കോഴിക്കോട്
ആർഎസ്‌എസ്–-ജമാ അത്തെ ഇസ്ലാമി ചർച്ചയുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാൻ ലീഗ് നേതാക്കളും മുഖപത്രമായ ചന്ദ്രികയും വിമുഖത കാട്ടുമ്പോൾ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് സമസ്‌ത മുഖപത്രം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലാണ് ജമാഅത്തെ ഇസ്ലാമിയുടെ തനിനിറവും അവർ ഓരോകാലത്തും കാണിച്ച കാപട്യവും തുറന്നുകാട്ടുന്നത്.
‘‘ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങൾ അവരുടെ സംവിധാനങ്ങളും സ്ഥാപനങ്ങളും സംഘപരിവാറിന്റെ രൗദ്രമായ ബുൾഡോസർ കൈയേറ്റങ്ങളെ പ്രതിരോധിക്കാനായി രാജ്യത്തെ ജനാധിപത്യ നിയമ സംവിധാനങ്ങളിൽ ഉറച്ചുവിശ്വസിച്ച് മാപ്പിനും അനുരഞ്‌ജനത്തിനും കീഴടങ്ങാതെ അഭിമാനത്തോടെ പോരാടുകയാണ്. ഇതിനിടയിലാണ് വംശീയ ഉന്മൂലനവും ഹിന്ദുത്വ രാഷ്‌ട്രനിർമാണവും ലക്ഷ്യമാക്കി കുതിക്കുന്ന സംഘപരിവാരുമായി കുറുക്കനെ തേടിപ്പോവുന്ന കോഴിയെപ്പോലെ ജമാഅത്തെ ഇസ്ലാമിയും സംഘവും രഹസ്യചർച്ച നടത്തിയത് ’’ സുപ്രഭാതം പത്രത്തിൽ ശഫീഖ് പന്നൂർ എഴുതിയ ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിൽ മുസ്ലിങ്ങളുടെ പ്രശ്‌നങ്ങളെല്ലാം ചർച്ചചെയ്‌ത് പരിഹരിച്ചുകളയാം എന്ന അതിമോഹത്തോടെ സംഘപരിവാർ ആലയിലേക്ക് ധൈര്യസമേതം കടന്നുചെന്ന് ജമാഅത്ത് നേതാക്കൾ നടത്തിയ അതിഗംഭീരമായ ഇടപെടൽ പരസ്യമായുള്ളതാണെങ്കിൽ നാലാളെ അറിയിക്കുകയല്ലേ ചെയ്യേണ്ടത്. ജനുവരി 14ന് നടത്തിയ ചർച്ച 10 ദിവസം കഴിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ ജമാഅത്തെ ഇസ്ലാമിയെ പ്രേരിപ്പിച്ചതെന്താണെന്നും ‘ജമാഅത്തിന് ഹലാലായ മൂല്യാധിഷ്‌ഠിത ആർഎസ്‌എസ് ’എന്ന ലേഖനത്തിൽ ചോദിക്കുന്നു. ബാബരി മസ്‌ജിദ് തകർത്തപ്പോൾ കോൺഗ്രസിനൊപ്പം നിന്ന ലീഗിനെ ഏറ്റവും കൂടുതൽ വിമർശിച്ചത് ജമാഅത്തെ ഇസ്ലാമിയാണ്. ഈ ഘട്ടത്തിൽ തുടരുന്ന ലീഗ് നേതാക്കളുടെ മൗനവും വരികൾക്കുള്ളിൽ ചൂണ്ടിക്കാട്ടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..