CricketLatest NewsNewsSports

‘ഐ.പി.എല്‍ ഫൈനലിൽ ഗില്ലും ജഡേജയും ഷമിയും കളിക്കില്ല, ഇംഗ്ലണ്ടിലേക്ക് പോകും’

ഹൈദരാബാദ്: ഐപിഎല്‍ 16ാം സീസണിന്റെ ഫൈനല്‍ പോരാട്ടം ഇന്നലെ നടന്നില്ല. മഴ വില്ലനായതോടെ റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ടോസ് പോലും ഇടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം മാറ്റിയത്. എന്നാൽ, റിസര്‍വ് ഡേ ആയ ഇന്നും മഴ തന്നെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അങ്ങനെയെങ്കിൽ ഇന്നും മത്സരം ഉണ്ടാകുമോയെന്ന സംശയത്തിലാണ് ആരാധകർ. ഫൈനൽ നടക്കുമോ ഇല്ലയോ തുടങ്ങിയ ആശങ്കകൾക്കിടെ, ബിസിസി ഐ സെക്രട്ടറി ജയ് ഷായുടേതെന്ന പേരില്‍ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഇന്നത്തെ ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അജിന്‍ക്യ രഹാനെ എന്നിവര്‍ ഉണ്ടാകില്ലെന്നും അവര്‍ ഇന്ന് തന്നെ ഇംഗ്ലണ്ടിലേക്ക് പോകുമെന്നുമാണ് ട്വീറ്റിലുള്ളത്. ഇത് ആരാധകരെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ‘ഐപിഎല്‍ ഫൈനലിന് റിസര്‍വ് ഡേ വന്നിരിക്കുകയാണ്. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ രാവിലെ തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. അതുകൊണ്ട് അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവര്‍ ഐപിഎല്‍ ഫൈനല്‍ കളിക്കില്ല’ എന്നായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്.

ഈ ട്വീറ്റ് പുറത്തുവന്നതോടെ ഇരുടീമുകളുടെയും ആരാധകര്‍ ആശങ്കയിലായി. എന്നാല്‍ ജയ് ഷായുടെ പേരിലുള്ള ഒരു വ്യാജ അക്കൗണ്ടില്‍നിന്നാണ് ഈ ട്വീറ്റ് വന്നിരിക്കുന്നത് എന്ന് വളരെ വൈകിയാണ് ആരാധകർ തിരിച്ചറിഞ്ഞത്. ജയ് ഷാ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button