തിരുവനന്തപുരം > പഴയ പകിട്ടിലേക്ക് ആറ്റുകാൽ പൊങ്കാലയെത്തുമ്പോൾ 16 വർഷത്തെ ഓർമകളുമായി ചന്ദ്രിക. കോവിഡ് തളച്ചിട്ട വർഷങ്ങളുടെ പ്രതീക്ഷകളെയാകെ വീണ്ടെടുക്കാനാണ് പൊങ്കാലക്കലങ്ങളുമായി ചന്ദ്രികയെത്തിയത്. സ്വന്തംവരുമാനത്തിൽ ജീവിക്കണമെന്ന നിശ്ചയദാർഢ്യമാണ് മാർത്താണ്ഡം സ്വദേശിനിയായ ഈ അമ്പെത്തിയെട്ടുകാരിയെ വീണ്ടും തലസ്ഥാനത്തെത്തിച്ചത്.
റവന്യുവിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിന്റെ സാമ്പത്തിക പിൻബലമില്ലാതെ ജീവിക്കണമെന്ന ആഗ്രഹമാണ് ചന്ദ്രിക സ്വയംതൊഴിൽ അന്വേഷിക്കുന്നതിലെത്തിച്ചത്. ആറ്റുകാൽ പൊങ്കാലയ്ക്കെത്തി കലങ്ങൾ വിൽക്കാമെന്ന ആശയം പങ്കുവച്ചത് അനിയനാണ്. മെച്ചപ്പെട്ട വരുമാനം കിട്ടിയതോടെ നാട്ടിൽ കളിമൺപാത്രങ്ങളുടെ വിൽപ്പനയും ആരംഭിച്ചു. എല്ലാത്തിനും ഒപ്പമുണ്ടായിരുന്ന അനിയന്റെ മരണവും കോവിഡും തളർത്തിയെങ്കിലും അനിയന്റെ ആഗ്രഹത്തിൽ തുടങ്ങിവച്ച സംരംഭം കഴിയുംവിധം മുന്നോട്ടുകൊണ്ടുപോകാനാണ് ഇത്തവണ ചന്ദ്രികയെത്തിയത്. സഹായത്തിന് രണ്ട് ജോലിക്കാരുമുണ്ട്. അട്ടക്കുളങ്ങരയിലെ പാതയോരത്താണ് കച്ചവടം. സമീപത്ത് മകൾ ശിവകലയും കലം വിൽക്കുന്നുണ്ട്. കച്ചവടത്തിനുശേഷം പൊങ്കാലയിട്ടാകും ചന്ദ്രിക മടങ്ങുക.
ചന്ദ്രികയെപ്പോലെ നിരവധിയാളുകളാണ് തമിഴ്നാട്ടിൽ നിന്ന് പൊങ്കാലക്കലങ്ങളുമായി നഗരത്തിന്റെ പലയിടങ്ങളിൽ സ്ഥാനം പിടിച്ചത്. ഇനിയെത്താനുള്ളവർ കലം വച്ചും കയർകെട്ടിയും തങ്ങളുടെ ഇരിപ്പിടങ്ങൾ ബുക്ക് ചെയ്തുകഴിഞ്ഞു. 60 മുതൽ 200 രൂപ വരെയാണ് കലങ്ങൾക്ക് വില. 27നാണ് ആറ്റുകാൽ പൊങ്കാല ഉത്സവം കൊടിയേറുന്നത്. മാർച്ച് ഏഴിനാണ് പൊങ്കാല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..