കൂറ്റനാട്
ഒന്നരവയസ്സുകാരൻ നിർവാണിന് അജ്ഞാതന്റെ ‘സ്‌നേഹ’ സമ്മാനം. എസ്എംഎ (സ്പൈനല്‍ മസ്കുലാർ അട്രോഫി) രോഗം ബാധിച്ച കൂറ്റനാട് സ്വദേശിയുടെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്കാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത വ്യക്തി 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി) നിക്ഷേപിച്ചത്. പേരും വ്യക്തി വിവരങ്ങളും പങ്കുവയ്‌ക്കാൻ താല്‍പ്പര്യമില്ലെന്ന് തുക അയച്ചയാൾ നിർവാണിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. 17.3 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ മരുന്നാണ് കുഞ്ഞ് നിർവാണിന് ആവശ്യം. 11.6 കോടി രൂപയുടെ സഹായമെത്തിയതോടെ ചികിത്സക്കായി സമാഹരിച്ച ആകെ തുക 16.3 കോടിയായി. മൊത്തം തുക ആയതിനുശേഷം മാത്രമേ മരുന്നിന് ഓർഡർ നൽകാൻ സാധിക്കൂ. ഓർഡർ നൽകിയ മരുന്ന് ലഭിക്കാൻ പിന്നെയും 20 ദിവസമെടുക്കും. അതിനാൽ എത്രയും പെട്ടെന്ന് പൂർണ തുക സമാഹരിച്ച് മരുന്നിന് ഓർഡർ നൽകാൻ കാത്തിരിക്കുകയാണ് നിർവാണിന്റെ കുടുംബം.
ജനുവരിയിൽ മൂന്നാഴ്ച നീണ്ട പരിശോധനകൾക്ക് ശേഷമാണ് നിർവാണിന് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും നിർവാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുമ്പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.
മുംബൈ ആര്‍ബിഎല്‍ ബാങ്കിലെ നിര്‍വാണ്‍ എ മേനോന്‍ എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് നിർവാണിന് സഹായം അയക്കാം. ഒരു ചെറിയ സഹായം പോലും നിർവാണിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ നിർണായകമാകും.
പേര്: നിര്‍വാണ്‍ എ മേനോന്‍. അക്കൗണ്ട് നമ്പര്‍: 222 333 0027 4656 78 ബാങ്ക്: RBL ബാങ്ക് IFSC : RATN0VAAPIS (digit after N is Zero) UPI : assist.babynirvaan@icici assist.nirvaan10@icici
givetomlp.nirvaanamenon1@icici
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..