22 February Wednesday

നടന്നതെന്തെന്ന് 
ജമാഅത്തെ ഇസ്ലാമി 
വ്യക്തമാക്കൂ : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023


കാസർകോട്
ആർഎസ്‌എസ്സുമായി നടന്ന ചർച്ചയിലെ കാര്യങ്ങൾ വെളിപ്പെടുത്താൻ ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ രണ്ടാംദിനം കാസർകോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്‌എസ്‌ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ചർച്ച നടന്നതെന്ന്‌ ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ്‌ അമീർ വെളിപ്പെടുത്തിയിട്ടുണ്ട്‌. തനിച്ചല്ല ചർച്ച നടത്തിയതെന്നും 14 മുസ്ലിം സംഘടനകളുടെ സംയുക്തവേദിയുടെ ഭാഗമായാണ്‌ ചർച്ചയെന്നും അതുകൊണ്ട്‌ അതിൽ പിശകില്ലെന്നുമുള്ള വിചിത്രവാദമാണ്‌ അദ്ദേഹം ഉയർത്തുന്നത്‌. ഈ വിഷയം ഉയർത്തി ഇസ്ലാമോഫോബിയ പടർത്താനാണ്‌ സിപിഐ എം ശ്രമമെന്ന്‌ പറയുന്ന ജമാഅത്തെ ഇസ്ലാമി, ഏറ്റവും കൂടുതൽ ഇസ്ലാമോഫോബിയ പടർത്തുന്ന ആർഎസ്‌എസ്സുമായി ചർച്ച നടത്തുന്നത്‌ എന്തിനാണ്‌? അവരുമായി സന്ധി നടത്തി എന്താണ്‌ നേടാൻ പോകുന്നതെന്നും വ്യക്തമാക്കണം.

ഹിന്ദു വർഗീയവാദികൾ മുസ്ലിംവിഭാഗങ്ങളെയാണ്‌ പ്രധാനമായും വേട്ടയാടുന്നത്‌. ക്രിസ്ത്യൻ വിഭാഗത്തിനെതിരെയുള്ള കടന്നാക്രമണവും തുടരുന്നു. കായിക ആക്രമണവും ദേവാലയങ്ങൾ തകർക്കുന്നതും തുടരുന്നു. എൺപതോളം ക്രിസ്ത്യൻ സംഘടനകൾ ചേർന്ന് ഡൽഹിയിൽ വലിയ പ്രതിഷേധവും ഉയർത്തി. വലിയ ആക്രമണം നടക്കുന്ന 21 സംസ്ഥാനങ്ങളെ അവർ ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ കേരളമില്ല എന്നത്‌ അഭിമാനകരമായ നേട്ടമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top