22 February Wednesday
വിവാദം ശ്രദ്ധതിരിച്ചുവിടാൻ: 
പി കെ കുഞ്ഞാലിക്കുട്ടി

ഫാസിസ്റ്റ്‌ വിരുദ്ധതയുടെ 
കപടമുഖമഴിഞ്ഞു ; ആർഎസ്‌എസ്‌ ചർച്ച ന്യായീകരിക്കാനാകാതെ നേതൃത്വം

സ്വന്തം ലേഖകൻUpdated: Tuesday Feb 21, 2023


കോഴിക്കോട്‌
ആർഎസ്‌എസുമായി രഹസ്യചർച്ചയെ ന്യായീകരിക്കാനാവാതെ ജമാഅത്തെ ഇസ്ലാമി നേതൃത്വം. സംഘടനക്കുള്ളിൽ മതിയായ ചർച്ച നടത്താതെയെടുത്ത തീരുമാനം വലിയ തിരിച്ചടിയായെന്ന അഭിപ്രായം അണികൾക്കിടയിൽ ശക്തമാണ്‌. വിവാദം സിപിഐ എം തിരക്കഥയാണെന്ന കഥമെനഞ്ഞ്‌ തടിയൂരാൻ ശ്രമിക്കുമ്പോഴും അണികളെ ഇത്‌ പറഞ്ഞുഫലിപ്പിക്കാൻ നേതൃത്വത്തിനാകുന്നില്ല. മറ്റു മുസ്ലിം സംഘടനകൾ ചർച്ചക്കെതിരെ ഒന്നിച്ച്‌ അണിനിരന്നതും ക്ഷീണമായെന്നാണ്‌ വിലയിരുത്തൽ.  ഫാസിസ്‌റ്റ്‌ വിരുദ്ധതയുടെ കപട മുഖംമൂടി അഴിഞ്ഞുവീണതിന്റെ ജാള്യത്തിലാണ്‌ നേതൃത്വം.

ആർഎസ്‌എസുമായുള്ള സംവാദം അർഥശൂന്യമാണെന്നാണ്‌ അടുത്തിടെവരെ ജമാഅത്തെ നേതാക്കൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തത്‌.  മറ്റ്‌ മുസ്ലിം സംഘടനകൾ ആർഎസ്‌എസുമായി ചർച്ചനടത്തുന്നതും വേദി പങ്കിടുന്നതുംഎല്ലാകാലത്തും നഖശിഖാന്തം എതിർത്തു. അടുത്തിടെ കെഎൻഎം സമ്മേളനത്തിൽ ബിജെപി നേതാക്കളെ ക്ഷണിച്ചതിനെതിരെയും  ശക്തമായി പ്രതികരിച്ചു. ഇതെല്ലാം മറന്ന്‌ നേതൃത്വം ആർഎസ്‌എസ്‌ കൂടാരത്തിൽ പോയത്‌ അണികൾക്കുപോലും ദഹിച്ചിട്ടില്ല.   കഴിഞ്ഞ ദിവസം ജമാഅത്തെയുടെ വിദ്യാർഥി വിഭാഗമായ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ചർച്ചയെ തള്ളി ഫേസ്‌ബുക്ക്‌ കുറിപ്പിട്ടിരുന്നു.

ആർഎസ്എസുമായി ചർച്ചയോ സംവാദമോ നടത്തുന്നത്  രാഷ്ട്രീയ വിവേകമല്ലെന്നും അത്‌ വംശീയ ഉന്മൂലനവാദികളായ വേട്ടക്കാരന്റെ അജൻഡ തിരിച്ചറിയാത്തതുകൊണ്ടാണെന്നുമായിരുന്നു വിമർശനം.

വിവാദം ശ്രദ്ധതിരിച്ചുവിടാൻ: 
പി കെ കുഞ്ഞാലിക്കുട്ടി
പ്രധാന വിഷയങ്ങളിൽനിന്ന്‌ ശ്രദ്ധതിരിച്ചുവിടാനാണ്‌ ജമാഅത്തെ ഇസ്ലാമി–- ആർഎസ്‌എസ്‌ ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതെന്ന്‌ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു. തെരഞ്ഞെടുപ്പിൽ അവർ അവരുടേതായ നിലപാടെടുത്തിരുന്നു. എന്നാൽ അവരുമായിട്ട്‌ ലീഗിന്‌ സഖ്യമില്ല. സമസ്‌ത പുറത്താക്കിയവരുമായി സാദിഖലി ശിഹാബ്‌ തങ്ങൾ വേദി പങ്കിട്ടത്‌ യാദൃശ്ചികമാണ്‌. സമസ്‌തയുമായി പ്രശ്‌നങ്ങളുണ്ടെങ്കിൽ ചർച്ചചെയ്‌ത്‌ പരിഹരിക്കും. വ്യവസായ സംരംഭം തുടങ്ങുന്നതിൽ മന്ത്രി പി രാജീവ്‌ നല്ല താൽപ്പര്യമെടുത്തിരുന്നതായും കുഞ്ഞാലിക്കുട്ടി ചോദ്യങ്ങൾക്ക്‌ മറുപടിയായി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top