കൊച്ചി
പൊതുവിദ്യാഭ്യാസ, -തൊഴിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ജില്ലകളിൽ ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജനസമക്ഷം സമ്പർക്കത്തിൽ പൊതുജനങ്ങളിൽനിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കും. കാസർകോടുമുതൽ എറണാകുളംവരെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാതല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ ഓഫീസർമാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ വിദ്യാഭ്യാസമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാം. കുടിശ്ശികയായ ഫയലുകളിൽ നിയമനാംഗീകാരം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ടവ പരിശോധിച്ച് തീർപ്പാക്കണം. തീർപ്പാക്കിയവയിൽ നിയമനാംഗീകാരം സംബന്ധിച്ചവ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉടൻ പരിശോധിക്കണം. കോടതികളിൽ തീർപ്പാക്കാത്ത, പൊതുവിദ്യാഭ്യാസവകുപ്പിന്റെ പതിനായിരത്തിലധികം ഫയലുകൾ തീർപ്പാക്കാൻ അടിയന്തരനടപടിയെടുക്കണം.
അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനാംഗീകാരം, മറ്റാനുകൂല്യങ്ങൾ, പെൻഷൻ എന്നിവയിൽ സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്തവർക്കെതിരെ കർശന നടപടിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഡയറക്ടർക്കും നിർദേശം നൽകി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഡെപ്യൂട്ടി ഡയറക്ടർമാരും പ്ലാൻ, കിഫ്ബി ഫണ്ടുകൾ മുഖാന്തരം തുക അനുവദിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണപുരോഗതിയുടെ കൃത്യമായ കണക്ക് സൂക്ഷിക്കണം. വിദ്യാകിരണം ജില്ലാ കോ–-ഓർഡിനേറ്റർമാർ ചുമതല നിർവഹിക്കുന്നില്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണം. ഇതിൽ കൃത്യമായ പരിശോധനയും പ്രതിമാസ അവലോകനവും ഉണ്ടാകും.
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാനടത്തിപ്പിൽ വിദ്യാഭ്യാസ ഓഫീസർമാർ ജാഗ്രത പുലർത്തണം. ഭിന്നശേഷിക്കുട്ടികൾക്ക് പരീക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ വീഴ്‌ചയരുതെന്നും മന്ത്രി പറഞ്ഞു. വാങ്മയം പുരസ്‌കാരവിതരണവും മന്ത്രി നിർവഹിച്ചു. ജി നിരഞ്ജന, ലക്ഷ്മി സുരേഷ് കൃഷ്ണ, എസ് ജെ ദേവപ്രിയ, എം സിനോവ്, പി എസ് ആവണി കൃഷ്ണ, ഭാമശ്രീ എസ് ബാബു എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. ഡയറക്ടർ കെ ജീവൻ ബാബു, അഡീഷണൽ ഡയറക്ടർ എം കെ ഷൈൻമോൻ, വിഎച്ച്എസ്ഇ വിദ്യാഭ്യാസ ഉപഡയറക്ടർ അനിൽകുമാർ, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ സുരേഷ്‌കുമാർ, അഡീഷണൽ ഡയറക്ടർ സി എ സന്തോഷ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..