തിരുവനന്തപുരം
വിരമിക്കാൻ ഒരുമാസംമാത്രം ശേഷിക്കുന്ന ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാല ഇടക്കാല വൈസ് ചാൻസലർ സ്ഥാനത്ത് തുടരാനിടയില്ല. സാങ്കേതിക വിദ്യാഭ്യാസവകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ സിസയ്ക്ക് നവംബറിലാണ് ഗവർണർ സർവകലാശാല വിസിയുടെ അധിക ചുമതല നൽകിയത്. മാർച്ച് 31ന് ഇവർ വിരമിക്കുന്നതോടെ അധിക ചുമതല വഹിക്കാൻ കഴിയില്ല. ഈ സ്ഥാനത്ത് കോടതി നിർദേശിച്ചതുപോലെ സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ഒരാളെ ഗവർണർ തീരുമാനിക്കണം. സർക്കാരിനെ എതിർത്ത് ഗവർണർക്ക് സ്വന്തമായി ഒരാളെ ഇനി നിർദേശിക്കാൻ കഴിയില്ല.
ഇതിനു വിപരീതമായി ഗവർണർ പ്രവർത്തിച്ചാൽ സർക്കാരിന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കാം. വിസിയെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ഗവർണർ ഏകപക്ഷീയമായി നടത്തിയ നിയമനം ചട്ടവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. വിസി നിയമനത്തിനുള്ള പാനലിലേക്ക് യുജിസി നിർദിഷ്ട യോഗ്യതയുള്ള സർക്കാർ അംഗീകൃത എൻജിനിയറിങ് കോളേജുകളിലെ അധ്യാപകരുടെ പട്ടിക ഉന്നത വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കും. ഈ പട്ടികയാകും സർക്കാർ ഗവർണർക്ക് നൽകുക.
റദ്ദാക്കാത്തത് താൽക്കാലിക നിയമനമായതിനാൽ
താൽക്കാലിക നിയമനമായതിനാലാണ് ഡോ. സിസ തോമസിന്റെ നിയമനം കോടതി റദ്ദാക്കാതിരുന്നത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ അവർക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല.
സെബാസ്റ്റ്യൻ പോൾ
നിയമവിദഗ്ധൻ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..