16 February Thursday

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: റിട്ട. അധ്യാപിക മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2023

അപകടത്തിൽ തകർന്ന കാറും കെഎസ്ആർടിസി ബസും

മാരാരിക്കുളം> ദേശീയപാതയിൽ പാതിരപ്പള്ളി ജങ്‌ഷന്‌ തെക്ക് കെഎസ്ആർടിസി ബസിൽ കാറിടിച്ച് റിട്ട. അധ്യാപിക മരിച്ചു. അധ്യാപകരായ മകൾക്കും മരുമകനും ഗുരുതര പരിക്ക്. ചുനക്കര വടക്ക് കോട്ടമുക്ക് പനവിളയിൽ രാധമ്മ (75- മലപ്പുറം പെരിയമ്പലം പുളിക്കൽ എഎംഎച്ച്‌എസ്‌) യാണ് മരിച്ചത്. മകൾ ജയശ്രീ (54), മരുമകൻ രാജീവ് (59) എന്നിവരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

രാധമ്മ

രാധമ്മ



വ്യാഴം ഉച്ചയോടെയാണ്‌ അപകടം. ആലപ്പുഴയിൽനിന്ന്‌ ചേർത്തലയ്‌ക്ക്‌ പോകുകയായിരുന്ന ബസിൽ എതിർദിശയിൽവന്ന കാർ ഇടിക്കുകയായിരുന്നു. രാജീവാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹം ഉറങ്ങിയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. തലയ്‌ക്ക്‌ സാരമായി പരിക്കേറ്റ രാധമ്മയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രാജീവിന്റെ വലതുകാൽ ഒടിഞ്ഞു. തലയിൽ രക്തസ്രാവമുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈകിട്ട് അടിയന്തര ശസ്‌ത്രക്രിയ നടത്തി. ആലപ്പുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയശ്രീയെ വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ബസ് ഡ്രൈവർക്കും പരിക്കുണ്ട്‌. രാധമ്മ മകളോടൊപ്പം മലപ്പുറം പുളിക്കൽ എച്ച്‌എസിന്‌ സമീപം ശ്രീരാഗം വീട്ടിലാണ് താമസം. രാജീവിന്റെ ചെറിയനാട്ടെ വീട്ടിലേക്ക് വരികയായിരുന്നു. റിട്ട. പ്രഥമാധ്യാപകനാണ്‌ രാജീവ്. ജയശ്രീ മലപ്പുറം പുളിക്കൽ ഹൈസ്‌കൂളിലെ അധ്യാപികയാണ്. ഭർത്താവ്‌: പരേതനായ സോമശേഖരൻനായർ (റിട്ട. എക്‌സൈസ്‌). മറ്റുമക്കൾ: രാജശ്രീ (അധ്യാപിക, മലപ്പുറം കണ്ണംവെട്ടിക്കാവ്‌ എകെഎച്ച്‌എം യുപിഎസ്‌), വിജയശ്രീ (റിട്ട. അധ്യാപിക, ആലപ്പുഴ ഗവ. യുപിഎസ്‌). മരുമക്കൾ: സന്തോഷ്‌ (റിട്ട. അധ്യാപകൻ), ഗോപകുമാർ (കെഎസ്‌ഇബി റിട്ട. സൂപ്രണ്ട്‌).

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top