തൊടുപുഴ: ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കട്ടപ്പന അമ്പലക്കവല മഞ്ഞാങ്കൽ അഭിലാഷ് തങ്കപ്പനെ (39) ആണ് കോടതി ശിക്ഷിച്ചത്. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ.ഹരികുമാർ ആണ് ശിക്ഷ വിധിച്ചത്.
അഭിലാഷിന്റെ ഭാര്യാപിതാവായ കട്ടപ്പന ഇലഞ്ഞിപ്പിള്ളിൽ ദാസൻ (57) കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ദാസന്റെ ഭാര്യക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി കഠിന തടവ് അനുഭവിക്കണം. അതിക്രമിച്ചു കയറിയതിന് അഞ്ചു വർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.
Read Also : താന്‍ ഉപയോഗിക്കുന്ന ജീന്‍സ് 18 വര്‍ഷമായി അലക്കിയിട്ടില്ലെന്ന് ടെലിവിഷന്‍ ഷോയില്‍ തുറന്നു പറഞ്ഞ് സാന്ദ്ര
2013 നവംബർ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. ദാസന്റെ മകളായ അഭിലാഷിന്റെ ഭാര്യ പ്രതിയുടെ ദോഹോപദ്രവം മൂലം രണ്ടു കുട്ടികളുമായി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു. ഇതോടെ അഭിലാഷ് ഇവരോട് വീട്ടിൽ പോകാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ദേഹോപദ്രവം പേടിച്ച് ഇവർ വഴങ്ങിയില്ല. തുടർന്ന് സംഭവ ദിവസം ദാസന്റെ വീട്ടിൽ അഭിലാഷ് വരികയും വാക്കേറ്റമുണ്ടാകുകയും തുടർന്ന് കത്തിക്ക് കുത്തുകയുമായിരുന്നു. അയൽവാസികൾ ദാസനെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ സമയം കട്ടപ്പന സിഐ ആയിരുന്ന റെജി എം.കുന്നിപറമ്പൻ, എസ്ഐ ടി.ഡി.സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.
Post Your Comments