ന്യൂഡൽഹി
രാജ്യത്തെ പ്രവാസി സമൂഹത്തിനായുള്ള പോരാട്ടം ഇടതുപാർടികൾ പാർലമെന്റിലും പുറത്തും ശക്തമായി തുടരുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള പ്രവാസി സംഘത്തിന്റെ പാർലമെന്റ് മാർച്ച് ജന്തർ മന്തറിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം സമ്മർദം ചെലുത്തിയാണ് മൻമോഹൻ സിങ് സർക്കാർ പ്രവാസികാര്യവകുപ്പ് രൂപീകരിച്ചത്. എന്നാൽ, മോദി സർക്കാർ ഇത് ഒഴിവാക്കി. ബ്രിട്ടീഷുകാർ പാസാക്കിയ കുടിയേറ്റ നിയമം പൊളിച്ചെഴുതണം.
കോവിഡിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട് മടങ്ങേണ്ടി വന്ന പ്രവാസികൾക്ക് കേരളം ഒട്ടേറെ ക്ഷേമപദ്ധതി ആരംഭിച്ചു. കേന്ദ്രം രാജ്യവ്യാപകമായി ഇത്തരം പദ്ധതി രൂപീകരിക്കണം. ആവശ്യമായ ഫണ്ടും നൽകണം. ഇത് നേടിയെടുക്കാൻ യോജിച്ച പോരാട്ടത്തിന് രംഗത്തിറങ്ങണമെന്നും യെച്ചൂരി ആഹ്വാനം ചെയ്‌തു. കേന്ദ്ര ബജറ്റിന്റെ 33 ശതമാനം സംഭാവന ചെയ്യുന്ന പ്രവാസികളോട് കടുത്ത അനീതിയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സംസ്ഥാനം രാജ്യത്താദ്യമായി പ്രവാസികൾക്കായി വകുപ്പ് രൂപീകരിച്ചത് കേരളത്തിലാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, ആർ ശ്രീകൃഷ്‌ണപിള്ള, ബാദുഷ കടലുണ്ടി, പി സെയ്‌താലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..