Kallanum Bhagavathiyum
Latest NewsKeralaNews

വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍ നിന്നും മലേഷ്യയിലേയ്ക്ക് കടത്തി: പരാതി 

ഇടുക്കി: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍ നിന്നും മലേഷ്യയിലേയ്ക്ക് കടത്തിയതായി പരാതി. വിസയും മെച്ചപ്പെട്ട ജോലിയും ലഭിയ്ക്കാതെ യുവാക്കള്‍ മലേഷ്യയില്‍ കുടുങ്ങികിടക്കുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ അഗസ്റ്റിന്‍ എന്നയാളാണ് പണം വാങ്ങി യുവാക്കളെ ജോലിയ്ക്കായി കൊണ്ടുപോയതെന്നാണ് യുവാക്കളുടെ ബന്ധുക്കള്‍ പറയുന്നത്.

മലേഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പായ്ക്കിംഗ് സെക്ഷനുകളിലും മറ്റും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എണ്‍പതിനായിരം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിരുന്നു. ജോലിയ്ക്കായി ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇയാള്‍ യുവാക്കളില്‍ നിന്നും വാങ്ങിയിട്ടുണ്ട്.

ചെന്നൈയില്‍ എത്തുമ്പോള്‍ വിസ കൈവശം ലഭിയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, തായ്‌ലന്റില്‍ എത്തിച്ച യുവാക്കളെ രഹസ്യ മാര്‍ഗത്തിലൂടെ മലേഷ്യയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തായ്‌ലന്റില്‍ എത്തിയപ്പോള്‍ തട്ടിപ്പ് മനസിലായെങ്കിലും ഫോണും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ യുവാക്കള്‍ക്ക്, ബന്ധുക്കളെ വിവരം അറിയിക്കാനായില്ല. എട്ട് മണിക്കൂറോളം വന മേഖലയിലൂടെ നടന്നും, അടച്ച് മൂടിയ കണ്ടൈനര്‍ ലോറികളിലും ബോട്ട് മാര്‍ഗവും യാത്ര ചെയ്താണ് ഇവരെ മലേഷ്യയില്‍ എത്തിച്ചത്.

അഗസ്റ്റിന്റെ മകന്‍ മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. ഇത് മറയാക്കിയാണ് തട്ടിപ്പ് നടന്നത്. മലേഷ്യയിലേയ്ക്ക് പോയ ആറ് യുവാക്കള്‍ പിന്നീട് ബോട്ട് മാര്‍ഗം തായ്‌ലന്റില്‍ എത്തി കീഴടങ്ങിയ ശേഷം, ഗവണ്‍മെന്റിന്റെ സഹായത്തോടെ തിരികെ നാട്ടില്‍ എത്തുകയായിരുന്നു. എന്നാല്‍, നിരവധി യുവാക്കള്‍ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് ആരോപണം. പാസ്പോര്‍ട്ട് അടക്കം പിടിച്ച് വെച്ചിരിയ്ക്കുന്നതിനാല്‍ ഇവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാരിന്റെ സഹായം തേടാനാവുന്നില്ല.

ടൂറിസ്റ്റ് വിസ പോലും ഇല്ലാതെയാണ് ഇവര്‍ മലേഷ്യയില്‍ കഴിയുന്നത്. ബന്ധുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഗസ്റ്റിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിയമ വിദഗ്ദ്ധരുമായി ആലോചിച്ചശേഷം ഇയാള്‍ക്കെതിരെ മനുഷ്യകടത്തിന് കേസെടുക്കുന്നതിനുള്ള സാധ്യതകൾ പരിഗണിയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button