തിരുവനന്തപുരം
സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കഴിവുകെട്ടവരാണെന്നും പാർടിയിലെ തർക്കങ്ങൾ പരിഹരിക്കാൻപോലും ഇവർക്ക് ആകുന്നില്ലെന്നും എംപിമാർ. കെ സുധാകരനും വി ഡി സതീശനും പ്രതീക്ഷിച്ചത്ര ഉയർന്നില്ല. കെപിസിസി ഓഫീസ് ചിലരുടെ കൂത്തരങ്ങായി. ഗ്രൂപ്പിന്റെ ഭാഗമായിനിന്ന് സ്ഥാനത്ത് എത്തിയശേഷം ഗ്രൂപ്പിനെ തള്ളിപ്പറയുന്ന സതീശന്റെ രീതി ശരിയല്ല. ഗ്രൂപ്പില്ലാ ഗ്രൂപ്പ് ഉണ്ടാക്കുന്നതും ശരിയല്ല. തെരഞ്ഞെടുപ്പിനെ നേരിടാൻ പാകത്തിന് പാർടി സജ്ജമായില്ലെന്നും എംപിമാർ എഐസിസി അധ്യക്ഷനെ അറിയിച്ചു. റായ്‌പുർ പ്ലീനത്തിന് മൂന്നു ദിവസം ബാക്കിനിൽക്കെയാണ് ചില എംപിമാർ പരസ്യമായിത്തന്നെ ഭിന്നതകൾ തുറന്നുപറഞ്ഞത്.
ശശി തരൂരിനെപ്പോലെയുള്ള നേതാവിനെ തള്ളിക്കളഞ്ഞാൽ തിരിച്ചടി കിട്ടുമെന്നാണ് ഇവരുടെ നിലപാട്. അർഹമായ പദവി നേതൃതലത്തിൽ നൽകണം. കെ സി വേണുഗോപാൽ അടക്കമുള്ളവർ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പറയാൻ തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു.
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ യുഡിഎഫ് കൺവീനറും എ ഗ്രൂപ്പ് നേതാവുമായ ബെന്നി ബഹനാൻ എംപി നേതൃത്വത്തിനെതിരായ വിമർശങ്ങൾ ആവർത്തിച്ചു. നേതൃത്വത്തിന് കൂട്ടായ്മ ഇല്ല. ഇത്രയൊന്നും ഭാരവാഹികൾ ഇല്ലാത്ത കാലത്ത് തങ്ങൾ പാർടിയെ തുടർച്ചയായി വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ഇപ്പോൾ ഏതാനും നേതാക്കൾ ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നു. ഇത് ശരിയല്ല. കെപിസിസി ഓഫീസിനെതിരെ ഇത്രമാത്രം പരാതി ഉയരാതെ കെ സുധാകരൻ ശ്രദ്ധിക്കേണ്ടതായിരുന്നു. കോഴിക്കോട്ട് ചിന്തൻശിബിര തീരുമാനങ്ങൾ നടപ്പാക്കുന്നില്ല. കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ പ്ലീനം കഴിയുന്നതോടെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയില്ല; പുനഃസംഘടന നീളും
ജില്ലാതല തെരഞ്ഞെടുപ്പ് സമിതി 18നകം ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ പട്ടിക കൈമാറണമെന്ന കെപിസിസി അന്ത്യശാസനവും നടപ്പായില്ല. ആലപ്പുഴ മാത്രമാണ് പട്ടിക കൊടുത്തത്. അവിടെയും രൂക്ഷമായ തർക്കമുണ്ട്. ജില്ലാ സമിതിക്കു പുറത്തുള്ളവരും പേരുകൾ അയക്കുന്നുണ്ട്. കാലതാമസം വരുത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന കെപിസിസി ഭീഷണി 13 ഡിസിസിയും വകവച്ചിട്ടില്ല. എന്നാൽ, പുനഃസംഘടന അന്തിമഘട്ടത്തിലാണെന്നും മറ്റു ജില്ലകളിൽനിന്ന് താമസിയാതെ റിപ്പോർട്ടുകൾ കിട്ടുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..