21 February Tuesday
കേരളത്തിൽ മികച്ച 
പൊതുവിദ്യാഭ്യാസം

രാജ്യാധികാരം ബ്രിട്ടീഷുകാരെ 
സേവിച്ചവരുടെ കൈകളിൽ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Feb 20, 2023


കാഞ്ഞങ്ങാട്‌
ബ്രിട്ടീഷുകാരെ സേവിച്ചവരുടെ കൈളിലാണ്‌ രാജ്യാധികാരമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യവിട്ട്‌ പോകരുതെന്ന്‌ ബ്രിട്ടീഷുകാരെ കണ്ട്‌ ആവശ്യപ്പെട്ടവരാണവർ. സ്വാതന്ത്ര്യസമരത്തിന്റെയും രാജ്യത്തിന്റെയും ചരിത്രം തിരുത്തിയെഴുതാൻ പലവിധത്തിൽ ശ്രമിക്കുന്നു. ചരിത്രപണ്ഡിതരെ അവഹേളിക്കുകയാണ്‌.  - കാഞ്ഞങ്ങാട്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ കെഎസ്‌ടിഎ സംസ്ഥാന സമ്മേളത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബ്രിട്ടീഷുകാർക്കെതിരെ ഏറ്റുമുട്ടി യുവത്വത്തിന്റെ പ്രസരിപ്പ്‌ കളയേണ്ടന്നു പറഞ്ഞത്‌  ആർഎസ്‌എസ്‌ ആചാര്യൻ ഗോൾവാൾക്കറാണ്‌. എല്ലാവരും സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ  വഞ്ചിച്ചവരാണവർ. അന്തമാൻ ജയിലിൽനിന്ന്‌ പുറത്തുവരാൻ മാപ്പെഴുതി ബ്രിട്ടീഷുകാരുടെ തൃപ്പാദങ്ങളിൽ സമർപ്പണം നടത്തി. മാപ്പെഴുതിക്കൊടുത്ത സവർക്കർക്ക്‌  വീരത്തം നൽകി വീർ സവർക്കാറാക്കി പാർലമെന്റിൽ ഫോട്ടോവച്ചു. സംഘപരിവാറിന്‌ ഒരിക്കലും മതനിരപക്ഷതയോട്‌ മമതയുണ്ടായിരുന്നില്ല. ലക്ഷ്യം ഹിന്ദുരാഷ്‌ട്രമാണെന്ന് ആർഎസ്‌എസ്‌ മേധാവി പലതവണ വ്യക്തമാക്കിയതാണ്‌.

ഭരണഘടനയെ പീച്ചിച്ചീന്താനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. സുപ്രീംകോടതി കേന്ദ്ര സർക്കാരിനെതിരെ അതൃപ്‌തി രേഖപ്പെടുത്തി. കേന്ദ്ര നിയമമന്ത്രി കോടതിക്കെതിരെ സംസാരിക്കുന്നു.  കേശവാനന്ദ ഭാരതി കേസിലെ സുപ്രീംകോടതിവിധിയെ ഉപരാഷ്‌ട്രപതി പരസ്യമായി തള്ളിപ്പറയുന്നു. വിദ്യാഭ്യാസമേഖല കൈപ്പിടിയിലാക്കി വർഗീയത കുത്തിനിറച്ചാൽ തങ്ങളാഗ്രഹിക്കുന്ന സമൂഹത്തെ വളർത്തിയെടുക്കാമെന്നാണ്‌ സംഘപരിവാർ കരുതുന്നത്‌. വർഗീയതയെ ശക്തമായി എതിർക്കുന്ന സമൂഹമെന്ന നിലയിൽ സംഘപരിവാറിന്റെ പിത്തലാട്ടങ്ങൾക്കൊന്നും കേരളം വഴങ്ങില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തിൽ മികച്ച 
പൊതുവിദ്യാഭ്യാസം
കേരളത്തിലേത്‌ രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസമേഖലയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസർക്കാരും നിതി അയോഗും ഇത്‌ സാക്ഷ്യപ്പെടുത്തുന്നു. 2016ൽ അഞ്ച്‌ ലക്ഷം വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽനിന്ന്‌ കൊഴിഞ്ഞുപോയിരുന്നു. ഇവിടെയൊന്നും നടക്കില്ലെന്ന നിരാശയിലായിരുന്നു എല്ലാവരും. ഇപ്പോൾ ആ സ്ഥിതി മാറി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ ഏഴുവർഷത്തിൽ 10 ലക്ഷം  വിദ്യർഥികളാണ്‌ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട്ട്‌ 
അത്യുജ്വല 
അധ്യാപക റാലി
അലാമിപ്പള്ളിയിലെ ടി ശിവദാസമേനോൻ നഗറിൽ നടക്കുന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനം ചൊവ്വാഴ്‌ച സമാപിക്കും. രാവിലെ 9.30ന് പൊതുചർച്ചക്കുള്ള മറുപടി, പ്രമേയാവതരണം,  ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും. തുടർന്ന്  ഭാരവാഹി തെരഞ്ഞെടുപ്പ്‌. പകൽ രണ്ടിന് യാത്രയയപ്പ് സമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും.

 സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട്‌ അത്യുജ്വല അധ്യാപകറാലി നടന്നു. കാഞ്ഞങ്ങാട്‌ സ്‌മൃതിമണ്ഡപത്തിനു സമീപത്തുനിന്നാരംഭിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു. അലാമിപ്പള്ളിയിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനം ആരംഭിക്കുമ്പോൾ റാലി സമാപിച്ചിരുന്നില്ല. മടിക്കൈ ഉണ്ണിക്കൃഷ്‌ണമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ  32–-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതീകമായി 32 ചെമ്പതാകയേന്തി അധ്യാപകർ നീങ്ങി. പിന്നിൽ സംസ്ഥാന നേതാക്കളും തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള പ്രതിനിധികളും പ്രവർത്തകരും അണിനിരന്നു. വഴിയോരങ്ങളിൽ ബഹുജന, സർവീസ്‌  സംഘടനകൾ അഭിവാദ്യമർപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top