ന്യൂഡൽഹി
എഐസിസി പ്ലീനറി സമ്മേളനം 24ന് ഛത്തീസ്‌ഗഢ് തലസ്ഥാനമായ റായ്‌പുരിൽ തുടങ്ങാനിരിക്കെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളിലും വീടുകളിലും ഇഡി റെയ്‌ഡ്. 500 കോടി രൂപയുടെ കൽക്കരി തീരുവ കുംഭകോണവുമായി ബന്ധപ്പെട്ടാണ് റെയ്‌ഡുകളെന്ന് ഇഡി ഉദ്യോഗസ്ഥർ പ്രതികരിച്ചു. പിസിസി ട്രഷറർ രാംഗോപാൽ അഗർവാൾ, ദേവേന്ദ്ര യാദവ് എംഎൽഎ, കോൺഗ്രസ് വക്താവ് ആർ പി സിങ്, സംസ്ഥാന നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് അധ്യക്ഷൻ സണ്ണി അഗർവാൾ എന്നിവരുമായി ബന്ധമുള്ള കേന്ദ്രങ്ങളടക്കം 14 ഇടത്താണ് റെയ്‌ഡ്.
ഛത്തീസ്‌ഗഢിൽനിന്ന് കടത്തുന്ന ഓരോ ടൺ കൽക്കരിക്കും 25 രൂപവീതം അനധികൃത തീരുവ ചുമത്തിയെന്നും ഇതിന്റെ സാമ്പത്തികനേട്ടം കോൺഗ്രസ് നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും ലഭിച്ചെന്നും ആരോപിച്ചുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്‌ഡ്. കഴിഞ്ഞ ഒക്ടോബറിൽ ഇഡി 40 കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡുകളിൽ നാലു കോടി രൂപയുടെ കറൻസിയും വിവിധ രേഖകളും പിടിച്ചെടുത്തു. മുതിർന്ന ഉദ്യോഗസ്ഥരായ സൗമ്യ ചൗരസ്യ, സമീർ വിഷ്‌ണോയി, കൽക്കരി വ്യവസായി സുനിൽ അഗർവാൾ എന്നിവരടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അതേസമയം, എഐസിസി സമ്മേളന തയ്യാറെടുപ്പുകളിൽ ഏർപ്പെട്ടിരുന്നവരെ തടസ്സപ്പെടുത്തി കോൺഗ്രസിന്റെ മനോവീര്യം തകർക്കാനാകില്ലെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. അദാനിക്കു പിന്നിലുള്ള സത്യം പുറത്തുവന്നതിലും ഭാരത് ജോഡോ യാത്ര വിജയിച്ചതിലും ബിജെപി നിരാശയിലാണെന്ന് ബാഗേൽ പറഞ്ഞു. രാഷ്‌ട്രീയ എതിരാളികളെ കൈകാര്യം ചെയ്യാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നത് ബിജെപിയുടെ പതിവ് തന്ത്രമാണെന്ന് പിസിസി വക്താവ് സുശീൽ ആനന്ദ് ശുക്ല പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..