കൊല്ലം > ഇന്ത്യൻ നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ കേന്ദ്രആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. കൊലക്കേസിൽ അമിത്‌ഷായെ വിചാരണചെയ്യാൻ അമിക്കസ്‌ക്യൂറി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയതാണ്. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഭരണഘടനാമൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അമിത്‌ഷായെ വിചാരണചെയ്യണമെന്ന് റിപ്പോർട്ട് നൽകിയ ഗോപാൽ സുബ്രഹ്മണ്യത്തിന് സുപ്രീംകോടതി ജഡ്‌ജി പദവി നഷ്ടമായതല്ലാതെ ഒന്നും സംഭവിച്ചില്ല. പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് ഉൾപ്പെടെയുള്ള ഭരണഘടനാ ഭേദഗതിയിലൂടെ ആർഎസ്‌എസ് പ്രചാരകരായ നരേന്ദ്രമോദിയും അമിത്‌ഷായും ഇന്ത്യൻ ഭരണഘടനയെ മനുസ്‌മൃതിയുടെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണെന്നും എം എ ബേബി പറഞ്ഞു.
ബാർ കൗൺസിൽ മുൻ ചെയർമാൻ ഇ ഷാനവാസ്‌ഖാൻ അധ്യക്ഷനായി. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ഒ അശോകൻ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ സോമപ്രസാദ്, ജനറൽ കൺവീനർ പി കെ ഷിബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുമലാൽ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സജിനാഥ്, ജില്ലാ പ്രസിഡന്റ് ഓച്ചിറ എൻ അനിൽകുമാർ, അഡ്വ. സരിതാ മണിലാൽ എന്നിവർ പങ്കെടുത്തു. എഐഎൽയു സംസ്ഥാന വൈസ് പ്രസിഡന്റ് പാരിപ്പള്ളി രവീന്ദ്രൻ സ്വാഗതവും കൊല്ലം യൂണിറ്റ് സെക്രട്ടറി കെ ബി മഹേന്ദ്ര നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..