ന്യൂഡൽഹി
എഐസിസി പ്ലീനറി സമ്മേളന പ്രതിനിധി പട്ടികയെച്ചൊല്ലി ഡൽഹിയിലും രാജസ്ഥാനിലും വിവാദം. 1984ലെ സിഖ് വംശഹത്യയിൽ പങ്കാളിത്തം വഹിച്ച ജഗദീഷ് ടൈറ്റ്‌ലറെ ഡൽഹിയിൽനിന്നുള്ള പ്രതിനിധിയാക്കിയതിനെ ആം ആദ്‌മി പാർടി വിമർശിച്ചു. രാഹുൽ ഗാന്ധി സമാധാനത്തെക്കുറിച്ച് പറയുമ്പോൾത്തന്നെയാണ് കലാപത്തിൽ പങ്കാളിയായ ടൈറ്റ്‌ലറെ എഐസിസി സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതെന്ന് എഎപി നേതാവ് ജർണയിൽ സിങ് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജസ്ഥാനിൽനിന്നുള്ള പ്രതിനിധി പട്ടികയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്‌തരെ കുത്തിനിറച്ചെന്നാണ് ആക്ഷേപം. സച്ചിൻ പൈലറ്റ് പക്ഷത്തുനിന്ന് അദ്ദേഹമടക്കം മൂന്നുപേർ മാത്രമാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട 55 പേരും നാമനിർദേശം ചെയ്യപ്പെട്ട 20 പേരും രാജസ്ഥാനിൽനിന്ന് സമ്മേളനത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ മകൻ വൈഭവ് ഗെലോട്ടും പ്രതിനിധിയാണ്.
തെരഞ്ഞെടുക്കപ്പെട്ട 1300 പ്രതിനിധികളും നാമനിർദേശം ചെയ്യപ്പെട്ട 487 പേരുമാണ് 85–-ാം പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുക. ഇതിനുപുറമെ പിസിസികളിൽ അംഗങ്ങളായ 9915 പേരും പിസിസികളിൽനിന്ന് നാമനിർദേശം ചെയ്യപ്പെട്ട 3000 പേരുമുണ്ടാകും. കൈകോർക്കുക എന്ന് അർഥം വരുന്ന ‘ഹാഥ് സെ ഹാഥ് ജോഡോ’ എന്നതാണ് സമ്മേളന മുദ്രാവാക്യം. 24ന് ഉപസമിതികൾ ചേർന്ന് കരട് പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും. അടുത്ത രണ്ടു ദിവസം സമ്മേളനം ഇവ ചർച്ച ചെയ്യും. 26ന് വൈകിട്ട് റാലിയോടെ സമാപനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..