21 February Tuesday

ഇനിയും 
രാഹുൽ? ഹാസെൽവുഡ്‌ പുറത്ത്‌, 
വാർണർ സംശയത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2023

image credit lokesh rahul twitter


ന്യൂഡൽഹി
ആദ്യരണ്ട്‌ ടെസ്‌റ്റുകളിൽ ഇന്ത്യൻ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റനായിരുന്നു ലോകേഷ്‌ രാഹുൽ. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട്‌ ടെസ്‌റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ രാഹുൽ വൈസ്‌ ക്യാപ്‌റ്റനല്ല. ഇതോടെ മാർച്ച്‌ ഒന്നിന്‌ ഇൻഡോറിൽ തുടങ്ങുന്ന മൂന്നാം ടെസ്‌റ്റിൽ ഈ ഓപ്പണർ സംശയത്തിലായി. ക്യാപ്‌റ്റൻ രോഹിത്‌ ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും പിന്തുണച്ച്‌ സംസാരിക്കുന്നുണ്ടെങ്കിലും രാഹുലിന്റെ ടെസ്‌റ്റിലെ ഭാവി സങ്കീർണമാണ്‌.

ഈ പരമ്പരയിൽ 20, 17,1 എന്നിങ്ങനെയാണ്‌ മുപ്പതുകാരന്റെ സ്‌കോർ. അവസാന 10 ഇന്നിങ്‌സുകളിൽ 23 റണ്ണാണ്‌ ഉയർന്ന സ്‌കോർ. 8,12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയാണ്‌ ആ 10 ഇന്നിങ്‌സുകളിലെ സ്‌കോറുകൾ. 2014ലായിരുന്നു ടെസ്‌റ്റിലെ അരങ്ങേറ്റം. 47 മത്സരങ്ങളിൽ നേടിയത്‌ 2642 റൺ. ഏഴ്‌ സെഞ്ചുറി. ബാറ്റിങ്‌ ശരാശരി 33.44 മാത്രമാണ്‌.അടുത്ത ടെസ്‌റ്റിൽ രാഹുലിനെ മാറ്റി ശുഭ്‌മാൻ ഗില്ലിനെ ഇറക്കണമെന്ന ആവശ്യമുയരുന്നുണ്ട്‌.

കോഹ്‌ലിക്ക്‌ വേഗത്തിൽ 25,000 റൺ
വിരാട്‌ കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റിൽ 25,000 റൺ തികച്ചു. ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിനിടെയാണ്‌ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരം. വേഗത്തിൽ കുറിക്കുന്ന ആദ്യ ബാറ്റർ. ടെസ്‌റ്റിൽ 8195, ഏകദിനത്തിൽ 12,809, ട്വന്റി 20യിൽ 4008 എന്നിങ്ങനെയാണ്‌ റൺവേട്ട.

ഹാസെൽവുഡ്‌ പുറത്ത്‌, 
വാർണർ സംശയത്തിൽ
ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാംമത്സരവും തോറ്റ ഓസ്‌ട്രേലിയക്ക്‌ വീണ്ടും തിരിച്ചടി. പരിക്കുമാറാത്ത പേസർ ജോഷ്‌ ഹാസെൽവുഡ്‌ പരമ്പരയിൽനിന്ന്‌ പൂർണമായും പിന്മാറി. രണ്ടാംടെസ്‌റ്റിനിടെ പരിക്കേറ്റ ഡേവിഡ്‌ വാർണർ മൂന്നാംടെസ്‌റ്റിൽ ഉറപ്പില്ല. ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസ്‌ കുടുംബപരമായ ആവശ്യങ്ങളാൽ നാട്ടിലേക്ക് മടങ്ങി. മൂന്നാംടെസ്‌റ്റിനുമുമ്പ്‌ തിരിച്ചെത്തുമെന്നാണ്‌ പ്രതീക്ഷ.
അതേസമയം മറ്റൊരു പേസർ മിച്ചെൽ സ്‌റ്റാർക്ക്‌ കളിക്കാൻ സാധ്യതയുണ്ട്‌. കാമറൂൺ ഗ്രീനും കളിച്ചേക്കും. മാർച്ച്‌ ഒന്നിനാണ്‌ മൂന്നാംടെസ്‌റ്റിന്‌ തുടക്കം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top