KeralaLatest News

കോഴിക്കോട്ട് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചു

കോഴിക്കോട്: ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വിദ്യാർത്ഥിനിയെ വഴിയിൽ ഉപേക്ഷിച്ചു. കോഴിക്കോട് താമരശേരി സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയെ ആണ് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചത്. തന്നെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താതിരുന്നതോടെ, കോളജ് അധികൃതര്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ എത്തിയിട്ടില്ല എന്ന് മനസ്സിലായി. തുടര്‍ന്ന് വീട്ടുകാരാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരാള്‍ തനിക്ക് ലഹരിമരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. വിദ്യാര്‍ഥിനിയെ കണ്ടെത്തുന്ന സമയത്ത്, പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. പൊലീസിനെ കണ്ടതോടെ ഇയാള്‍ കടന്നു കളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button