21 February Tuesday

മധു കൊല്ലപ്പെട്ടിട്ട്‌ 
നാളെ അഞ്ചാണ്ട്‌; കേസിൽ വിചാരണ പൂർത്തിയാകുന്നു

പ്രത്യേക ലേഖകൻUpdated: Tuesday Feb 21, 2023
പാലക്കാട്‌ > അട്ടപ്പാടിയിൽ ആദിവാസി യുവാവ്‌ മധു കൊല്ലപ്പെട്ടിട്ട്‌ ബുധനാഴ്‌ച അഞ്ചുവർഷം തികയുന്നു. 2018 ഫെബ്രുവരി  22നാണ്‌ മുക്കാലി ചിണ്ടക്കി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച്‌ ഒരു സംഘം മർദിച്ചത്‌. തുടർന്നാണ്‌ മധു മരിച്ചത്‌. കേസിൽ 16 പ്രതികളാണുള്ളത്‌. പ്രതികൾക്ക്‌ ശിക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേകം ഇടപെട്ടു.
 
മണ്ണാർക്കാട്‌ പട്ടികജാതി - വർഗ പ്രത്യേക കോടതിയിലേക്ക്‌ കേസ്‌ മാറ്റുകയും എല്ലാ ദിവസവും വിചാരണ തുടരുകയും ചെയ്‌തു. മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ ആവശ്യപ്രകാരം സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. എന്നാൽ, ഇദ്ദേഹത്തിന്‌ കേസിൽ ഹാജരാകാൻ കഴിയില്ലെന്ന കാരണത്താൽ പിൻവാങ്ങിയപ്പോൾ പുതിയ ആളെ നിയമിച്ചു. ഇതും കുടുംബം നിർദേശിച്ച ആളെത്തന്നെയാണ്‌ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്‌. പ്രതികളിൽ 12 പേർക്ക്‌ കോടതി ജാമ്യം നൽകിയപ്പോൾ എതിർത്തതും സർക്കാരായിരുന്നു. സാക്ഷികളെ സ്വാധീനിച്ചതിന്‌ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പൊലീസും സംസ്ഥാന സർക്കാരും കോടതിയെ സമീപിച്ചു. കേസിലെ 122 സാക്ഷികളുടെയും വിസ്‌താരം പൂർത്തിയായി.
 
പ്രതികൾക്ക്‌ കുറ്റപത്രം വായിച്ച്‌ കേൾപ്പിക്കുകയും ചെയ്‌തു. ഇനി പ്രതികളുടെ വിസ്‌താരമാണ്‌ നടക്കാനുള്ളത്‌. ഇത്‌ പെട്ടെന്ന്‌ പൂർത്തിയാക്കി വിധിപറയുന്നതിലേക്ക്‌ നീങ്ങും. ഏറെ സങ്കീർണമായ കേസിൽ നിരവധി കടമ്പകളാണ്‌ അന്വേഷണ ഉദ്യോഗസ്ഥരും പ്രാേസിക്യൂഷനും മറികടന്നത്‌. സാക്ഷികളെ സ്വാധീനിച്ച്‌ മൊഴിമാറ്റുന്നുവെന്ന്‌ പൊലീസിന്‌ മനസ്സിലായയുടൻ പ്രതികളുടെ മൊബൈൽ പരിശോധിച്ച്‌ തെളിവ്‌ കണ്ടെത്തി. ഇതിനായി 30 ഓളം പൊലീസുകാർ ദിവസങ്ങളെടുത്താണ്‌ അന്വേഷണം പൂർത്തിയാക്കിയത്‌.
 
പണമിടപാട്‌ നടന്നതായും പൊലീസിന്‌ വിവരം ലഭിച്ചു. തുടർന്നാണ്‌ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്‌. മധുവിന്റെ രണ്ടാമത്തെ സഹോദരി ചന്ദ്രികയ്‌ക്ക്‌ പൊലീസിൽ നിയമനവും നൽകിയിരുന്നു. മൂത്ത സഹോദരി സരസു അങ്കണവാടി ജീവനക്കാരിയാണ്‌.
 
കൂറുമാറിയ 
സാക്ഷികളെ 
പിരിച്ചുവിട്ടു
 
മധു വധക്കേസിൽ സാക്ഷികളായ രണ്ട്‌ താൽക്കാലിക വാച്ചർമാർ മൊഴിമാറ്റിയപ്പോൾ സർവീസിൽനിന്ന്‌ വനം വകുപ്പ്‌ പിരിച്ചുവിട്ടു. 12-ാം സാക്ഷി അനിൽകുമാർ, 16 -ാം സാക്ഷി അ‌ബ്ദുൾ റസാഖ്‌ എന്നിവരെയാണ്‌ വനം വകുപ്പ്‌ പിരിച്ചുവിട്ടത്‌. ഇവർ നേരത്തേ പൊലീസിന്‌ അനുകൂലമായി മൊഴിനൽകിയിരുന്നു. എന്നാൽ, കോടതിയിൽ പ്രതികൾക്ക്‌ അനുകൂലമായി മൊഴി നൽകി. സാക്ഷികളെ സംരക്ഷിക്കാൻ ജില്ലാ ജഡ്‌ജി അധ്യക്ഷനായി സമിതിയും രൂപീകരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
Top