ബംഗളൂരു > ഓൾ ഇന്ത്യ നബാർഡ് എംപ്ലോയീസ് അസോസിയേഷൻ (എഐഎൻബിഇഎ) പതിനൊന്നാമത് ദ്വിദിന ത്രിവാർഷിക സമ്മേളനം ബംഗളൂരുവിലെ ഹോട്ടൽ റിയാൽട്ടോയിലുള്ള "സഖാവ് വിജയ് കെ ഭോസാലെ ഹാളിൽ" സമാപിച്ചു. അസോസിയേഷന്റെ പ്രസിഡന്റായി ജോസ് ടി എബ്രഹാമിനെയും സെക്രട്ടറിയായി റാണാ മിത്രയെയും യോഗം എതിരില്ലാതെ തെരഞ്ഞെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങളെ ഏത് വിധേനയും സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ കിണഞ്ഞ് പരിശ്രമിക്കുന്ന സാഹചര്യത്തിൽ പൊതുമേഖലാ സാമ്പത്തിക മേഖലയും നബാർഡ് പ്രത്യേകമായും നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സമ്മേളനം ചർച്ച ചെയ്തു. കേന്ദ്ര കേന്ദ്രസർക്കാരിന്റെ ഈ നയങ്ങൾ ശ്രദ്ധാപൂർവം രൂപീകരിക്കപ്പെട്ടിട്ടുള്ള ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, എൽഐസിഐ, ബാങ്കുകൾ, നബാർഡ് എന്നിവയുടെ നിലനില്പിനെ പൂർണ്ണമായും നശിപ്പിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തിന് വലിയ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇന്ത്യൻ ഭരണകൂടം പിന്തുടരുന്ന നവലിബറൽ നയ വ്യവസ്ഥയ്‌ക്കെതിരായി തൊഴിലാളിവർഗ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് രാജ്യത്തെ മുഖ്യധാരാ ട്രേഡ് യൂണിയനിലും ജനാധിപത്യ പ്രസ്ഥാനത്തിലും പങ്കുചേരുവാൻ സമ്മേളനം തീരുമാനിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി “പൊതുമേഖലാ സാമ്പത്തിക മേഖല നേരിടുന്ന പ്രശ്‌നങ്ങളും ട്രേഡ് യൂണിയന്റെ പങ്കും” എന്ന വിഷയത്തിൽ വിപുലമായ സെമിനാറും സംഘടിപ്പിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ദേബാശിഷ് ബസു ചൗധരി, "ഇൻഷുറൻസ് വർക്കർ" എഡിറ്റർ അമാനുല്ല ഖാൻ, ഐൻബിയ ജനറൽ സെക്രട്ടറി റാണ മിത്ര എന്നിവരായിരുന്നു പ്രഭാഷകർ.
നവ ഉദാരവൽക്കരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സ്വകാര്യവൽക്കരണ ത്തിനും എതിരെയും റിസർവ് ബാങ്കിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നുമുള്ള ഫണ്ടുകൾ ലഭ്യമാക്കി നബാർഡിന്റെ വികസന ധനകാര്യ സ്ഥാപന (ഡിഎഫ്ഐ) പദവി ശക്തിപ്പെടുത്തണം എന്ന ആവശ്യത്തിനായുമുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യോഗം സമാപിച്ചത്. രാജ്യത്തെ കർഷകരെ രക്ഷിക്കുന്നതിനായി ക്രാഫിക്കാർഡ് റിപ്പോർട്ടിന്റെ നയങ്ങൾക്കനുസൃതമായി നബാർഡും റിസർവ് ബാങ്കും തമ്മിലുള്ള നാഭീനാള ബന്ധം പറ്റുമെങ്കിൽ റിവേഴ്‌സ് മെർജറിലൂടെ തന്നെ ശക്തിപ്പെടുത്തണമെന്നും മുദ്രാവാക്യങ്ങൾ ഉയർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..