21 February Tuesday

‘അവർക്ക്‌ പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടല്ലോ’ ; ലീഗ്‌ നേതൃത്വത്തിൽ വനിതാവിലക്ക്

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023

പിഎംഎ സലാം


കോഴിക്കോട്‌
നേതൃപദവിയിൽ  വനിതകളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന്‌ മുസ്‌ലീം ലീഗ്‌ പ്രവർത്തക സമിതി. എല്ലാ ജില്ലകളിലും അംഗത്വ ക്യാമ്പയിൻ പൂർത്തിയായപ്പോൾ ആകെ അംഗങ്ങളിൽ 51 ശതമാനവും വനിതകളാണെന്നാണ്‌ നേതൃത്വത്തിന്റെ അവകാശവാദം. അതനുസരിച്ച്‌ ഭാരവാഹികളിൽ വനിതകളുണ്ടാകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ ‘അവർക്ക്‌ പ്രവർത്തിക്കാൻ വനിതാ ലീഗുണ്ടല്ലോ’ എന്നായിരുന്നു ജനറൽ സെക്രട്ടറിയുടെ  ചുമതലയുള്ള പിഎംഎ സലാമിന്റെ മറുപടി.

മൂന്ന്‌ പ്രധാന ഭാരവാഹികളും 16 സഹഭാരവാഹികളും ഉൾപ്പെടെ 19 പേരടങ്ങുന്നതാണ്‌ ലീഗിന്റെ ഭാരവാഹി പട്ടികയെന്ന്‌ സലാം പറഞ്ഞു. 21 അംഗ സെക്രട്ടറിയറ്റും പ്രവർത്തിക്കും. പ്രവർത്തക സമിതിയിൽ 75 പേരുണ്ടാകും. അഞ്ഞൂറംഗ സംസ്ഥാന കൗൺസിലും ഉണ്ടാവും. മാർച്ച്‌ നാലിന്‌ പുതിയ നേതൃത്വം നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

എംഎസ്‌എഫിന്റെ വനിതാ വിഭാഗമായ ഹരിതയാണ്‌ സ്‌ത്രീ പ്രതിനിധ്യം സംബന്ധിച്ച ചർച്ച പാർടിയിൽ ഉയർത്തിയത്‌. എന്നാൽ, പുതിയ കമ്മിറ്റിയെ അവരോധിച്ച്‌ ഹരിതയെ നിർവീര്യമാക്കി. യൂത്ത്‌ ലീഗ്‌ പുനഃസംഘടനയിലും ഭാരവാഹിത്വത്തിൽ വനിതകൾക്ക്‌ പ്രാതിനിധ്യം നൽകിയില്ല.പാർടി ഭരണഘടന പുതുക്കുമ്പോൾ വനിതകൾക്ക്‌ മതിയായ പ്രതിനിധ്യം ഉറപ്പാക്കുമെന്ന്‌  ലീഗ്‌ അവകാശപ്പെട്ടിരുന്നു.  ഭരണഘടന ഭേദഗതിചെയ്‌തിട്ടും വനിതാ പ്രാതിനിധ്യം നടപ്പാക്കിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top