പ്രിട്ടോറിയ
അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ വനിതാ ട്വന്റി 20 ലോകകപ്പ് സെമിയിൽ കടന്നു. ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്ണിനാണ് ഇന്ത്യഅയർലൻഡിനെ മറികടന്നത്. 56 പന്തിൽ 97 റണ്ണെടുത്ത ഓപ്പണർ സ്‌മൃതി മന്ദാനയാണ് ഇന്ത്യയുടെ വിജയശിൽപ്പി.
സ്‌കോർ: ഇന്ത്യ 6–-155; അയർലൻഡ് 2–-54 (8.2)
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 6–-155 റണ്ണാണെടുത്തത്. മറുപടിക്കെത്തിയ അയർലൻഡ് 8.2 ഓവറിൽ 2–-54 എത്തിനിൽക്കെ മഴയെത്തി. ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റൺ പിന്നിലായിരുന്നു അയർലൻഡ്. ഇതോടെ ഇന്ത്യ സെമിയിലേക്ക് കുതിച്ചു. ഓസ്ട്രേലിയയാണ് സെമിയിലെ എതിരാളി. 23നാണ് മത്സരം.
നാല് കളിയിൽ ആറ് പോയിന്റുമായി രണ്ടാമതാണ് ഇന്ത്യ. ഇത്രതന്നെ പോയിന്റുള്ള ഇംഗ്ലണ്ട് റൺറേറ്റിൽ മുന്നിലെത്തി. ഇന്ന് അവസാന മത്സരത്തിൽ പാകിസ്ഥാനാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.ടോസ് നേടി ബാറ്റിങ് തെരഞ്ഞെുത്ത ഇന്ത്യക്ക് വേഗത്തിൽ റണ്ണടിക്കാനായില്ല. ഒരറ്റത്ത് മന്ദാന ബൗണ്ടറികൾ കണ്ടെത്തിയെങ്കിലും ഷഫാലി വർമ പതറി. ഒടുവിൽ 29 പന്തിൽ 24 റണ്ണെടുത്ത് ഷഫാലി മടങ്ങി.
പത്താം ഓവറിൽ 1–62 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്നാംനമ്പറിൽ എത്തിയ ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറും വേഗം കുറഞ്ഞ പിച്ചിൽ താളം കണ്ടെത്താനാകാതെ വലഞ്ഞു. 20 പന്തിൽ 13 റണ്ണെടുത്ത ക്യാപ്‌റ്റനെ ലോറ ഡെലാനി പുറത്താക്കി. ഇതിനിടെ ഹർമൻപ്രീത് കൗർ ട്വന്റി 20യിൽ 3000 റൺ പൂർത്തിയാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്. സ്ഥാനക്കയറ്റം കിട്ടിയ റിച്ചാ ഘോഷും (0) അതേ ഓവറിൽ മടങ്ങി. എന്നാൽ, മന്ദാന ഏറ്റവും മികച്ച സ്‌കോർ നേടിയാണ് കളംവിട്ടത്. മൂന്ന് സിക്‌സറും ഒമ്പത് ഫോറും ഈ ഇടംകൈ ബാറ്ററുടെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. ജമീമ റോഡ്രിഗസ് 12 പന്തിൽ 19 റണ്ണുമായി പുറത്താകാതെനിന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..