National Security Day: ഇന്ത്യയിൽ എല്ലാ വർഷവും മാർച്ച് നാലിന് ദേശീയ സുരക്ഷാ ദിനം ആചരിക്കുന്നു. ഇന്ത്യൻ സുരക്ഷാ സേനയെ ആദരിക്കുന്നതിനായി ആഘോഷിക്കുന്ന ഈ ദിവസം രാഷ്ട്രീയ സുരക്ഷാ ദിവസ് എന്നും അറിയപ്പെടുന്നു. ജനങ്ങളുടെ സമാധാനവും സുരക്ഷയും നിലനിർത്തുന്ന പോലീസ് സേന, അർദ്ധ സൈനിക സേന, ഗാർഡുകൾ, കമാൻഡോകൾ, സൈനിക ഉദ്യോഗസ്ഥർ, മറ്റ് സേനകൾ എന്നിവരടങ്ങുന്ന രാജ്യത്തെ സുരക്ഷാ സേനകളോട് നന്ദി പ്രകടിപ്പിക്കുന്നതിനായാണ് സുരക്ഷാ ദിനം ആചരിക്കുന്നത്.
ദേശീയ സുരക്ഷാ ദിനം 1972 ൽ ആണ് ആരംഭിച്ചത്. തുടർന്ന് എല്ലാ വർഷവും ദേശീയ സുരക്ഷാ ദിനം ആചരിക്കുന്നു. നാഷണൽ സേഫ്റ്റി കൗൺസിൽ (എൻ എസ് സി) എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നുണ്ട്. 1966 മാർച്ച് നാലിനാണ് തൊഴിൽ മന്ത്രാലയം സേഫ്റ്റി കൗൺസിൽ സ്ഥാപിച്ചത്. സുസ്ഥിരമായ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി എന്നിവയ്ക്കായാണ് സേഫ്റ്റി കൗൺസിൽ പ്രവർത്തിക്കുന്നത്.
മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ് സേഫ്റ്റി കൗൺസിൽ പ്രവർത്തിക്കുന്നത്. അതിനാലാണ് അവരുടെ സ്ഥാപക ദിനം ഇന്ത്യയുടെ ദേശീയ സുരക്ഷാ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്. നാഷണൽ സേഫ്റ്റി കൗൺസിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ്. നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ പ്രമേയം 'യുവമനസ്സുകളെ പരിപോഷിപ്പിക്കുക-സുരക്ഷാ സംസ്കാരം വികസിപ്പിക്കുക' എന്നതാണ്.
ഇന്ത്യയിലെ ഉദ്യോഗസ്ഥരോടും പൗരന്മാരോടും അഭിസംബോധന ചെയ്യേണ്ട വിവിധ അപകടങ്ങളെയും വിഷയങ്ങളെയും സംബന്ധിച്ച് സുരക്ഷാ കൗൺസിൽ അവബോധം സൃഷ്ടിക്കുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ, ആളുകളെ ബോധവൽക്കരിക്കാനും പൗരന്മാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനും അവർ ലക്ഷ്യമിടുന്നു. ജോലിയിലും പൊതുജീവിതത്തിലും സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകുക, ജോലിസ്ഥലത്ത് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് അനേകരെ പ്രചോദിപ്പിക്കുക, വിവിധ വ്യവസായ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തം നേടുക, ജീവനക്കാരുടെ പങ്കാളിത്തത്തിന്റെ ഉയർന്ന നിരക്ക് ഉറപ്പാക്കുക എന്നിവയാണ് ദേശീയ സുരക്ഷാ ദിനത്തിന്റെ ലക്ഷ്യങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...