ന്യൂഡൽഹി
ബിബിസി ഡൽഹി, മുംബൈ ഓഫീസുകളിലെ പ്രതികാര റെയ്‌ഡിൽ നിശിത വിമർശവുമായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ. സ്വതന്ത്ര മാധ്യമ സംഘടനകൾക്കും മനുഷ്യാവകാശ ഗ്രൂപ്പുകൾക്കും ബുദ്ധിജീവികൾക്കും എതിരായ മോദി സർക്കാരിന്റെ നയത്തിന്റെ തുടർച്ചയാണ് റെയ്‌ഡെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി. ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് തുറന്നുകാട്ടുന്ന ഡോക്യുമെന്ററിക്കു പിന്നാലെയാണ് റെയ്‌ഡ്. വിമർശങ്ങൾക്കെതിരായ പ്രതിലോമ നടപടി ആഗോളശക്തിയായി വളരുന്നെന്ന് നിരന്തരം മോദി അവകാശപ്പെടുന്ന രാജ്യത്തിന്റെ ശോഭ കെടുത്തുന്നതാണെന്നും പത്രം ലേഖനമെഴുതി.
മോദി അധികാരത്തിലെത്തിയ 2014 മുതൽ ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം അതീവ ഗുരുതരമായ വെല്ലുവിളി നേരിടുന്നെന്നാണ് വാഷിങ്‌ടൺ പോസ്റ്റ് ചൂണ്ടിക്കാട്ടി. പത്രപ്രവർത്തന സ്വാതന്ത്ര്യ സൂചികയിൽ 150–-ാം സ്ഥാനത്തേക്ക് രാജ്യം കൂപ്പുകുത്തിയത് വാൾസ്ട്രീറ്റ് ജേർണല്‍ ഓര്‍മിപ്പിച്ചു. യുകെ സർക്കാർ നേരിട്ട് വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചതിനെ ദ ഗാർഡിയൻ വിമർശിച്ചു. ജർമൻ മാധ്യമം ഡിഡബ്ലി, ഖത്തറിലെ അൽ ജസീറ, ബ്രിട്ടീഷ് പത്രം ടെലിഗ്രാഫ് എന്നിവയും കേന്ദ്രസർക്കാർ നടപടിയെ രൂക്ഷഭാഷയിൽ വിമർശിച്ചു. മോദിയുടേത് ക്രൂരമായ പ്രതികാരമാണെന്ന് അമേരിക്കൻ സംഘടന കമ്മിറ്റി ഫോർ പ്രൊട്ടക്ടിങ് ജേർണലിസ്റ്റ്, പാരീസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്‌സ് ബിയോണ്ട് ബോർഡേഴ്‌സ് എന്നിവ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..