കാഞ്ഞങ്ങാട്> ലഹരിമാഫിയയെ ചോദ്യം ചെയ്‌ത ഡിവൈഎഫ്‌ഐ നേതാക്കൾ ഉൾപ്പെടെയുള്ള ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകർക്കു നേരെ വധശ്രമം. അജാനൂർ ഇക്ബാൽ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അമിതവേഗതയിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയ ലഹരി മാഫിയാസംഘമാണ് തോക്ക് ചൂണ്ടി അക്രമിച്ചത്. പരിക്കേറ്റ ഡിവൈഎഫ്ഐ ഇഖ്‌ബാൽ നഗർ യൂണിറ്റ് സെക്രട്ടറി പി ജുനൈഫ് (33), സഹോദരൻ ഷറഫുദ്ധീൻ (31), സി പി അബ്ദുൾ സമദ് (31)എന്നിവരെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനി രാത്രി 10.30ന് ഹരിയാന രജിസ്ട്രേഷൻ പജേറോയിലെത്തിയ നാൽവർ സംഘമാണ് അക്രമത്തിനുപിന്നിൽ. വാഹന അഭ്യാസം നടത്തുന്നത് സമീപത്തെ വീട്ടുകാർ ഫോൺ വിളിച്ചറിയിച്ചതോടെ സംഘം യുവാക്കൾക്കുനേരെ തിരിയുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അജാനൂർ കടപ്പുറം പാലായിയിലെ നൗഷാദ് (35), ഇട്ടമ്മലിലെ അഫ്സൽ (28), ചേറ്റുകുണ്ടിലെ ഇർഫാൻ (30) എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളുമായിരുന്നു സംഘത്തിൽ.
തങ്ങൾക്കെതിരെ പൊലീസിൽ വിവരം നൽകി പിടിപ്പിക്കുന്നതിനാൽ ജീവിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞായിരുന്നു അക്രമം. തോക്ക് ചൂണ്ടിയശേഷം ചുറ്റിക ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ ഉപയോഗിച്ച് ഇടിച്ച് കൊല്ലാനും നോക്കി. ശബ്ദംകേട്ട് ആളുകളെത്തിയതോടെ സ്കൂളിന്റെ മതിലും ഗേറ്റും തകർത്തു. സ്കൂളിനുമാത്രം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ട്.
നൗഷാദിനെ പൊലീസ് അറസ്‌റ്റുചെയ്തു. മറ്റുള്ളവർ രക്ഷപ്പെട്ടു. വാഹനത്തിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പി കെ നിഷാന്ത്, ഏരിയാ സെക്രട്ടറി കെ രാജ്മോഹൻ, കൊളവയൽ ലോക്കൽ സെക്രട്ടറി എം വി നാരായണൻ, കാറ്റാടി കുമാരൻ തുടങ്ങിയവർ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..