ക്രോമസോമുകൾ എങ്ങനെയാണ് ഒരു മനുഷ്യന്റെ ലിംഗം നിർണ്ണയിയ്ക്കുന്നതെന്ന് ബയോളജി ടീച്ചർ വിശദീകരിക്കുന്നത് ബഹളമുണ്ടാക്കാതെ, ശ്രദ്ധാപൂർവ്വം കേട്ടിരിക്കുകയാണ് ക്ലാസ്സ്മുറിയിലെ കുട്ടികൾ. "സ്ത്രീകൾക്ക് രണ്ട് എക്സ് ക്രോമസോമുകളും പുരുഷന്മാർക്ക് ഒരു എക്സ് ക്രോമസോമും ഒരു വൈ ക്രോമസോമുമാണ് ഉണ്ടാകുക. രണ്ട് എക്സ് ക്രോമസോമുകൾ ഒരു വൈ ക്രോമസോമുമായി ചേരുമ്പോഴാണ് ഇവിടെ ഇരിക്കുന്നതുപോലുള്ള ഒരാളെ കിട്ടുക," ഒരു വിദ്യാർത്ഥിയെ ചൂണ്ടിക്കാണിച്ച് അദ്ധ്യാപിക പറയുന്നു. ആ കുട്ടി പരുങ്ങലോടെ എഴുന്നേറ്റ് നിൽക്കുമ്പോൾ ക്ലാസ്സ്മുറിയിൽ കൂട്ടച്ചിരി ഉയരുന്നു.

ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ജീവിതം പ്രതിപാദിക്കുന്ന ശണ്ഠക്കാരങ്ക (പൊരുതാൻ ഉറച്ചവർ) എന്ന നാടകത്തിന്റെ ആദ്യരംഗമാണിത്. സമൂഹം നിർവചിച്ചിട്ടുള്ള ലിംഗമാതൃകകളിൽ ഒതുങ്ങാത്തതിന്റെ പേരിൽ ഒരു കുട്ടി ക്ലാസ്സ്മുറിയിൽ നേരിടുന്ന അപമാനവും പരിഹാസവുമാണ് നാടകത്തിന്റെ ആദ്യഭാഗത്ത് അവതരിപ്പിക്കുന്നത്. രണ്ടാം പകുതിയിൽ, ആക്രമണങ്ങൾക്ക് വിധേയരാകുന്ന ട്രാൻസ് സ്ത്രീകളുടെയും ട്രാൻസ് പുരുഷൻമാരുടെയും ജീവിതം പുനരാവിഷ്ക്കരിക്കുന്നു.

ദി ട്രാൻസ് റൈറ്റ്സ് നൗ കലക്ടീവ് (ടി.ആർ.എൻ.സി), ഇന്ത്യയിലുടനീളമുള്ള, ദളിത്, ബഹുജൻ ആദിവാസി സമൂഹങ്ങളിലെ ട്രാൻസ് വ്യക്തികൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ്. 2022 നവംബർ 23-ന് തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിലാണ് ശണ്ഠക്കാരങ്ക എന്ന നാടകം അവർ ആദ്യമായി അവതരിപ്പിച്ചത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ച് അതിൽ അഭിനയിക്കുന്നത് 9 ട്രാൻസ് വ്യക്തികൾ ചേർന്നാണ്.

"മരണപ്പെട്ട ട്രാൻസ് വ്യക്തികളുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും നവംബർ 20-ന്അന്താരാഷ്ട്ര ട്രാൻസ് സ്മൃതിദിനമായി ആചരിച്ചുവരുന്നുണ്ട്. സ്വന്തം കുടുംബങ്ങളിൽനിന്നുപോലും അവഗണന നേരിടുകയും സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ട്രാൻസ് വ്യക്തികൾക്ക് ജീവിതം ഒട്ടും എളുപ്പമല്ല. പലരും കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ആണ്," ടി.ആർ.എൻ.സിയുടെ സ്ഥാപകയായ ഗ്രേസ് ബാനു പറയുന്നു.

PHOTO • M. Palani Kumar

തമിഴ് നാട്ടിലെ ചെന്നൈയിൽ ശണ്ഠക്കാരങ്ക എന്ന നാടകത്തിന്റെ റിഹേഴ്‌സലിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരൻമാർ

PHOTO • M. Palani Kumar

ഒരു ക്ലാസ്സ്‌റൂമിന്റെ പശ്ചാത്തലത്തിൽ ക്രോമസോമുകളെപ്പറ്റിയും ട്രാൻസ് സമുദായത്തിന്റെ ലിംഗ വ്യക്തിത്വത്തെപ്പറ്റിയും വിശദീകരിക്കുന്ന ഒരു അധ്യാപികയുടെ കഥാപാത്രത്തെയാണ് നാടക കലാകാരിയായ ഗ്രേസ് ബാനു അവതരിപ്പിക്കുന്നത്

"എല്ലാ വർഷവും ഇത്തരത്തിൽ മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. ട്രാൻസ് സമൂഹത്തിനുനേരെ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ, ആരും അതിനെതിരെ ശബ്ദമുയർത്താറില്ല. നമ്മുടെ സമൂഹം ഈ വിഷയത്തിൽ തികഞ്ഞ മൗനം പാലിക്കുകയാണ്," കലാകാരിയും ആക്ടിവിസ്റ്റുമായ ബാനു പറയുന്നു. "ഇതിനെക്കുറിച്ച് ഒരു ചർച്ച തുടങ്ങേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഈ അവതരണത്തിന് ശണ്ഠക്കാരങ്ക എന്ന് പേര് നൽകിയിരിക്കുന്നത്."

2017-ൽ 'ശണ്ഠക്കാരൈ' എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകത്തിന്റെ പേര് 2022-ൽ 'ശണ്ഠക്കാരങ്ക' എന്ന് മാറ്റുകയായിരുന്നു. "എല്ലാ ട്രാൻസ് വ്യക്തികളെയും ഉൾക്കൊള്ളിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ നാടകത്തിന്റെ പേര് മാറ്റിയത്," ഗ്രേസ് ബാനു വിശദീകരിക്കുന്നു. ഈ നാടകത്തിൽ അരങ്ങിലെത്തുന്ന ഒൻപത് കലാകാരൻമാർ, ട്രാൻസ് സമൂഹം അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടുകളും വിവരിക്കുകയും ട്രാൻസ് സമുദായത്തിനുനേരെ നടക്കുന്ന വാക്കാലുള്ളതും ശാരീരികവുമായ ആക്രമണത്തെപ്രതി സമൂഹം പുലർത്തുന്ന അജ്ഞതയ്ക്കും മൗനത്തിനുംനേരെ ചോദ്യമുയർത്തുകയും ചെയ്യുന്നു. "ഇത് ആദ്യമായാണ് ട്രാൻസ് പുരുഷന്മാരും ട്രാൻസ് സ്ത്രീകളും അരങ്ങിൽ ഒരുമിക്കുന്നത്," ശണ്ഠക്കാരങ്ക എന്ന നാടകത്തിന്റെ രചയിതാവും സംവിധായികയുമായ നേഘ പറയുന്നു.

"ഞങ്ങൾ സദാ അതിജീവനത്തിനായുള്ള പരക്കം പാച്ചിലിലാണ്. മാസച്ചിലവുകൾ നടത്താനും അവശ്യസാധനങ്ങൾ വാങ്ങാനുമായി നിരന്തരം ജോലി ചെയ്യുകയാണ്. ഈ നാടകം എഴുതുന്ന സമയത്ത് ഞാൻ ആവേശഭരിതയായിരുന്നെങ്കിലും ട്രാൻസ് പുരുഷന്മാർക്കും ട്രാൻസ് സ്ത്രീകൾക്കും നാടകത്തിലോ സിനിമയിലോ അഭിനയിക്കാൻ ഒരിക്കലും അവസരം ലഭിക്കാത്തതോർത്ത് കടുത്ത ദേഷ്യവും അനുഭവിക്കുന്നുമുണ്ടായിരുന്നു. അതിജീവനത്തിനായി ജീവൻ പണയംവെച്ച് മുന്നോട്ട് പോകുന്ന സ്ഥിതിക്ക് എന്തുകൊണ്ട് വെല്ലുവിളികൾ നേരിട്ട് ഒരു നാടകം അവതരിപ്പിച്ചുകൂടാ എന്നായിരുന്നു എന്റെ ചിന്ത," നേഘ കൂട്ടിച്ചേർക്കുന്നു.

ട്രാൻസ് സമൂഹത്തിന്റെ മായ്ച്ചുകളയപ്പെട്ട ചരിത്രത്തെ പുനരുജ്ജീവിപ്പിക്കുന്ന, അവരുടെ ജീവിക്കാനുള്ള അവകാശത്തെയും അവരുടെ ശരീരത്തോടുള്ള ബഹുമാനത്തെയും ഉയർത്തിപ്പിടിക്കുന്ന മുഹൂർത്തങ്ങളെ ഈ ഫോട്ടോ സ്റ്റോറി ഒപ്പിയെടുക്കുന്നു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ശണ്ഠക്കാരങ്ക എന്ന നാടകത്തിന്റെ സംവിധായികയും അഭിനേതാവുമായ നേഘയുടെയും (ഇടത്) ട്രാൻസ് അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റായ ഗ്രേസ് ബാനുവിന്റെയും (വലത്) ചിത്രം

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: രേണുക ജെ. ട്രാൻസ് റൈറ്റ്സ് നൗ കലക്ടീവിന്റെ കൾച്ചറൽ കോർഡിനേറ്ററും നാടക കലാകാരിയുമാണ്. വലത്: മറ്റൊരു നാടക കലാകാരിയായ പ്രാസി ഡി. കോസ്റ്റ്യൂം ഡിസൈൻ ആൻഡ് ഫാഷൻ എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു

PHOTO • M. Palani Kumar
PHOTO • M. Palani Kumar

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റിസ്വാൻ എസ്സ്. (ഇടത്), അരുൺ കാർത്തിക് (വലത്) എന്നിവർ നാടക കലാകാരൻമാർ കൂടിയാണ്. 'സമുദായത്തിനകത്തെ ന്യൂനപക്ഷമായ ട്രാൻസ് പുരുഷന്മാർക്ക് ഒട്ടും ദൃശ്യത ലഭിക്കാറില്ല. ഈ നാടകം ട്രാൻസ് പുരുഷൻമാരുടെയും കഥ പറയുന്നു,' അരുൺ പറയുന്നു

PHOTO • M. Palani Kumar
PHOTO • M. Palani Kumar

'ഈ നാടകം ഒരുപാട് പേർ കാണുമെന്നും ട്രാൻസ് വ്യക്തികൾക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള കരുത്തേകുമെന്നുമാണ് എന്റെ പ്രതീക്ഷ,' എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയും നാടക കലാകാരിയും ട്രാൻസ് റൈറ്സ് നൗ കലക്ടീവിന്റെ വിദ്യാർത്ഥി കോർഡിനേറ്ററുമായ അജിത വൈ. (ഇടത്) പറയുന്നു. നാടക കലാകാരിയായ രാഘിനിരാജേഷിന്റെ (വലത്) ചിത്രം

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: ഒരു സ്വകാര്യ കമ്പനിയിലെ അനലിസ്റ്റും നാടക കലാകാരിയുമായ നിഷാതന ജോൺസന്റെ ചിത്രം. 'ഈ നാടകം ട്രാൻസ് വ്യക്തികൾ അനുഭവിക്കുന്ന വേദനയിലേക്കും കഷ്ടപ്പാടുകളിലേയ്ക്കും വെളിച്ചം വീശുന്നതിനൊപ്പം സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പോരാടി മരണപ്പെട്ടവരുടെ ജീവിതങ്ങളും ആവിഷ്ക്കരിക്കുന്നു.' വലത്: തമിഴ് നാട്ടിലെ ചെന്നൈയിൽ നാടക റിഹേഴ്‌സലിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരൻമാർ

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: നിഷാതന ജോൺസൺ, അജിത വൈ. എന്നിവർ അരങ്ങിൽ. വലത്: പ്രാസി ഡി. തന്റെ മേക്കപ്പ് തനിയെ ചെയ്യുകയാണ് പതിവ്

PHOTO • M. Palani Kumar

ട്രാൻസ് സമുദായം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിടുന്ന പീഡനങ്ങൾ ശണ്ഠക്കാരങ്ക ആവിഷ്ക്കരിക്കുന്നു

PHOTO • M. Palani Kumar

ഒരു ട്രാൻസ് സ്ത്രീയ്ക്ക് നേരെ സ്വന്തം കുടുംബം പുലർത്തുന്ന സമീപനം ചിത്രീകരിക്കുന്ന ഒരു രംഗം

PHOTO • M. Palani Kumar

നാടകത്തിലെ ഒരു രംഗത്തിൽ കൺവെർഷൻ തെറാപ്പിയുടെ മറവിൽ ട്രാൻസ് വ്യക്തികൾക്ക് ബാല്യകാലത്ത് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളും സമൂഹം നിർവചിച്ചിട്ടുള്ള ലിംഗ മാതൃകകളിൽ ഒതുങ്ങാത്തതിന്റെ പേരിൽ അവർ അനുഭവിക്കുന്ന അപമാനവും പരിഹാസവുമെല്ലാം ചിത്രീകരിക്കുന്നു

PHOTO • M. Palani Kumar

തമിഴ് നാട്ടിലെ ചെന്നൈയിൽ ശണ്ഠക്കാരങ്കയുടെ റിഹേഴ്‌സലിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരൻമാർ

PHOTO • M. Palani Kumar

ട്രാൻസ് സമൂഹം നേരിടുന്ന പീഡനങ്ങളെയും ആക്രമണങ്ങളെയും പ്രതി സമൂഹം പുലർത്തുന്ന മൗനത്തെ നാടകത്തിൽ നേഘ ചോദ്യം ചെയ്യുന്നു

PHOTO • M. Palani Kumar

ട്രാൻസ് വ്യക്തിയായി സ്വയം അടയാളപ്പെടുന്ന ഒരാൾ ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയ്ക്ക് വിധേയയാകവേ കടന്നു പോകുന്ന വേദനയും കഷ്ടപ്പാടും പ്രാസി ഡി. അവതരിപ്പിക്കുന്നു

PHOTO • M. Palani Kumar

ഒരു ട്രാൻസ് പുരുഷന്റെ കഥാപാത്രം അവതരിപ്പിക്കുന്ന റിസ്വാൻ എസ്., ഒരു ഹെറ്ററോ നോർമേറ്റിവ് സമൂഹത്തിൽ അയാൾക്കുണ്ടാക്കുന്ന പ്രേമത്തിന്റെയും നിരാകരണത്തിന്റെയും വേദനയുടെയും അനുഭവ തലങ്ങൾ കാഴ്ചക്കാർക്ക് മുന്നിലെത്തിക്കുന്നു

PHOTO • M. Palani Kumar

പോലീസുകാരിൽനിന്ന് ലൈംഗികപീഡനം നേരിടുന്ന ഒരു ട്രാൻസ് സ്ത്രീയെയാണ് ഗ്രേസ് ബാനു അവതരിപ്പിക്കുന്നത്

PHOTO • M. Palani Kumar

ട്രാൻസ് വ്യക്തികളുടെ ശരീരത്തെ ബഹുമാനിക്കാനും ബോഡി ഷെയിമിങ്, ട്രാൻസ് വിരുദ്ധത, ട്രാൻസ് സമൂഹത്തിനുനേരെയുള്ള അക്രമം എന്നിവ അവസാനിപ്പിക്കാനും നേഘ (നിൽക്കുന്നു) കാഴ്ചക്കാരോട് ആവശ്യപ്പെടുന്നു

PHOTO • M. Palani Kumar

വേദനകൾക്കും ദുരിതങ്ങൾക്കുമിടയിലും ട്രാൻസ് സമുദായം തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളെയും ആഘോഷങ്ങളെയും വരവേൽക്കുന്നതെങ്ങിനെയെന്ന് ഈ കലാകാരൻമാർ കാണിച്ചു തരുന്നു

PHOTO • M. Palani Kumar

2022 നവംബറിൽ അവതരിപ്പിക്കപ്പെട്ട ശണ്ഠക്കാരങ്ക എന്ന നാടകത്തിലൂടെ ട്രാൻസ് സമുദായത്തിന്റെ വിസ്മരിക്കപ്പെട്ട ചരിത്രത്തെ അരങ്ങിൽ പുനരുജ്ജീവിപ്പിച്ച കലാകാരന്മാരുടെ സംഘം

PHOTO • M. Palani Kumar

നാടകത്തിന്റെ ആദ്യത്തെ അവതരണത്തിന് ശേഷം കാണികൾ എഴുന്നേറ്റ് നിന്ന് അഭിനന്ദനമറിയിക്കുന്നു

പരിഭാഷ: പ്രതിഭ ആർ.കെ .

M. Palani Kumar

M. Palani Kumar is PARI's Staff Photographer and documents the lives of the marginalised. A 2019 PARI Fellow, Palani was also the cinematographer for ‘Kakoos’, a documentary on manual scavengers in Tamil Nadu, by filmmaker Divya Bharathi.

Other stories by M. Palani Kumar
Editor : S. Senthalir

S. Senthalir is Assistant Editor at the People's Archive of Rural India. She reports on the intersection of gender, caste and labour. She was a PARI Fellow in 2020

Other stories by S. Senthalir
Photo Editor : Binaifer Bharucha

Binaifer Bharucha is a freelance photographer based in Mumbai, and Photo Editor at the People's Archive of Rural India.

Other stories by Binaifer Bharucha
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.