“കത്തിച്ച് കളയ്‌“

113 വർഷം പഴക്കമുള്ള മദ്രസ അസീസിയ തീയിൽ ചാമ്പലായ 2023 മാർച്ച് 1 രാത്രിയിൽ കേട്ട ഈ വാക്കുകൾ മോഹൻ ബഹാദൂർ ബുദ്ധയ്ക്ക് ഓർമ്മയുണ്ട്.

“ആളുകൾ ലൈബ്രറിയുടെ പ്രധാന കവാടം പൊളിക്കുന്നതും ബഹളംവെക്കുന്നതും കേട്ട് ഞാൻ പുറത്ത് വന്നപ്പോഴേക്കും അവർ ലൈബ്രറിക്കകത്തേക്ക് കയറി അത് വലിച്ചുവാരിയിടാൻ തുടങ്ങിയിരുന്നു”, 25 വയസ്സുള്ള ആ സെക്യൂരിറ്റി ഗാർഡ് പറയുന്നു.

ആൾക്കൂട്ടത്തിന്റെ കൈയ്യിൽ “ജാവലിൻ, വാളുകൾ, ഇഷ്ടികകൾ എന്നിവയുണ്ടായിരുന്നു. കത്തിച്ചുകള, കൊന്നുകള എന്നൊക്കെ അവർ ആക്രോശിക്കുന്നുണ്ടായിരുന്നു”, അയാൾ പറഞ്ഞു.

തത്ത്വചിന്ത, വൈദ്യം, പ്രഭാഷണങ്ങൾ എന്നിവയടങ്ങുന്ന 250 കൈയ്യെഴുത്തുപ്രതികളുടെ ഒരു അലമാരയും ലൈബ്രറിയിലെപുസ്തകശേഖരത്തിലുണ്ടായിരുന്നു

നേപ്പാളിൽനിന്നുള്ള കുടിയേറ്റക്കാരനാണ് ബുദ്ധ. കഴിഞ്ഞ ഒന്നരവർഷമായി അദ്ദേഹം ബിഹാർഷെറീഫിലെ മദ്രസ അസീസിയയിൽ ജോലിചെയ്തുവരുന്നു. “അക്രമം നിർത്താൻ ഞാൻ അവരോട് ആവശ്യപ്പെട്ടപ്പോൾ അവർ എന്നെയും ആക്രമിക്കാൻ തുടങ്ങി. “വൃത്തികെട്ട നേപ്പാളീ, നീ സ്ഥലം വിട്ടോ, ഇല്ലെങ്കിൽ നിന്നെയും കൊല്ലും” എന്ന് അവർ ആക്രോശിച്ചു.

2023 മാർച്ച് 31-ന് നഗരത്തിൽ നടന്ന രാമനവമി പ്രകടനത്തിനിടയിൽ വർഗ്ഗീയവാദികൾ മദ്രസയ്ക്ക് തീവെച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ബുദ്ധ.

“ലൈബ്രറിയിൽ ഇപ്പോൾ ഒന്നും ബാക്കിയില്ല. ഇനി അവർക്ക് സെക്യൂരിറ്റി ഗാർഡിന്റെ ആവശ്യമില്ല. എനിക്ക് തൊഴിലും നഷ്ടപ്പെട്ടു”.

വർഗ്ഗീയലഹളക്കാരുടെ അക്രമം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം 2023 ഏപ്രിലിലാണ് പാരി മദ്രസ അസീസിയ സന്ദർശിച്ചത്. മദ്രസ മാത്രമല്ല ആക്രമിക്കപ്പെട്ടത്. ബിഹാറിലെ നളന്ദ ജില്ലയുടെ ആസ്ഥാനമായ ബിഹാർഷെറീഫ് പട്ടണത്തിലെ മറ്റ് ആരാധനാലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. തുടക്കത്തിൽത്തന്നെ അധികാരികൾ നഗരത്തെ 1973-ലെ ക്രിമിനൽക്കുറ്റനിയമത്തിന്റെ സെക്ഷൻ 144-ന്റെ പരിധിയിലാക്കി. അതിനുശേഷം ഇന്റർനെറ്റ് അടച്ചുപൂട്ടി. ഒരാഴ്ചയ്ക്കുശേഷം രണ്ട് നിയന്ത്രണങ്ങളും പിൻ‌വലിക്കുകയും ചെയ്തു.

ഞങ്ങൾ സന്ദർശിക്കുമ്പോൾ പൂർവ്വവിദ്യാർത്ഥിയായ സയ്യദ് ജമാൽ ഹസ്സൻ അവിടെ ചുറ്റിനടക്കുന്നുണ്ടായിരുന്നു. “ലൈബ്രറിയിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. എല്ലാം വായിക്കാൻ എനിക്ക് സാധിച്ചിട്ടില്ല”. 1970-ൽ മൂന്നാം ക്ലാസ്സിൽ‌വെച്ചാണ് അയാൾ സ്കൂളിൽ ചേർന്നത്. ആലിം വരെ (ബിരുദം) അവിടെ പഠിച്ചു.

“എന്തെങ്കിലും ബാക്കിയായോ എന്നറിയാൻ വന്നതാണ് ഞാൻ”, ഹസ്സൻ പറയുന്നു.

PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

ഇടത്ത്: ആൾക്കൂട്ടത്തിന്റെ കൈയ്യിൽ ജാവലിൻ, വാളുകൾ, ഇഷ്ടികകൾ എന്നീ ആയുധങ്ങളുണ്ടായിരുന്നുവെന്ന്, ലൈബ്രറിയുടെ സെക്യൂരിറ്റി ഗാർഡായി ജോലി നോക്കുന്ന മോഹൻ ബഹാദൂർ ബുദ്ധ പറയുന്നു. വലത്ത്: ആക്രമണത്തിനുശേഷമുള്ള ലൈബ്രറിയുടെ ചിത്രം

70 വയസ്സുള്ള ആ വിദ്യാർത്ഥി ചുറ്റും നോക്കുമ്പോൾ, ഒരിക്കൽ താൻ പഠിച്ചുവളർന്ന ആ സ്ഥപനം പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. കരിഞ്ഞ കടലാസ്സുകളും കത്തിക്കരിഞ്ഞ പുസ്തകങ്ങളും എല്ലാം അവിടെയാകെ ചിതറിക്കിടന്നിരുന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിരുന്ന ലൈബ്രറി തീയിൽ ചാമ്പലായി വിണ്ടുപോയിരുന്നു. കത്തിക്കരിഞ്ഞ പുസ്തകങ്ങളുടെ മണം അന്തരീക്ഷത്തിൽ തങ്ങിനിന്നു. പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന അലമാറകളും ചാരമായിക്കഴിഞ്ഞിരുന്നു.

113 വർഷം പഴക്കമുള്ള മദ്രസ അസീസിയയിൽ 4,500-ഓളം പുസ്തകങ്ങളുണ്ടായിരുന്നു. അവയിൽ, ഇസ്ലാമിന്റെ വിശുദ്ധ പുസ്തകങ്ങളായ ഖുർ‌ആനിന്റേയും ഹദീത്തുകളുടേയും 300-ഓളം കൈയ്യെഴുത്തുപ്രതികളും ഉൾപ്പെടുന്നു. “തത്ത്വചിന്ത, പ്രഭാഷണങ്ങൾ, വൈദ്യം എന്നിവയുടെ 250 കൈയ്യെഴുത്തുപ്രതികൾ ഒരു അലമാറയിലുണ്ടായിരുന്നു. അതിനുപുറമേ, അഡ്മിഷൻ രജിസ്റ്ററുകൾ, മാർക്ക് ഷീറ്റുകൾ, 1910 മുതൽ അവിടെ പഠിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ എന്നിവയും ലൈബ്രറിയിലുണ്ടായിരുന്നു” സ്കൂളിന്റെ പ്രിൻസിപ്പൽ മൊഹമ്മദ് ഷക്കീർ കാസിമി പറഞ്ഞു.

“ഞാൻ സിറ്റി പാലസ് ഹോട്ടലിന്റെയടുത്തെത്തിയപ്പോഴേക്കും നഗരത്തിലെ സ്ഥിതിവിശേഷം ഗുരുതരമാണെന്ന് മനസ്സിലായി. എല്ലായിടത്തും പുകയായിരുന്നു. ഞങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത രാഷ്ട്രീയസാഹചര്യമായിരുന്നു”, ആ ദുർദ്ദിനം ഓർത്തെടുത്തുകൊണ്ട് കാസിമി പറഞ്ഞു.

പിറ്റേന്ന് രാവിലെ മാത്രമാണ് പ്രിൻസിപ്പലിന് മദ്രസയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. 3 ലക്ഷം ആളുകൾ താമസിക്കുന്ന നഗരത്തിൽ വൈദ്യുതി പൂർണ്ണമായും വിച്ഛേദിച്ചിരുന്നു. “ഞാൻ രാവിലെ 4 മണിക്ക് ഒറ്റയ്ക്ക് ഇങ്ങോട്ട് വന്നു. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ലൈബ്രറിയിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനുള്ള ധൈര്യം‌പോലും എനിക്കുണ്ടായില്ല”.

*****

PHOTO • Umesh Kumar Ray
PHOTO • Umesh Kumar Ray

ഇടത്ത്: കുടുംബത്തിലെ ഈ തലമുറയിലെ ആദ്യത്തെ അദ്ധ്യാപകനാണ് മദ്രസ അസീസിയയുടെ പ്രിൻസിപ്പലായ മൊഹമ്മദ് ഷക്കീർ കാസിമി. ഏപ്രിൽ 1-ന് ലൈബ്രറി സന്ദർശിച്ച അദ്ദേഹം അവിടുത്തെ കാഴ്ചകൾ കണ്ട് ഞെട്ടിപ്പോയി. വലത്ത്: ലൈബ്രറിയിലെ കത്തിക്കരിഞ്ഞ പുസ്തകങ്ങളുടെ അവശിഷ്ടങ്ങൾ

മദ്രസ അസീസിയയുടെ പ്രവേശനകവാടത്തിന്റെ സമീപത്ത്, പത്തുപന്ത്രണ്ട് വഴിയോരവില്പനക്കാർ ഇരുന്ന് മത്സ്യം വിൽക്കുന്ന തിരക്കിലാണ്. വിലപേശുന്ന ആവശ്യക്കാരും കച്ചവടക്കാരും തിങ്ങിനിറഞ്ഞിരിക്കുന്നു അവിടെ. വഴിയിലൂടെ വാഹനങ്ങൾ പോകുന്നു. എല്ലാം സാധാരണനിലയിലാണെന്ന് തോന്നിപ്പിക്കും.

“മദ്രസയുടെ പടിഞ്ഞാറേ ഭാഗത്ത് ഒരു അമ്പലവും കിഴക്കേ ഭാഗത്ത് ഒരു പള്ളിയുമുണ്ട്. ഗംഗാ-ജാമുനി മതസമന്വയ സംസ്കാരത്തിന്റെ തിളങ്ങുന്ന ചിഹ്നമാണത്” എന്ന് പ്രിൻസിപ്പൽ കാസിമി ചൂണ്ടിക്കാണിക്കുന്നു.

“ഞങ്ങളുടെ വാങ്കുവിളികൾ അവർക്കും അവരുടെ ഭജനകൾ ഞങ്ങൾക്കും ഇത്രകാലവും ഒരു അലോസരവുമുണ്ടാക്കിയിട്ടില്ല. നമ്മുടെ സംസ്കാരം ഈ കലാപകാരികൾ തകർക്കുമെന്ന് ഞങ്ങൾ ഒരിക്കലും സങ്കല്പിച്ചിരുന്നില്ല. ഞങ്ങൾക്ക് അതിയായ ദു:ഖം തോന്നുന്നു”.

പിറ്റേന്നും ലഹളക്കാർ മറ്റ് മുറികളിൽ പെട്രോൾ ബോംബ് എറിയാനും നാശനഷ്ടങ്ങളുണ്ടാക്കാനും ശ്രമം നടത്തി എന്ന് സ്കൂളിലെ മറ്റുള്ളവർ പറഞ്ഞു. പത്തുപന്ത്രണ്ട് കടകളും സംഭരണശാലകളും നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. നഷ്ടങ്ങൾ കാണിച്ചുകൊണ്ട് പ്രദേശവാസികൾ ഫയല ചെയ്ത പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്.ഐ.ആർ) കോപ്പികൾ അവർ ഈ റിപ്പോർട്ടർക്ക് കാണിച്ചുതന്നു.

ബിഹാർഷെറീഫിൽ കലാപങ്ങൾ ഇതാദ്യമായല്ല. 1981-ൽ ഒരു വലിയ വർഗ്ഗീയലഹള ഇവിടെനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പക്ഷേ അന്നും, ലൈബ്രറിക്കുനേരെയും മദ്രസയ്ക്കുനേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടില്ല.

*****

PHOTO • Shreya Katyayini
PHOTO • Shreya Katyayini

ഇടത്ത്: മദ്രസ അസീസിയ സ്ഥാപിച്ചത് ബീബി സോഘ്രയാണ്. 1896-ൽ പാറ്റ്നയിൽ. 1910-ലാണ് അത് ബിഹാർഷെറീഫിലേക്ക് മാറ്റിസ്ഥാപിച്ചത്. വലത്ത്: മദ്രസ അസീസിയയിലെ വിദ്യാർത്ഥികളുടേയും അവരുടെ ഒരു സാംസ്കാരികപരിപാടിയുടേയും പഴയ ഫോട്ടോകൾ പ്രിൻസിപ്പൽ കാസിമി പാരി ടീമിന് കാണിച്ചുതന്നു

1896-ൽ ബീബി സോഘ്ര സ്ഥാപിച്ച മദ്രസ അസീസിയയിൽ 500 ആൺകുട്ടികളും പെൺകുട്ടികളും പഠനത്തിന് പേര് ചേർന്നിട്ടുണ്ട്. ഇവിടെ ചേരുന്ന ഒരു കുട്ടിക്ക് ബിരുദാനന്തരബിരുദംവരെ ഇവിടെ പഠിക്കാൻ കഴിയും. ബിഹാർ സ്റ്റേറ്റ് ബോർഡിന് തുല്യമായ യോഗ്യതയാണ് ഈ സ്ഥാപനത്തിലെ ബിരുദത്തിന്.

പ്രദേശത്തെ ജന്മിയായിരുന്ന ഭർത്താവ് അബ്ദുൾ അസീസിന്റെ മരണശേഷമാണ് ബീബി സോഘ്ര ഈ സ്ഥാപനം തുടങ്ങിയത്. “അവർ ബീബി സോഘ്ര വഖഫ് എസ്റ്റേറ്റും ആരംഭിച്ചു. ഭൂമിയിൽനിന്നുള്ള വരുമാനം സാമൂഹികപ്രവർത്തനത്തിന് ചിലവഴിച്ചു. വിദ്യാഭ്യാസത്തിനായി മദ്രസ നടത്താനും ഒരു ക്ലിനിക്കിനും, മസ്ജിദിന്റെ പരിപാലനത്തിനും പെൻഷനും, ഭക്ഷണവിതരണത്തിനും അങ്ങിനെ പലതിനും”, ഹെറിറ്റേജ് ടൈംസിന്റെ സ്ഥാപകനായ ഉമർ അഷ്‌റഹ് പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ടും ബിഹാർ വിദ്യാഭ്യാസവകുപ്പും ബിഹാർ മദ്രസ ബോർഡും ചേർന്ന് 2019-ൽ ആരംഭിച്ച താലിം ഇ-നൌബാലിഖാൻ എന്ന കൌമാരവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ് ഈ മദ്രസ.

“ഒരുപക്ഷേ ഈ മുറിവ് (മദ്രസയും ലൈബ്രറിയും അഗ്നിക്കിരയാക്കിയ സംഭവം) അല്പം ഭേദമായേക്കാം. എന്നാലും അത് ഞങ്ങളെ എന്നും വേദനിപ്പിക്കും”, ബീബി സോഘ്ര വഖഫ് എസ്റ്റേറ്റിന്റെ ഭരണത്തലവനായ മൊഖ്താരൂൾ ഹഖ് പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Video : Shreya Katyayini

Shreya Katyayini is a filmmaker and Senior Video Editor at the People's Archive of Rural India. She also illustrates for PARI.

Other stories by Shreya Katyayini
Text : Umesh Kumar Ray

Umesh Kumar Ray is a freelance journalist based in Bihar

Other stories by Umesh Kumar Ray
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat