22 February Wednesday

ഹജ്ജ് തീര്‍ഥാടനം: 
പ്രധാന ക്യാമ്പ് കരിപ്പൂരിലെ 
ഹജ്ജ് ഹൗസില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023


തിരുവനന്തപുരം
കേരളത്തിൽനിന്നുള്ള 2023ലെ ഹജ്ജ് തീർഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസിൽ ക്രമീകരിക്കും. കണ്ണൂർ, കൊച്ചി മേഖലകളിൽ താൽക്കാലിക ക്യാമ്പുകൾ സജ്ജമാക്കാനും ധാരണയായി. ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.

കോഴിക്കോട്, കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് എംബാർക്കേഷൻ പോയിന്റുകളായി കേന്ദ്രം തീരുമാനിച്ചത്. എംബാർക്കേഷൻ പോയിന്റുകളിലേയും ക്യാമ്പുകളിലേയും പ്രവർത്തനത്തിന്  കലക്ടർമാർകൂടി മേൽനോട്ടം വഹിക്കണമെന്ന്‌ മന്ത്രി നിർദേശിച്ചു. വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എയർപോർട്ട് അതോറിറ്റികളുമായി കലക്ടർമാർ, എംഎൽഎമാർ, ഹജ്ജ്‌ കമ്മിറ്റിയം​ഗങ്ങൾ എന്നിവർ ചർച്ച നടത്തും.

കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്ത അപേക്ഷകർക്ക് ഇത്തവണ തീർഥാടനത്തിന് അവസരമില്ല. രണ്ട് ഡോസ് പൂർത്തിയാക്കാനുള്ളവർക്ക് പ്രത്യേക വാക്‌സിൻ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രൈവറ്റ് ഹജ്ജ് ഗ്രൂപ്പുകൾ വഴി പോകുമ്പോഴുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേക മാർ​ഗനിർദേശങ്ങൾ‌ നൽകും. ഹജ്ജ് സംഘാടക സമിതി രൂപീകരണത്തിലും, ഹജ്ജ് ട്രെയിനർമാരെ തെരഞ്ഞെടുക്കുന്നത്‌ സംബന്ധിച്ചും വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടാകണം. ഹജ്ജ് തീർഥാടകരുടെ സൗകര്യാർഥം സൗദിയിലേക്ക് സംസ്ഥാന സർക്കാർ ഒരു നോഡൽ ഓഫീസറെ നിയോഗിക്കാൻ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top