Latest NewsKeralaNews

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവം: അധ്യാപികയ്ക്കെതിരെ കേസെടുത്തു

മൂന്നാര്‍: ക്ലാസിലിരുന്ന് ഡസ്ക്കിൽ താളം പിടിച്ചതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കരണത്തടിച്ച സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിൽ ആണ് സംഭവം. സ്ക്കൂളിലെ താൽക്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസെടുത്തത്. ക്ലാസിലിരുന്ന് ഡസ്ക്കിൽ താളം പിടിച്ചതിന് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിക്ക് പിടിച്ച് ഉയർത്തുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകരമാണ് കേസെടുത്തത്.

ജ്യൂവനൈസ് ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അടുത്ത ദിവസം അന്വേഷണത്തിന് ഹാജരാകണമെന്ന് കാണിച്ച് അധ്യാപികക്ക് നോട്ടീസ് നൽകുമെന്ന് വണ്ടിപ്പെരിയാ‍ർ സിഐ പറഞ്ഞു. ടീച്ചർ ക്ലാസിലില്ലാതിരുന്നതിനാൽ കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കുകയും അതുവഴി വന്ന ജൂലിയറ്റ് ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളെ ശകാരിക്കുകയുമായിരുന്നു. ഇതോടൊപ്പം, ഡസ്കില്‍ കൊട്ടിയത് താനാണെന്ന് പറഞ്ഞ് കരണത്ത് അടിക്കുകയും ചെയ്തെന്ന് വിദ്യാര്‍ത്ഥി പറയുന്നു. വണ്ടിപ്പെരിയാർ സർക്കാർ എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മയെത്തിയപ്പോൾ കുട്ടിയുടെ കരണത്ത് അടിയേറ്റ പാട് കണ്ടു. അപ്പോഴാണ് ടീച്ചര്‍ അടിച്ച വിവരം കുട്ടി പുറത്ത് പറയുന്നത്.

വേദന മൂലം ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നതോടെ മകനെ രക്ഷിതാക്കള്‍ ആശുപത്രിയിൽ എത്തിച്ചു. പരാതിയെ തുടര്‍ന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം വണ്ടിപ്പെരിയാർ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button