കൊല്ലം: കരുനാഗപ്പള്ളിയിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ വൻ സ്പിരിറ്റ് വേട്ട. കള്ളുഷാപ്പുകളിൽ വ്യാജ കള്ള് നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 211 ലിറ്റർ സ്പിരിറ്റാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ റ്റി അനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി സ്വദേശി രാജുവിനെ പിടികൂടിയപ്പോഴാണ് രാജുവിന്റെ സ്‌കൂട്ടറിൽ നിന്ന് ഒരു ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്.
Read Also: കൊടുങ്ങല്ലൂരിൽ വാഹനാപകടം : ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു
കരുനാഗപ്പള്ളി റേഞ്ചിലെ കാട്ടിൽ കടവ് കള്ളുഷാപ്പിലേക്ക് കള്ളിൽ ചേർക്കുന്നതിനായി കൊണ്ട് പോകുകയായിരുന്നു സ്പിരിറ്റ്. പ്രതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ 7 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 210 ലിറ്റർ സ്പിരിറ്റും പിന്നീട് കണ്ടെടുത്തു. പ്രതികളായി രാജുവിനെയും, ഷാപ്പിലെ സെയിൽസ്മാൻ ബേബി, ലൈസൻസി കിഷോർ, സ്പിരിറ്റ് സൂക്ഷിച്ചിരുന്ന വീട്ടിലെ താമസക്കാരൻ സതീഷ് ബാബു എന്നിവരെയും അറസ്റ്റ് ചെയ്തു. സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടറും, സ്പിരിറ്റ് കടത്തുകാർക്ക് നൽകുന്നതിനായി രാജു വാഹനത്തിൽ സൂക്ഷിച്ചിരുന്ന 126840 രൂപയും, തൊണ്ടി മണിയായി 23430 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, കൊല്ലം ഐബി യൂണിറ്റ്, കരുനാഗപ്പള്ളി എക്‌സൈസ് സർക്കിൾ, റേഞ്ച് എന്നീ പാർട്ടികൾ സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ പ്രശാന്ത്, ഐ ബി ഇൻസ്‌പെക്ടർ ജലാലുദീൻ കുഞ്ഞ്, കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡി എസ് മനോജ്കുമാർ, ഐ ബി പ്രിവന്റീവ് ഓഫീസർമാരായ ആർ മനു, ബിജുമോൻ, അജയകുമാർ, അനിൽ കുമാർ എസ്, വൈ സജികുമാർ, പി ഒ ഗ്രേഡ് ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, കിഷോർ, സന്തോഷ് എസ്, അൻഷാദ്, അഖിൽ, ഹരിപ്രസാദ്, ഡ്രൈവർമാരായ അബ്ദുൽ മനാഫ്, മൻസൂർ എന്നിവരും പങ്കെടുത്തു.
Post Your Comments