിക് കുഴൽ (ഇടത്) എടുത്തു കാണിക്കുന്നു. ഷെഹ്‌നായിയുടെ അറ്റത്ത് ഘടിപ്പിക്കേണ്ട പിച്ചള ബെല്ലിന്(വലത്) പകരം ഇതാണ് നാരായൺ ഇപ്പോൾ ഉപയോഗിക്കുന്നത്

എന്നാൽ, താൻ ഇത്തരമൊരു പോംവഴി കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ, ഷെഹ്‌നായ് നിർമ്മിക്കുന്ന കല മാനകാപൂർ ഗ്രാമത്തിൽ അന്യം നിന്ന് പോകുമായിരുന്നുവെന്ന് അദ്ദേഹം അംഗീകരിക്കുന്നു. വടക്കൻ കർണ്ണാടകയിൽ മഹാരാഷ്ട്രാ അതിർത്തിയോട് ചേർന്നു കിടക്കുന്ന, 2011-ലെ കണക്കെടുപ്പ് അനുസരിച്ച് 8346 പേർ താമസിക്കുന്ന ഗ്രാമമാണ് മാനകാപൂർ.

ദേശായിക്ക് ഓർമ്മ വച്ച നാൾ മുതൽ, ബെലഗാവിയിലെ ഗ്രാമങ്ങളിലും സമീപത്തുള്ള മഹാരാഷ്ട്രയിലും വിവാഹങ്ങൾ, ഗുസ്തി മത്സരങ്ങൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ ഷെഹ്‌നായ് വായിക്കുന്ന പതിവുണ്ട്. "ഇന്നും കുഷ്തി (കളിമണ്ണിൽ നടത്തുന്ന ഗുസ്തി) മത്സര വേദികളിൽ ഞങ്ങളെ (ഷെഹനായി വായിയ്ക്കാൻ) ക്ഷണിക്കാറുണ്ട്," അദ്ദേഹം അഭിമാനത്തോടെ പറയുന്നു. "ആ ആചാരത്തിന് ഇന്നും മാറ്റം വന്നിട്ടില്ല. ഷെഹ്‌നായ് കലാകാരൻ ഇല്ലെങ്കിൽ ഒരു മത്സരം ആരംഭിക്കുകയില്ല."

60-കളുടെ അവസാനത്തിലും 70-കളുടെ തുടക്കത്തിലും, ദേശായിയുടെ അച്ഛൻ തുക്കാറാമിന് വിദൂര ദേശക്കാരിൽ നിന്നടക്കം, മാസത്തിൽ പതിനഞ്ചിലേറെ ഷെഹ്‌നായികൾ നിർമ്മിക്കാനുള്ള ഓർഡർ ലഭിക്കുമായിരുന്നു; 50 വർഷങ്ങൾക്കിപ്പുറം, നാരായണിന് മാസത്തിൽ കഷ്ടി 2 ഓർഡർ കിട്ടിയാലായി. "ഇന്ന് വിപണിയിൽ പകുതി വിലയ്ക്ക് ഗുണമില്ലാത്ത ബദലുകൾ ലഭ്യമാണ്,' അദ്ദേഹം പറയുന്നു.

പുതുതലമുറയ്ക്ക് ഷെഹ്‌നായിയിൽ താല്പര്യം ക്ഷയിക്കുന്നതും-ഓർക്കെസ്ട്രകളും സംഗീത ബാൻഡുകളും ഇലക്ട്രോണിക് സംഗീതവുമാണ് അതിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു-ആവശ്യക്കാർ കുറയുന്നതിന് കാരണമായിട്ടുണ്ട്. ദേശായിയുടെ തന്നെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇടയിൽ, അദ്ദേഹത്തിന്റെ സഹോദരപുത്രൻ, 27 വയസ്സുകാരനായ അർജുൻ ജാവിർ മാത്രമാണ് മാനകാപൂരിൽ ഷെഹ്‌നായി കലാകാരനായിട്ടുള്ളത്. അതുപോലെ, മാനകാപൂരിൽ ഷെഹ്‌നായിയും ബാംസുരിയും(ഓടക്കുഴൽ) കൈ കൊണ്ട് നിർമ്മിക്കാൻ അറിയുന്ന ഒരേയൊരു കരകൗശല വിദഗ്ധൻ നാരായണാണ്.

*****

നാരായൺ ഒരിക്കൽ പോലും സ്കൂളിൽ പോയിട്ടില്ല. ഷെഹ്‌നായ് നിർമ്മാണത്തിൽ അദ്ദേഹത്തിന്റെ പരിശീലനം ആരംഭിക്കുന്നത് അച്ഛനും മുത്തച്ഛൻ ദത്തുബായ്ക്കുമൊപ്പം ഗ്രാമമേളകളിൽ പങ്കെടുത്തിരുന്ന സമയത്താണ്. അക്കാലത്ത്, ബെലഗാവി ജില്ലയിലെ മികച്ച ഷെഹ്‌നായി വാദകരിൽ ഒരാളായിരുന്നു ദത്തുബാ. "അവർ ഷെഹ്‌നായി വായിക്കും, ഞാൻ നൃത്തം ചെയ്യും," 12 വയസ്സുള്ളപ്പോൾ കുടുംബത്തൊഴിൽ ചെയ്തു തുടങ്ങിയതിനെക്കുറിച്ച് ദേശായ് പറയുന്നു. "കുട്ടിയായിരിക്കുമ്പോൾ ഒരു സംഗീതോപകരണം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാൻ അതിൽ തൊട്ടുനോക്കണമെന്ന് തോന്നുമല്ലോ. എനിക്കും അതേ ആകാംക്ഷയായിരുന്നു," അദ്ദേഹം പറയുന്നു. ഷെഹ്‌നായിയും ഓടക്കുഴലും വായിക്കാനും അദ്ദേഹം സ്വയം പഠിച്ചെടുക്കുകയായിരുന്നു. "ഈ ഉപകരണങ്ങൾ വായിക്കാൻ അറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അവ ഉണ്ടാക്കുക?" ഒരു ചിരിയോടെ അദ്ദേഹം ചോദ്യമുയർത്തുന്നു.

PHOTO • Sanket Jain

ഷെഹ്‌നായ് ഉണ്ടാക്കാൻ നാരായൺ ഉപയോഗിക്കുന്ന ചില ഉപകരണങ്ങൾ

PHOTO • Sanket Jain

നാരായൺ, താൻ ഉണ്ടാക്കിയ ജിബാലി (റീഡ്) ശരിയായ ശബ്ദമാണോ പുറപ്പെടുവിക്കുന്നതെന്ന് പരിശോധിക്കുന്നു

നാരായണിന് 18 വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ അച്ഛൻ തന്റെ കലയും പൈതൃകവും മകന് കൈമാറി യാത്രയായി. ഇതിനു ശേഷം, നാരായൺ തന്റെ ഭാര്യാപിതാവും മാനകാപൂരിലെ മറ്റൊരു വിദഗ്ധ ഷെഹ്‌നായ്, ഓടക്കുഴൽ നിർമ്മാതാവുമായ, പരേതനായ ആനന്ദ കെങാറിന്റെ ശിക്ഷണത്തിലാണ് തന്റെ കഴിവുകൾ മിനുക്കിയെടുത്തത്.

നാരായണിന്റെ കുടുംബം ഹോളാർ സമുദായക്കാരാണ്. പട്ടികജാതിയായി പരിഗണിക്കപ്പെടുന്ന ഹോളാറുകൾ പരമ്പരാഗതമായി ഷെഹ്‌നായിയും ദാഫ്ദയും(ഡമരു) വായിക്കുന്നതിൽ പ്രസിദ്ധരായ കലാകാരന്മാരാണ്; ദേശായ് കുടുംബത്തെ പോലുള്ള ചുരുക്കം ചില സമുദായാംഗങ്ങൾ സംഗീതോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു. എന്നാൽ ഈ കലാവൈഭവം പൂർണ്ണമായും പുരുഷന്മാരുടെ കുത്തകയാണ്. "തുടക്കം മുതൽക്കേ, ഞങ്ങളുടെ ഗ്രാമത്തിലെ പുരുഷൻമാർ മാത്രമാണ് ഷെഹ്‌നായ് നിർമ്മാണത്തിൽ ഏർപ്പെടാറുള്ളത്," നാരായൺ പറയുന്നു. അദ്ദേഹത്തിന്റെ അമ്മ, പരേതയായ താരാബായ്, കാർഷിക തൊഴിലാളിയായിരുന്നു. വർഷത്തിൽ ആറു മാസം, കുടുംബത്തിലെ പുരുഷന്മാർ വിവാഹങ്ങളിലും ഗുസ്തി മത്സരങ്ങളിലും ഷെഹ്‌നായ് വായിക്കാൻ യാത്ര ചെയ്യുമ്പോൾ, വീട്ടുകാര്യങ്ങൾ മുഴുവൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്തിരുന്നത് അവരാണ്.

തന്റെ പ്രതാപകാലത്ത്, ഒരു വർഷം 50 വ്യത്യസ്ത ഗ്രാമജത്രകളിൽ താൻ സൈക്കിളിൽ സഞ്ചരിച്ചെത്തി പങ്കെടുക്കുമായിരുന്നെന്ന് നാരായൺ ഓർത്തെടുക്കുന്നു. 'ഞാൻ തെക്കോട്ട് യാത്ര ചെയ്ത് ഗോവയിലും ബെലഗാവിയിലെ ഗ്രാമങ്ങളിലും(കർണ്ണാടകയിൽ) സാംഗ്ലി-കൊൽഹാപൂർ പ്രദേശങ്ങളിലും(മഹാരാഷ്ട്രയിൽ) പോകുമായിരുന്നു,"അദ്ദേഹം പറയുന്നു.

ഷെഹ്‌നായികൾക്ക് ആവശ്യക്കാർ കുറവാണെങ്കിലും, നാരായൺ ഇപ്പോഴും തന്റെ ഒറ്റമുറി വീടിനോട് ചേർന്ന  8X 8 വർക്ക്ഷോപ്പിൽ അനേകം മണിക്കൂറുകൾ ചിലവിടാറുണ്ട്. സാഗ്‌വാൻ (തേക്ക്), ഖൈർ (അക്കേഷ്യ കാറ്റചു), ദേവദാരു പോലെയുള്ള തടികളുടെ ഗന്ധം തങ്ങിനിൽക്കുന്ന അന്തരീക്ഷമാണവിടെ. "ഈ സ്ഥലം എന്റെ കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്നതിനാൽ ഇവിടെ ഇരിക്കാൻ എനിക്ക് ഇഷ്ടമാണ്," അദ്ദേഹം പറയുന്നു. ദുർഗയുടെയും ഹനുമാന്റെയും ദശാബ്ദങ്ങൾ പഴക്കമുള്ള പോസ്റ്ററുകൾ കരിമ്പും ശാലുവിന്റെ (ജോവാർ) വൈക്കോലും വച്ചുണ്ടാക്കിയ ചുവരുകൾ അലങ്കരിക്കുന്നു. വർക്ക് ഷോപ്പിന്റെ ഒത്ത നടുക്കുള്ള ഒരു അത്തിമരം ടിന്നിന്റെ മേൽക്കൂരയിലൂടെ പുറത്തേയ്ക്ക് വളരുന്നു.

ഇവിടെ വച്ചാണ് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങൾ കൊണ്ട് നാരായൺ  30000-തിലേറെ മണിക്കൂറുകൾ ചിലവിട്ട് തന്റെ കരവിരുത് മിനുക്കിയെടുക്കുകയും 5000-ത്തിലേറെ ഷെഹ്‌നായികൾ കൈകൊണ്ട് നിർമ്മിക്കുകയും ചെയ്തത്. തുടക്കകാലത്ത്, അദ്ദേഹത്തിന് ഒരു ഷെഹ്‌നായ് നിർമ്മിക്കാൻ ആറ് മണിക്കൂറെടുത്തിരുന്നെങ്കിൽ, ഇന്ന് വെറും നാല് മണിക്കൂർ കൊണ്ട് അദ്ദേഹത്തിന് അത് പൂർത്തിയാക്കാനാകും. ഷെഹ്‌നായ് രൂപപ്പെടുത്തുന്ന പ്രക്രിയയുടെ ഓരോ ചെറിയ വിശദാംശവും അദ്ദേഹത്തിന്റെ മനസ്സിനും കൈകൾക്കും കാണാപ്പാഠമാണ്. 'എനിക്ക് ഉറക്കത്തിൽ പോലും ഷെഹ്‌നായ് ഉണ്ടാക്കാൻ സാധിക്കും," നിർമ്മാണപ്രക്രിയ തത്സമയം വിവരിക്കാൻ തുടങ്ങവേ അദ്ദേഹം പറയുന്നു.

PHOTO • Sanket Jain

അസംസ്കൃത വസ്തുക്കളെല്ലാം ശേഖരിച്ചതിനു ശേഷം, സാഗ്‌വാൻ (തേക്ക്) തടി ഒരു ആരി (ഈർച്ചവാൾ) കൊണ്ട് മുറിക്കുകയാണ് ആദ്യപടി

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: തടി മുറിച്ചെടുത്തതിന് ശേഷം, നാരായൺ അതിന്റെ പ്രതലം ചെത്തി, കോണാകൃതിയിലുള്ള കുഴലിന്റെ രൂപത്തിലാക്കുന്നു. വലത്: നാരായൺ ചില്ലിന്റെ ഒരു ചീള് ഉപയോഗിച്ച് തടിയ്ക്ക് ആവശ്യമുള്ള മിനുസം കിട്ടുന്നത് വരെ ചെത്തുന്നു

ആദ്യപടിയായി, അദ്ദേഹം ഒരു സാഗ്‌വാൻ മുട്ടി (തേക്ക് മുട്ടി) എടുത്ത് ഒരു ആരി (ഈർച്ചവാൾ) ഉപയോഗിച്ച് ചെത്തുന്നു. നേരത്തെയെല്ലാം, ഷെഹ്‌നായിക്ക് മെച്ചപ്പെട്ട നാദമേകുന്ന, ഗുണനിലവാരമുള്ള ഖൈർ, ചന്ദനം, ശീഷം എന്നീ മരങ്ങളുടെ തടിയാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. "മൂന്ന് ദശാബ്ദം മുൻപ്, മാനകാപൂരിലും സമീപ ഗ്രാമങ്ങളിലും ഇത്തരം മരങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അവ കിട്ടുന്നത് അപൂർവമാണ്," അദ്ദേഹം പറയുന്നു. "ഒരു ഘനയടി (ക്യൂബിക്ക് ഫീറ്റ്)ഖൈർ തടിയിൽ നിന്ന് കുറഞ്ഞത് 5 ഷെഹ്‌നായ് ഉണ്ടാക്കാൻ പറ്റും. അടുത്ത 45 മിനിറ്റ്, അദ്ദേഹം ഒരു രാന്ധ (ചിന്തേര്) ഉപയോഗിച്ച് തടിയുടെ പ്രതലം ചെത്തുന്നത് തുടരുന്നു."ഈ ഘട്ടത്തിൽ എന്തെങ്കിലും പിഴവ് പറ്റിയാൽ, ഷെഹ്‌നായിയുടെ നാദം ശരിയാകില്ല," അദ്ദേഹം പറയുന്നു.

എന്നാൽ രാന്ധ കൊണ്ട് മാത്രം തടിക്ക് ഉദ്ദേശിച്ച മിനുസം വരുത്താൻ നാരായണിന് കഴിയുന്നില്ല. അദ്ദേഹം ചുറ്റുപാടും തിരഞ്ഞ്, ഒരു വെളുത്ത ചാക്കിൽ നിന്ന് ഒരു ചില്ലുകുപ്പി പുറത്തെടുക്കുന്നു. പിന്നാലെ, അത് നിലത്തടിച്ച് പൊട്ടിച്ച്, അതിൽ നിന്ന് ഒരു ചീള് സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത്, അത് ഉപയോഗിച്ച് തടി ചെത്തുന്നത് തുടരുന്നു. താൻ കാണിക്കുന്ന 'ജുഗാഡ്' ഓർത്ത് ഒരു ചിരിയോടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

കോണാകൃതിയിൽ ചെത്തിയെടുത്ത തടിക്കുഴലിന്റെ ഇരുവശവും, മറാത്തിയിൽ ഗിർമിത് എന്ന് വിളിക്കുന്ന ഇരുമ്പു കമ്പികൾ കൊണ്ട് ദ്വാരങ്ങൾ തുളയ്ക്കുകയാണ് അടുത്ത ഘട്ടം. ഇതിനു മുന്നോടിയായി, വീട്ടിൽ നിന്ന് 10 കിലോമീറ്റർ അകലെ, മഹാരാഷ്ട്രയിലെ ഇചൽകരാഞ്ചിയിൽ നിന്ന് 250 രൂപ കൊടുത്ത് വാങ്ങിച്ച, ഒരു സ്മാർട്ട് ഫോണിന്റെ വലിപ്പമുള്ള ഇമ്രി എന്ന് വിളിക്കുന്ന ഉരകല്ലിൽ നാരായൺ ഇരുമ്പുകമ്പികൾ ഉരച്ച്, മൂർച്ച കൂട്ടുന്നു. നിർമ്മാണവസ്തുക്കൾ എല്ലാം വാങ്ങിക്കുക പ്രായോഗികമല്ലാത്തതിനാൽ, ലോഹസാമഗ്രികളെല്ലാം താൻ സ്വയം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തടിക്കുഴലിന് ഇരുവശത്തു കൂടെയും അതിവേഗത്തിലാണ് അദ്ദേഹം ഗിർമിത് ഉപയോഗിച്ച് ഡ്രിൽ ചെയ്യുന്നത്. തെല്ലിട പിഴച്ചാൽ, അത് കൈവിരലുകളിൽ തുളഞ്ഞു കേറുമെങ്കിലും ഒട്ടും ഭയമില്ലാതെ അദ്ദേഹം ജോലി തുടരുന്നു. ദ്വാരങ്ങളിലൂടെ ഏതാനും സ്സെക്കൻഡുകൾ നോക്കി തൃപ്തി വരുത്തിയതിനു ശേഷം, അദ്ദേഹം നിർമ്മാണത്തിന്റെ ഏറ്റവും കഠിനമായ ഘട്ടത്തിലേക്ക് കടക്കുന്നു-ഏഴ് നാദദ്വാരങ്ങൾ രേഖപ്പെടുത്തുന്ന ജോലി.

'ഒരു മില്ലീമീറ്റർ പിഴച്ചാൽ പോലും ശ്രുതി തെറ്റും," എന്ന് പറഞ്ഞ് അദ്ദേഹം കൂട്ടിച്ചേർക്കുന്നു,"പിന്നെ അത് ശരിയാക്കാൻ കഴിയില്ല." ഇതൊഴിവാക്കാൻ അദ്ദേഹം പവർ ലൂമുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേർണിൽ അടയാള ദ്വാരങ്ങൾ രേഖപ്പെടുത്തുന്നു. വർക്ക് ഷോപ്പിലെ വിറകടുപ്പിൽ വച്ച്, 17 സെന്റിമീറ്റർ നീളമുള്ള മൂന്ന് ഇരുമ്പുകമ്പികൾ ചൂടാക്കിയെടുക്കുകയാണ് അദ്ദേഹം അടുത്തതായി ചെയ്യുന്നത്. "ഡ്രില്ലിങ് മെഷീൻ വാങ്ങാൻ എനിക്ക് കഴിയാത്തത് കൊണ്ട് പരമ്പരാഗതമായ മാർഗമാണ് ഞാൻ പിന്തുടരുന്നത്." ഇരുമ്പുകമ്പികൾ വച്ച് ദ്വാരമുണ്ടാക്കാൻ പഠിക്കുക എളുപ്പമായിരുന്നില്ല; തുടക്കത്തിൽ ഒട്ടേറെ തവണ തനിക്ക് ഗുരുതരമായ പൊള്ളലുകൾ ഏറ്റിരുന്നത് അദ്ദേഹം ഓർത്തെടുക്കുന്നു. "പൊള്ളലും മുറിവുമെല്ലാം ഞങ്ങൾക്ക് ശീലമാണ്," മാറിമാറി മൂന്ന് കമ്പികൾ ചൂടാക്കുകയും ദ്വാരങ്ങൾ തുളയ്ക്കുകയും ചെയ്യുന്നതിനിടെ അദ്ദേഹം പറയുന്നു.

50 മിനിറ്റോളം നീളുന്ന ഈ പ്രക്രിയയ്ക്കിടെ അടുപ്പിൽ നിന്നുയരുന്ന പുക കുറെയധികം ശ്വസിക്കുന്നതിനാൽ നാരായൺ ഇടയ്ക്കിടെ ചുമയ്ക്കുന്നുണ്ട്. പക്ഷെ ഒരു സെക്കൻഡ് പോലും അദ്ദേഹം ജോലി നിർത്തുന്നില്ല. 'ഇത് പെട്ടെന്ന് ചെയ്തുതീർക്കേണ്ടതുണ്ട്; കമ്പികൾ തണുത്താൽ, അവ പിന്നെയും ചൂടാക്കിയെടുക്കുമ്പോഴേക്കും പിന്നെയും കുറെ പുക ശ്വസിക്കേണ്ടി വരും."

നാദദ്വാരങ്ങൾ തുളച്ചതിനു ശേഷം, അദ്ദേഹം ഷെഹ്‌നായ് കഴുകിയെടുക്കുന്നു. "ഈ തടി വെള്ളം തട്ടിയാൽ കേടുവരില്ല. ഞാൻ ഉണ്ടാക്കുന്ന ഷെഹ്‌നായ് കുറഞ്ഞത് ഇരുപത് വർഷം കേടുകൂടാതെയിരിക്കും,' അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

PHOTO • Sanket Jain
PHOTO • Sanket Jain

ഡ്രില്ലിങ് മെഷീൻ വാങ്ങാൻ കഴിയാത്തതിനാൽ നാരായൺ ഇരുമ്പുകമ്പികൾ ഉപയോഗിച്ചാണ് ദ്വാരങ്ങൾ തുളയ്ക്കുന്നത്. 50 മിനുട്ടോളം നീളുന്ന ഈ പ്രക്രിയക്കിടെ അദ്ദേഹത്തിന് പല തവണ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്

PHOTO • Sanket Jain
PHOTO • Sanket Jain

നാദദ്വാരങ്ങൾ തുളയ്ക്കുമ്പോൾ പിഴവ് പറ്റാതിരിക്കാൻ പവർ ലൂമുകളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേർണിൽ നാരായൺ അടയാളമിടുന്നു. 'ഒരു മില്ലീമീറ്റർ പിഴവ് വന്നാൽ പോലും ശ്രുതി തെറ്റും,' അദ്ദേഹം പറയുന്നു

അടുത്ത പടിയായി നാരായൺ ഷെഹ്‌നായിയുടെ ജിബാലി (റീഡ്) മെനയാൻ തുടങ്ങുന്നു. മറാത്തിയിൽ തടാച്ച പാൻ എന്ന് അറിയപ്പെടുന്ന റീഡ് ഇനത്തിൽ പെട്ട, ഒരുപാട് കാലം കേടുകൂടാതെ ഇരിക്കുന്ന ചൂരലാണ് ഇതിനായി അദ്ദേഹം ഉപയോഗിക്കുന്നത്. റീഡുകൾ 20-25 ദിവസം ഉണക്കിയതിന് ശേഷം, അവയിൽ മികച്ചവ 15 സെന്റിമീറ്റർ വീതം നീളമുള്ള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുന്നു. ബെലഗാവിയിലെ ആദി ഗ്രാമത്തിൽ നിന്ന് ഒരു ഡസൻ തണ്ടുകൾ വാങ്ങാൻ 50 രൂപ ചിലവ് വരും. "ഏറ്റവും നല്ല പാൻ (ഈറ്റ) കണ്ടുപിടിക്കുകയാണ് വെല്ലുവിളി," അദ്ദേഹം പറയുന്നു.

മുറിച്ചെടുത്ത റീഡിനെ നാരായൺ ഏറെ സൂക്ഷ്മതയോടെ നാലാക്കി മടക്കി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തുന്നു. നിർമ്മാണം പൂർത്തിയായ ഷെഹ്‌നായിയിൽ ഈ രണ്ടു മടക്കുകളുടെയും ഇടയ്ക്കുണ്ടാകുന്ന സ്പന്ദനമാണ് കലാകാരൻ ഉദ്ദേശിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നത്. അടുത്തതായി, മടക്കിന്റെ രണ്ട് അറ്റങ്ങളും ആവശ്യത്തിനനുസരിച്ച് ചെത്തിമിനുക്കി അവയെ ഒരു വെള്ള പരുത്തി നൂൽ ഉപയോഗിച്ച് മാൻഡ്രെലിലേയ്ക്ക് ചേർത്തുകെട്ടുന്നു.

"ജിബാലി ലാ ആകാർ ദ്യായ്ച്ചാ കത്തിൻ ആസ്തേ (റീഡിന്റെ ആകൃതി ശരിയാക്കിയെടുക്കുക ബുദ്ധിമുട്ടാണ്), അദ്ദേഹം പറയുന്നു. ഏറെ സൂക്ഷ്മമായ ആ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കവേ നാരായണിന്റെ ചുളിവ് വീണ നെറ്റിയിലെ കുങ്കുമം വിയർപ്പിൽ അലിയുന്നു. മൂർച്ചയേറിയ കത്തി കൊണ്ട് ചൂണ്ടുവിരലിൽ കുറെ മുറിവുകൾ ഉണ്ടാകുന്നുണ്ടെങ്കിലും, അതൊന്നും അദ്ദേഹം ഗൗനിക്കുന്നില്ല. "ഓരോ മുറിവും ശ്രദ്ധിക്കാൻ നിന്നാൽ, ഞാൻ എങ്ങനെയാണ് ഷെഹ്‌നായ് ഉണ്ടാക്കുക?" അദ്ദേഹം ചിരിക്കുന്നു. റീഡിന്റെ ആകൃതി പരിശോധിച്ച് തൃപ്തി വരുത്തിയതിന് ശേഷം, നാരായൺ ഷെഹ്‌നായിയുടെ അറ്റത്ത് പ്ലാസ്റ്റിക് ബെല്ല് -പരമ്പരാഗത രീതിയനുസരിച്ച് പിച്ചള ബെല്ലാണ് ഉപയോഗിക്കേണ്ടത്- ഘടിപ്പിക്കുന്ന പ്രക്രിയയിലേയ്ക്ക് കടക്കുന്നു.

22 ഇഞ്ച്, 18 ഇഞ്ച്, 9 ഇഞ്ച് എന്നിങ്ങനെ വ്യത്യസ്ത നീളങ്ങളിൽ ഉണ്ടാക്കുന്ന ഷെഹ്‌നായികൾ നാരായൺ യഥാക്രമം 2000 രൂപ, 1500 രൂപ, 400 രൂപ എന്ന നിരക്കിലാണ് വിൽക്കുന്നത്. 22 ഇഞ്ചിനും 18 ഇഞ്ചിനും അപൂർവമായേ ഓർഡർ ലഭിക്കാറുള്ളൂ; അവസാനത്തെ ഓർഡർ കിട്ടിയത് 10 കൊല്ലം മുൻപാണ്," അദ്ദേഹം പറയുന്നു.

PHOTO • Sanket Jain
PHOTO • Sanket Jain

തടാച്ച പാൻ എളുപ്പത്തിൽ റീഡാക്കി മാറ്റുന്നതിനായി നാരായൺ അവയെ വെള്ളത്തിൽ കുതിർത്തുന്നു. ഷെഹ്‌നായികൾക്ക് യുക്തമായ ശബ്ദം നൽകുന്ന റീഡുകൾ അവയുടെ പ്രധാന ഘടകമാണ്

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: മടക്കിയെടുത്ത ചൂരൽ പാളിയെ നാരായൺ ഒരു ബ്ലേഡ് ഉപയോഗിച്ച് റീഡിന്റെ ആകൃതിയിലാക്കുന്നു. വലത്: ഒരു പരുത്തിനൂൽ ഉപയോഗിച്ച് അദ്ദേഹം സൂക്ഷ്മതയോടെ റീഡിനെ മാൻഡ്രെലുമായി ചേർത്തുകെട്ടുന്നു

നാരായൺ കൈ കൊണ്ട് ഉണ്ടാക്കുന്ന, തടിയിൽ മെനഞ്ഞ ഓടക്കുഴലുകൾക്കും ആവശ്യക്കാർ കുത്തനെ കുറഞ്ഞു വരികയാണ്. "തടിയിൽ തീർത്ത ഓടക്കുഴലുകൾക്ക് വില കൂടുതലാണെന്ന് പറഞ്ഞ് ആളുകൾ അവ വാങ്ങുന്നില്ല." അതുകൊണ്ട് മൂന്ന് വർഷം മുൻപ്, അദ്ദേഹം കറുപ്പ്, നീല എന്നീ നിറങ്ങളിലുള്ള പി.വി.സി (പോളി വിനൈൽ ക്ലോറൈഡ്) പൈപ്പുകൾ ഉപയോഗിച്ച് ഓടക്കുഴൽ ഉണ്ടാക്കാൻ തുടങ്ങി. തടിയിൽ തീർത്ത ഓടക്കുഴലിന് ഗുണവും നീളവും അനുസരിച്ച് 100 രൂപ മുതൽ വില ആരംഭിക്കുമ്പോൾ, പി .വി.സി ഓടക്കുഴൽ ഒന്നിന് 50 രൂപയാണ് വില. എന്നാൽ, ഇങ്ങനെയുള്ള വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുന്നതിൽ നാരായൺ തീർത്തും അസന്തുഷ്ടനാണ്. "തടി കൊണ്ട് ഉണ്ടാക്കുന്ന ഓടക്കുഴലുകളും പി.വി.സി കുഴലുകളും തമ്മിൽ താരതമ്യം ചെയ്യാനേ കഴിയില്ല," അദ്ദേഹം പറയുന്നു.

കൈ കൊണ്ട് ഓരോ ഷെഹ്‌നായിയും നിർമ്മിക്കാൻ വേണ്ടുന്ന കഠിനാധ്വാനം, അടുപ്പിലെ പുക ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസതടസ്സം, റീഡിന് മേൽ കുനിഞ്ഞിരിക്കുന്നത് കാരണം ഉണ്ടാകുന്ന തുടർച്ചയായ നടുവേദന, ഇത്രയും അധ്വാനത്തിന് ശേഷം ലഭിക്കുന്ന വരുമാനത്തിൽ ഉണ്ടാകുന്ന കുത്തനെയുള്ള ഇടിവ് എന്നിവയെല്ലാം കൊണ്ടാണ് പുതുതലമുറ ഈ ജോലി ഏറ്റെടുക്കുന്നതിൽ വലിയ താല്പര്യം കാണിക്കാത്തതെന്ന് നാരായൺ പറയുന്നു.

ഷെഹ്‌നായ് നിർമ്മിക്കുക കഠിനമാണെങ്കിൽ, അത് ഉപയോഗിച്ച് സംഗീതം സൃഷ്ടിക്കുക അത്രയും തന്നെ കഠിനമാണ്. 2021-ൽ കൊൽഹാപൂരിലെ ജ്യോതിബാ ക്ഷേത്രത്തിൽ ഷെഹ്‌നായ് വായിക്കാൻ നാരായൺ ക്ഷണിക്കപ്പെട്ടു. "ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഞാൻ കുഴഞ്ഞു വീണ്, എനിക്ക് ഡ്രിപ്പ് ഇടേണ്ടി വന്നു," അദ്ദേഹം പറയുന്നു. ആ സംഭവത്തോടെ, അദ്ദേഹം ഷെഹ്‌നായ് വായിക്കുന്നത് നിർത്തി. "അത് അത്ര എളുപ്പമല്ല. ഓരോ പ്രകടനത്തിന് ശേഷവും ശ്വാസമെടുക്കാൻ ബദ്ധപ്പെടുന്ന ഷെഹ്‌നായ് വാദകന്റെ മുഖത്ത് നോക്കിയാൽ, എത്ര ബുദ്ധിമുട്ടാണ് അത് വായിയ്ക്കാൻ എന്ന് നിങ്ങൾക്ക് ബോധ്യപ്പെടും."

എന്നാൽ ഷെഹ്‌നായ് നിർമ്മിക്കുന്നത് നിർത്താൻ നാരായൺ ഉദ്ദേശിച്ചിട്ടില്ല. "കാലെത്ത് സുഖ് ആഹേ (ഈ ജോലി എനിക്ക് സന്തോഷം തരുന്നു)," അദ്ദേഹം പറയുന്നു.

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: ഉയർന്ന വില കാരണം തടിയിൽ തീർത്ത ഓടക്കുഴലുകൾക്ക് ആവശ്യക്കാർ കുറഞ്ഞതോടെ, മൂന്ന് വർഷം മുൻപ്, നാരായൺ ചിത്രത്തിൽ കാണുന്ന, നീല,കറുപ്പ് പി.വി.സി പൈപ്പുകൾ കൊണ്ടുണ്ടാക്കുന്ന, ഓടക്കുഴലുകൾ നിർമിക്കാൻ തുടങ്ങി. വലത്: ഷെഹ്‌നായ് നിർമ്മിക്കുമ്പോൾ എന്തെങ്കിലും പിഴവ് പറ്റിയാൽ പരിഹരിക്കാനായി അധികം വച്ചിരുന്ന തടിക്കഷണം അദ്ദേഹം മുറിച്ചു മാറ്റുന്നു

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: അഞ്ച് ദശാബ്ദത്തിനിടെ, 30000-ത്തിലേറെ മണിക്കൂറുകൾ ചിലവിട്ട് നാരായൺ 5000-ത്തിലേറെ ഷെഹ്‌നായികൾ നിർമ്മിച്ചിട്ടുണ്ട്. വലത്: അരുൺ ജാവിർ തന്റെ മുത്തച്ഛൻ, പരേതനായ മാരുതി ദേശായിയുടെ ചിത്രവുമായി; മാനകാപൂരിലെ ഏറ്റവും മികച്ച ഷെഹ്‌നായ് വാദകരിൽ ഒരാളായാണ് മാരുതി ദേശായ് അറിയപ്പെടുന്നത്

*****

ഷെഹ്‌നായികളും ഓടക്കുഴലുകളും നിർമ്മിക്കുന്നതിൽ നിന്ന് മാത്രം ഉപജീവനം കണ്ടെത്താനാകില്ലെന്ന് നാരായൺ തിരിച്ചറിഞ്ഞിട്ട് ഏറെക്കാലമായി. അതുകൊണ്ടാണ് മൂന്ന് ദശാബ്ദം മുൻപ്, തന്റെ വരുമാനം വർധിപ്പിക്കാനായി അദ്ദേഹം വർണ്ണാഭമായ കാറ്റാടികൾ ഉണ്ടാക്കിത്തുടങ്ങിയത്. "കളിയ്ക്കാനായി സ്മാർട്ട് ഫോണുകൾ വാങ്ങാൻ  എല്ലാവർക്കും കഴിയാത്തതിനാൽ, ഗ്രാമീണ മേളകളിൽ ഇപ്പോഴും കാറ്റാടികൾക്ക് ആവശ്യക്കാരുണ്ട്." 10 രൂപയ്ക്ക് ലഭിക്കുന്ന ഈ കാറ്റാടികൾ ആളുകളുടെ ജീവിതത്തിൽ സന്തോഷം പകരുന്നതിനൊപ്പം നാരായണിന്റെ വീട്ടിലേയ്ക്ക് വരുമാനവും കൊണ്ടുവരുന്നു.

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന കാറ്റാടികൾക്ക് പുറമേ, സ്പ്രിങ് കൊണ്ടുള്ള ചെറുകളിപ്പാട്ടങ്ങളും വലിച്ചു കൊണ്ടുനടക്കാവുന്ന കളിപ്പാട്ടങ്ങളും നാരായൺ നിർമ്മിക്കുന്നുണ്ട്. 10-20 രൂപയ്ക്ക് ലഭിക്കുന്ന, വിവിധ വർണ്ണങ്ങളിലുള്ള, ഇരുപതോളം വ്യത്യസ്തയിനം ഒറിഗാമി പക്ഷികളും നാരായണിന്റെ കരവിരുത്തിന് സാക്ഷ്യമാണ്. "ഞാൻ ഒരു ആർട്ട് സ്കൂളിലും പോയിട്ടില്ല. പക്ഷെ കടലാസ് കൈയിലെടുത്താൽ , എന്തെങ്കിലുമൊന്ന് ഉണ്ടാക്കാതെ ഞാൻ നിർത്തില്ല," അദ്ദേഹം പറയുന്നു.

കോവിഡ് മഹാമാരിയും അതിന്റെ ഭാഗമായി ഗ്രാമമേളകൾക്കും പൊതുകൂട്ടായ്മകളും ഏർപ്പെടുത്തിയ വിലക്കും മൂലം നാരായണിന്റെ ബിസിനസ്സ് അടച്ചുപൂട്ടലിന്റെ വക്കോളമെത്തിയതാണ്. "രണ്ടു വർഷം എനിക്ക് ഒരു കാറ്റാടി പോലും വിൽക്കാനായില്ല," അദ്ദേഹം പറയുന്നു. 2022-ൽ മാനകാപൂരിലെ മഹാശിവരാത്രി യാത്രയുടെ സമയത്താണ് ജോലി പുനരാരംഭിക്കാനായത്. എന്നാൽ, ഹൃദയാഘാതത്തെ തുടർന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതോടെ, കാറ്റാടികൾ വിൽക്കാൻ അദ്ദേഹം ഏജന്റുമാരെ ആശ്രയിക്കുകയാണ്. "ഓരോ കാറ്റാടി വിൽക്കുന്നതിനും 3 രൂപ വീതം ഏജന്റുമാർക്ക് കമ്മീഷൻ നൽകണം," അദ്ദേഹം പറയുന്നു. "എനിക്ക് വലിയ തൃപ്തി ഇല്ലെങ്കിലും, അതിൽ നിന്ന് കുറച്ച് വരുമാനം ലഭിക്കുന്നുണ്ട്," ഒരു മാസം കഷ്ടി 5000 രൂപ സമ്പാദിക്കുന്ന നാരായൺ പറയുന്നു.

PHOTO • Sanket Jain
PHOTO • Sanket Jain

ഇടത്: നാരായണിന്റെ ഭാര്യ സുശീല, ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുകയും കാറ്റാടികളും ഷെഹ്‌നായികളും ഓടക്കുഴലുകളും നിർമ്മിക്കാൻ നാരായണിനെ സഹായിക്കുകയും ചെയ്യുന്നു. വലത്: മൂന്ന് ദശാബ്ദം മുൻപ്, നാരായൺ തന്റെ വരുമാനം വർധിപ്പിക്കാനായി വർണ്ണാഭമായ കാറ്റാടികൾ ഉണ്ടാക്കാൻ തുടങ്ങി

PHOTO • Sanket Jain
PHOTO • Sanket Jain

നാരായൺ, താൻ തടിയിൽ തീർത്ത റെഫറൻസ് സ്കെയിൽ ഉപയോഗിച്ച് ഓടക്കുഴലിൽ ദ്വാരങ്ങൾ അടയാളപ്പെടുത്തുകയും (ഇടത്) അവ പരിശോധിച്ച് ശരിയായ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു (വലത്)

നാരായണിന്റെ ഭാര്യ, നാല്പതുകളിൽ പ്രായമുള്ള സുശീല ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്നതിനൊപ്പം കാറ്റാടികൾ ഉണ്ടാക്കാൻ ഭർത്താവിനെ സഹായിക്കുകയും ചെയുന്നു. ചിലപ്പോഴെല്ലാം, കാലങ്ങളായി പുരുഷന്മാർ മാത്രം ചെയ്തു പോന്നിരുന്ന ജോലി ഏറ്റെടുത്ത്, ഷെഹ്‌നായികളുടെയും ഓടക്കുഴലുകളുടെയും നിർമ്മാണത്തിലും അവർ നാരായണിന്റെ ഒപ്പം കൂടാറുണ്ട്. "സുശീല എന്നെ സഹായിച്ചിരുന്നില്ലെങ്കിൽ, ഈ ജോലി വർഷങ്ങൾക്ക് മുൻപേ അന്യം നിന്ന് പോകുമായിരുന്നു," അദ്ദേഹം പറയുന്നു. "കുടുംബം മുന്നോട്ട് കൊണ്ടുപോകാനും അവൾ ഒപ്പമുണ്ട്."

"എനിക്ക് അധികം കഴിവുകൾ ഒന്നുമില്ല. ഞാൻ വെറുതെ ഒരിടത്തിരുന്ന് സാധനങ്ങൾ ഉണ്ടാക്കുന്നയാളാണ്," വിനയത്തോടെ നാരായൺ പറയുന്നു. "ആംഹി ഗെലോ മാഞ്ചേ ഗേലി കല (ഈ കല എന്നോടൊപ്പം ഇല്ലാതാകും)," അച്ഛനും മുത്തച്ഛനും ഷെഹ്‌നായ് വായിക്കുന്നതിന്റെ ഫ്രെയിം ചെയ്ത ചിത്രം കയ്യിലെടുത്ത് അദ്ദേഹം പറയുന്നു.

ഗ്രാമങ്ങളിലെ കരകൌശലക്കാരെക്കുറിച്ച് നടത്തിയ ഒരു പരമ്പരയുടെ ഭാഗമായി, സങ്കേത് ജെയിൻ എഴുതിയ ലേഖനമാണ് ഇത്. മൃണാളിനി മുഖർജി ഫൌണ്ടേഷനാണ് ഈ പരമ്പരയ്ക്കുള്ള സഹായം നൽകുന്നത്

പരിഭാഷ: പ്രതിഭ ആര്‍. കെ.

Sanket Jain

Sanket Jain is a journalist based in Kolhapur, Maharashtra. He is a 2022 PARI Senior Fellow and a 2019 PARI Fellow.

Other stories by Sanket Jain
Editor : Sangeeta Menon

Sangeeta Menon is a Mumbai-based writer, editor and communications consultant.

Other stories by Sangeeta Menon
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.