21 February Tuesday

യാത്ര ദുഷ്‌കരം; ഷൊർണൂർ – നിലമ്പൂർ റെയിൽപ്പാതയ്‌ക്കും പറയാനുള്ളത്‌ കേന്ദ്ര അവഗണനയുടെ കഥകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023

നിലന്പൂർ റെയിൽവേസ്റ്റേഷൻ

ഷൊർണൂർ – നിലമ്പൂർ റെയിൽപ്പാതയ്‌ക്കും പറയാനുള്ളത്‌ കേന്ദ്ര അവഗണനയുടെ കഥകൾ തന്നെ. ട്രെയിനുകളുടെ സമയമാറ്റവും വൈകിയോട്ടവും ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ട്‌ ചെറുതല്ല. ദീർഘദൂര യാത്രക്കാർക്ക്‌ ആശ്രയിക്കാൻ ഒരേയൊരു രാജ്യറാണി എക്‌സ്‌പ്രസേയുള്ളൂ. അല്ലെങ്കിൽ കഷ്ടപ്പെട്ട്‌ ഷൊർണൂരിലെത്തണം. ഏറെക്കാലമായുള്ള നിലമ്പൂർ–നഞ്ചൻകോട്‌ പാത ഇപ്പോഴും കടലാസിൽത്തന്നെ. നിലമ്പൂർ–-ഷൊർണൂർ പാതയിലൂടെ ഒരു യാത്ര.

നിലമ്പൂർ 

രാജ്യത്തെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രയിലൊന്നാകും ഷൊർണൂർ–-നിലമ്പൂർ പാത. 66 കിലോമീറ്ററാണ് ദൈർഘ്യം. ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിലൊന്നാണിത്‌. വരുമാനത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും ദക്ഷിണ റെയിൽവേയുടെ വികസന പട്ടികയിൽ ഏറ്റവും പിന്നിലാണ്‌. പരാധീനതകൾ ഏറെയാണ്‌.  പാലക്കാട്–-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പാതയിൽ ജില്ലയിൽ ചെറുകര, അങ്ങാടിപ്പുറം, മേലാറ്റൂർ, പട്ടിക്കാട്‌, തുവ്വൂർ, വാണിയമ്പലം, നിലമ്പൂർ സ്റ്റേഷനുകളും പാലക്കാട് ജില്ലയിൽ നാല്‌ സ്റ്റേഷനുകളുമുണ്ട്‌. നിലമ്പൂർ, വണ്ടൂർ, ഏറനാട്, നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്ക് തുടങ്ങി കുടിയേറ്റ മേഖലയിലെ ജനങ്ങളാണ് പാതയുടെ പ്രധാന ഗുണഭോക്താക്കൾ.  ദിനംപ്രതി ഒരുലക്ഷത്തിന് മുകളിൽ വരുമാനമുള്ള സ്റ്റേഷനുകൾ വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്‌. ബ്രിട്ടീഷുകാർ തുടങ്ങിയ കാലത്ത്‌ രണ്ട് സർവീസ് മാത്രമായിരുന്നു. അക്കാലത്തെ പത്ത് സ്റ്റോപ്പുകളിൽ ആറിടത്തും എല്ലാ സൗകര്യങ്ങളുമുള്ള ക്രോസിങ് സ്‌റ്റേഷൻ ക്രമീകരിച്ചിരുന്നു. പിന്നീട് അങ്ങാടിപ്പുറം, വാണിയമ്പലം ക്രോസിങ് സ്ഥലങ്ങൾ മാത്രം നിലനിർത്തി. ബ്ലോക്ക് സ്റ്റേഷനുകളായ നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം ഒഴികെ മറ്റ് ഹാൾട്ട്  സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണം  സ്വകാര്യ ഏജൻസികൾക്ക് കൈമാറി. 

പട്ടിക്കാട്

പട്ടിക്കാട് സ്റ്റേഷന്റെ വികസനം സാധ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൂന്താനത്തിന്റെ ജന്മഗൃഹം, പട്ടിക്കാട് ജാമിയ കോളേജ്, ശാന്തപുരം അൽജാമിയ കോളേജ്, വേങ്ങൂർ എംഇഎ എൻജിനിയറിങ് കോളേജ് തുടങ്ങി നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  കേന്ദ്രംകൂടിയാണ് പട്ടിക്കാട്. വിദൂരസ്ഥലങ്ങളിൽനിന്നുപോലും ധാരാളം യാത്രക്കാർ സ്‌റ്റേഷനിലെത്തുന്നുണ്ട്‌. ഇതിനനുസരിച്ചുള്ള സംവിധാനമോ സൗകര്യങ്ങളോ ഇവിടെയില്ല. സ്റ്റേഷൻ കെട്ടിടം വിപുലീകരിച്ച് ടിക്കറ്റ് റിസർവേഷൻ അടക്കമുള്ള സംവിധാനമൊരുക്കണം.

മേലാറ്റൂർ

മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പ്രവർത്തനം തുടങ്ങി ഒരുനൂറ്റാണ്ടിനോടടുക്കുന്നു. കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ല എന്നതാണ്‌ പ്രധാന പോരായ്മ. കുടിവെള്ള വിതരണത്തിനായി ടാപ്പ് ഒരുക്കി വർഷങ്ങൾ കഴിഞ്ഞെങ്കിലും വെള്ളം ഇതുവരെ എത്തിയില്ല. ഇപ്പോൾ ടാപ്പുകൾ ഉപയോഗശൂന്യമായി. ജലവിതരണത്തിനായി ടാങ്ക് സ്ഥാപിച്ചെങ്കിലും ഇതിന് ദ്വാരം വീണതിനാൽ ഉപയോഗിക്കാനാകുന്നില്ല. പ്രാഥമികാവശ്യങ്ങൾക്കുള്ള കെട്ടിടവും ഇതുവരെയായില്ല.  കംപ്യൂട്ടർ റിസർവേഷൻ കേന്ദ്രം, ടിക്കറ്റ് കൗണ്ടർ എന്നിവ ഒരുക്കലും  സ്‌റ്റേഷന്റെ മറ്റ്‌ ആവശ്യങ്ങളാണ്‌. പ്ലാറ്റ്ഫോമിൽ 12 കോച്ച്‌ നിർത്താനുള്ള നീളമേയുള്ളു. രാജ്യറാണിയടക്കം  പന്ത്രണ്ടിലധികം കോച്ചുകളുള്ള ട്രെയിനുകൾ ഈ റൂട്ടിൽ ഓടുന്നുണ്ട്. നീളക്കുറവ് കാരണം പ്ലാറ്റ്ഫോമിന് പുറത്തുള്ള കോച്ചുകളിൽ കയറാനും ഇറങ്ങാനും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്‌. ഇതിനായി 44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.

അങ്ങാടിപ്പുറം

ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ ഏറ്റവും അടുത്തുള്ള സ്റ്റേഷനാണെങ്കിലും അവഗണനയുടെ പാരമ്യത്തിലാണ്‌ അങ്ങാടിപ്പുറം. പുതുക്കിയ സമയക്രമമനുസരിച്ച് നാലും അഞ്ചും മണിക്കൂർവരെ  കാത്തുനിൽക്കേണ്ട യാത്രക്കാർക്ക് ആവശ്യമായ വിശ്രമമുറികൾപോലും ഇവിടെ ഇല്ല. ഉദ്യോഗസ്ഥരും വിവിധ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെത്തുന്നവരും പ്രധാന ക്ഷേത്രമായ തിരുമാന്ധാംകുന്നിലേക്ക് വരുന്ന ഭക്തജനങ്ങളുമടക്കം ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷൻ. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ പിറകിലാണ് അങ്ങാടിപ്പുറം.

വാണിയമ്പലം

–1921-ൽ നിലമ്പൂർ കാടുകളിൽനിന്ന് തേക്കുതടികൾ കൊണ്ടുപോകാൻ സ്ഥാപിച്ചതാണ് നിലമ്പൂർ–-ഷൊർണൂർ പാത. ഏതാണ്ട് അക്കാലത്തുതന്നെയാണ് വാണിയമ്പലം മരവ്യാപാരത്തിന്റെ കീർത്തികേട്ട നാടായി മാറിയത്. ഇന്ന് വാണിയമ്പലത്തിന്റെ പ്രശസ്തി ഗതാഗതക്കുരുക്കിന്റേതാണ്‌. ഈ വഴി ഒരിക്കലെങ്കിലും യാത്രചെയ്തവർ ഗേറ്റിലെ കുരുക്കിൽപെടാതിരിക്കില്ല. ആംബുലൻസടക്കമുള്ളവ കുരുക്കിൽ കുടുങ്ങുന്നത്  രോഗികളുടെ ജീവന്‌  ഭീഷണിയാണ്. ഗേറ്റിലെ കുരുക്കിൽ കുടുങ്ങിയ ആംബുലൻസിൽ രോഗി മരിച്ചത്‌ നാട്ടുകാർക്ക്‌ മറക്കാനാകില്ല. ഓട്ടോമാറ്റിക്‌ ലോക്കായതിനാൽ ഗേറ്റ് കീപ്പറും നിസ്സഹായനാണ്‌. ഗേറ്റിൽ കുടുങ്ങിയതിനെ തുടർന്ന് രണ്ട് കിലോമീറ്ററോളം ദൂരമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ച് ഗേറ്റിന്റെ മറുഭാഗത്തേക്ക് ആംബുലൻസ് എത്തിച്ച്  സ്ട്രക്‌ചറിൽ രോഗിയെ മറുഭാഗത്തെത്തിച്ച സംഭവവുമുണ്ടായി. ദിവസേന 14 തവണ ഗേറ്റ്‌ അടച്ചിടും. ഈ സാഹചര്യത്തിലാണ് ഇവിടെ മേൽപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നത്.  

ട്രെയിൻ കടന്നുപോയി ഗേറ്റ്‌ തുറന്നാലും ഗതാഗതക്കുരുക്ക് തീരില്ല. അമരമ്പലം റോഡ്, ഹൈസ്കൂൾ റോഡ്, താളിയംകുണ്ട് റോഡ് എന്നിവിടങ്ങളിൽനിന്നെല്ലാമുള്ള വാഹനങ്ങൾ വാണിയമ്പലം ടൗണിലേക്കാണ് ഒരുമിച്ച് പ്രവേശിക്കുന്നത്. ഇതിനെല്ലാം പരിഹാരമാർഗം മേൽപ്പാലം നിർമാണമാണ്‌. അതിന് കേന്ദ്രം കനിയണം. എന്നാൽ, ഈ ആവശ്യത്തിനായി എംപിമാർ പാർലമെന്റിൽ ശബ്ദിച്ചിട്ടില്ല. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ടോക്കൺ തുക വച്ചിട്ടുണ്ട്‌. 

ചെറുകര

ചെറുകര റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ഇരിക്കാൻപോലും സൗകര്യമില്ല. ചെറുകര റെയിൽവേ ഗേറ്റിൽ മേൽപ്പാലം എന്നത് പ്രഖ്യാപനത്തിൽ ഒതുങ്ങി. മേൽപ്പാലത്തിന്റെ മണ്ണ് പരിശോധന നടന്നിട്ട് വർഷങ്ങളായി. റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ ഏറെനേരം സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കും രൂക്ഷം. അലിഗഡ്‌ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ സമീപത്തെ റെയിൽവേ സ്റ്റേഷനാണ് ചെറുകര. പക്ഷേ അതിന്റെ പരിഗണനയുമില്ല.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
Top