കൊല്ലം > മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എന്‍ കെ പ്രേമചന്ദ്രൻ എംപിയുടെ ആക്ഷേപം പൊതുജനം അവജ്ഞയോടെ തള്ളുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കവെ നടത്തിയ തരംതാണ പ്രസംഗത്തിൽ നട്ടാല്‍കുരുക്കാത്ത നുണകളാണ് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞത്. കേരളീയരെ ദ്രോഹിക്കുന്ന കേന്ദ്ര ബജറ്റിനെതിരെ എംപി മൗനംപാലിക്കുന്നു.
കേന്ദ്രം ഒരുക്കുന്ന സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പെന്‍ഷന്‍ പദ്ധതികളും വികസനവും മുടങ്ങാതിരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാർ ഒരിഞ്ച് മുന്നോട്ടുപൊയ്‌ക്കൂടാ എന്ന സംഘപരിവാര്‍ അജൻഡയ്‌ക്കൊപ്പമാണ് എംപി. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ താന്‍ ആഗ്രഹിച്ച ഉത്തരത്തിനായി ചോദ്യം ചോദിച്ചത്.
യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും തെറ്റായ നയങ്ങളാൽ കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടന്നിരുന്ന അവസ്ഥയിലാണ് 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. തുടർന്ന് ആദ്യം പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്ന് തൊഴിലാളികള്‍ക്ക് തൊഴില്‍ പുനഃസ്ഥാപിച്ചു. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലായി 5000 തൊഴിലാളികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി തൊഴില്‍ നല്‍കി. യുഡിഎഫ് കാലത്ത് 2011 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് അഞ്ചുവർഷം നല്‍കാതിരുന്ന ഗ്രാറ്റുവിറ്റി കുടിശ്ശിക എല്‍ഡിഎഫ് സര്‍ക്കാരാണ് നല്‍കിയത്.
പുതിയ ബജറ്റില്‍ കശുവണ്ടി വികസന കോര്‍പറേഷനും കാപ്പക്‌സിനും ആധുനികവല്‍ക്കരണത്തിനുള്ള പ്രത്യേക പദ്ധതി, കാഷ്യൂ ബോര്‍ഡിന് റിവോള്‍വിങ് ഫണ്ടായി 43.55 കോടി, കശുവണ്ടി മേഖലയിലെ പുനരുജ്ജീവന പാക്കേജിന് 30 കോടി, കശുമാവ് കൃഷി വികസന ഏജന്‍സിക്ക് 7.20 കോടിയും വകയിരുത്തിയിട്ടുണ്ട്. കശുവണ്ടി ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ 9.36 ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയപ്പോള്‍ ഒരുവാക്കുപോലും പ്രതിഷേധിക്കാത്ത കൊല്ലത്തെ രണ്ട് യുഡിഎഫ് എംപിമാരാണ് കശുവണ്ടി രംഗത്തെ പ്രതിസന്ധിയുടെ മുഖ്യ ഉത്തരവാദികള്‍. ഇനിയെങ്കിലും ഇത് മനസ്സിലാക്കി സ്വന്തം ജാള്യത മറയ്ക്കാന്‍ മറ്റുള്ളവരെ ചെളിവാരിയെറിയുന്ന നിലപാട് തിരുത്തണമെന്നും എസ് സുദേവൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..