മട്ടന്നൂർ
തലയിൽ ചുവപ്പുകെട്ടിയാൽ മനസ്സ് ചുവക്കില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ക്വട്ടേഷൻ സംഘങ്ങളെ പാർടി നവമാധ്യമ പ്രചാരണത്തിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷൻ–- മാഫിയാ സംഘങ്ങളെ തുറന്നുകാട്ടി തില്ലങ്കേരിയിൽ നടന്ന സിപിഐ എം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പത്ത് കൊണ്ട് എന്തും പിടിച്ചെടുക്കാമെന്ന ഹുങ്ക് നാട് ഒരുമിച്ചു നേരിടും. ക്വട്ടേഷൻ സംഘങ്ങൾ സ്വർണവും ഹവാലയുമൊക്കെ കടന്ന് ലഹരിക്കടത്തിലൂടെയാണിപ്പോൾ പണമുണ്ടാക്കുന്നത്. പണത്തോടുള്ള ആർത്തി മാത്രമാണ് ഇവരെ നയിക്കുന്നത്. തെറ്റായ വഴിയിലൂടെയുണ്ടാക്കുന്ന പണത്തിൽ ഒരുപങ്ക് ധനസഹായമായും മറ്റും കൊടുക്കും. ഇതുകൊണ്ടൊന്നും ദുഷ്‌ചെയ്‌തികൾക്ക് സാധൂകരണമാകില്ല. അവിഹിതമാർഗത്തിലൂടെ ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റിയാൽ ഇന്നല്ലെങ്കിൽ നാളെ സമൂഹം ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. ചോദ്യംചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. ഭീഷണിക്കുമുന്നിൽ മുട്ടുമടക്കാൻ മനസ്സില്ലെന്ന് നാട് ഒറ്റക്കെട്ടായി പറയണമെന്നും എം വി ജയരാജൻ പറഞ്ഞു.
തില്ലങ്കേരിയിലെ പാർടിയുടെ മുഖം അഞ്ഞൂറിലേറെ വരുന്ന അംഗങ്ങളാണെന്ന് സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ പറഞ്ഞു. പാർടിയുടെ മുഖം ആകാശും സംഘവുമാണെന്നാണ് പ്രമുഖപത്രം വാർത്ത നൽകിയത്. പാർടിക്ക് അംഗീകരിക്കാനാകാത്ത കേസുകളിൽ പെട്ടതിനെത്തുടർന്നാണ് ഇയാളെ പുറത്താക്കിയത്. അന്ന് ക്വട്ടേഷൻ സംഘങ്ങളുടെ പേരുവിവരം തന്നെ പാർടി പരസ്യമായി പറഞ്ഞിരുന്നു. ഇത്തരക്കാരുടെ സഹായം പാർടിക്ക് ആവശ്യമില്ല. പലവഴിക്ക് സഞ്ചരിക്കുമെന്നാണ് ഇവരുടെ സമൂഹമാധ്യമത്തിലെ ഭീഷണി. അത്തരക്കാരുമായി പാർടിക്ക് രാജിയില്ല. നിങ്ങൾക്ക് നിങ്ങളുടെ വഴിക്കുപോകാം. പാർടിക്ക് പാർടിയുടെ വഴിയുണ്ട്. ഇക്കാര്യത്തിൽ പാർടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നും പി ജയരാജൻ പറഞ്ഞു.
സ്വർണക്കടത്ത്–- ക്വട്ടേഷൻ–- മാഫിയാ സംഘങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ കള്ളപ്രചാരണങ്ങൾ സിപിഐ എമ്മിനെ പ്രതിരോധത്തിലാക്കിയെന്ന് വരുത്തുന്നവർക്ക് കനത്ത തിരിച്ചടിയായി യോഗം. ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറയുന്നതിൽ സിപിഐ എമ്മിൽ വിരുദ്ധാഭിപ്രായമെന്ന മാധ്യമ പ്രചാരണങ്ങളും പൊളിഞ്ഞുവീണു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..