കൊച്ചി: മലയാള സിനിമയിൽ വിദേശത്ത് നിന്നും വൻതോതിൽ കള്ളപ്പണം ഒഴുകുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടറിനെ തുടർന്ന് ഇ.ഡി നടപടികൾ ശക്തമാക്കി. മലയാള സിനിമയിലെ അഞ്ച് നിർമാതാക്കൾ കേന്ദ്ര ഏജൻസികൾ ആയ ആദായ നികുതി വകുപ്പിന്റെയും ഇ.ഡിയുടെയും നിരീക്ഷണത്തിലാണ്. ഇവരിൽ നാല് പേരെ ഇ.ഡി ചോദ്യം ചെയ്യും. ഒരാൾ 25 കോടി രൂപ പിഴ അടച്ച് നിയമനടപടികളിൽ നിന്നും ഒഴിവായി.
ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാൻഡ’ സിനിമകളുടെ നിർമാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. സമീപകാലത്തു മലയാളത്തിൽ കൂടുതൽ മുതൽ മുടക്കിയ നിർമാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്ത് വരികയാണ്. ഈ നിർമാതാവിനെ ബെനാമിയാക്കി മലയാള സിനിമയിൽ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്.
നേരത്തെ മലയാള സിനിമയിലെ നിരവധി നിര്‍മാതാക്കളുടെ ഓഫീസിലും വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വിദേശ കള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ ലൊക്കേഷനുകളിലാണ് ഏറ്റവും അധികം ലഹരി മരുന്ന് എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇപ്പോൾ ചോദ്യം ചെയ്യുന്ന നിർമാതാവിനെ കൂടാതെ മൂന്ന് നിര്‍മാതാക്കള്‍ക്ക് കൂടി ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇ ഡി നോട്ടിസ് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
Post Your Comments