ന്യൂഡൽഹി
വിശ്വാസികളെ വേട്ടയാടരുതെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ക്രൈസ്‌തവരുടെ വൻപ്രതിഷേധം. 79 സംഘടനയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്‌ച ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ആയിരങ്ങൾ അണിനിരന്നു. ‘അടിച്ചമർത്താം, ഇല്ലാതാക്കാനാകില്ല’–- എന്ന സന്ദേശം ഉയർത്തി നടന്ന കൂട്ടായ്മ വിവിധ സംസ്ഥാനങ്ങളിൽ നേരിടുന്ന വേട്ടയാടലുകൾ തുറന്നുപറഞ്ഞു. അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടും സർക്കാരുകളോ പൊലീസോ നടപടിയെടുക്കുന്നില്ലെന്ന വിമർശവും ഉയർന്നു. ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്‌ത്യാനികൾക്കെതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം അഞ്ചാംതവണയാണ് ക്രൈസ്‌തവസംഘടനകൾ ഒറ്റക്കെട്ടായി ഡൽഹിയിൽ സമരം നടത്തുന്നത്.
കത്തോലിക്കാ, എപ്പിസ്‌കോപ്പൽ, ഇവാഞ്ചലിക്കൽ, പെന്തകോസ്‌ത്, സ്വതന്ത്രസഭകൾ തുടങ്ങിയ സഭാവിഭാഗങ്ങളും സംഘങ്ങളും ഒറ്റക്കെട്ടായി പങ്കെടുത്തു. ഡൽഹി അതിരൂപതാ ആർച്ച് ബിഷപ് അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ഗുരുഗ്രാം മലങ്കര ബിഷപ് തോമസ് മാർ അന്തോണിയോസ്, മലങ്കര ഓർത്തഡോക്‌സ് ഡൽഹി ഭദ്രാസനം അധ്യക്ഷൻ യുഹാനോൻ മാർ ദെമിത്രിയോസ് മെത്രോപ്പോലീത്ത, ചർച്ച് ഓഫ് നോർത്ത് ഇന്ത്യാ ബിഷപ് പോൾ സ്വരൂപ് തുടങ്ങിയവർ നേതൃത്വം നൽകി.രാഷ്ട്രപതി, പ്രധാനമന്ത്രി, രാജ്യസഭാ–- ലോക്‌സഭാ സ്‌പീക്കർമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ തുടങ്ങിയവർക്ക് നിവേദനം നൽകുമെന്ന് സംഘടനകൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..