തിരുവനന്തപുരം
കോൺഗ്രസ് പ്ലീനറി സമ്മേളനം 24 മുതൽ 26വരെ റായ്‌പുരിൽ നടക്കാനിരിക്കെ പ്രവർത്തകസമിതിയിലേക്ക് കേരളത്തിൽനിന്ന് ആരൊക്കെയെന്നതിൽ ചർച്ച സജീവം. എഐസിസി പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ച് തോറ്റെങ്കിലും അപ്രതീക്ഷിത പിന്തുണ വാരിക്കൂട്ടി ഞെട്ടിച്ച ശശി തരൂരിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ. നോമിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ മത്സരിക്കുമെന്ന സൂചനകളും തരൂർ ക്യാമ്പ് നൽകുന്നു. കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ തരൂരും മത്സരസാധ്യത നിഷേധിച്ചില്ല.
എ കെ ആന്റണിയും ഉമ്മൻചാണ്ടിയും ഒഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. രണ്ട് ഒഴിവിലേക്ക് രമേശ് ചെന്നിത്തല സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ശക്തനായ നേതാവെന്ന നിലയിലേക്കാണ് ചെന്നിത്തലയുടെ ഗ്രാഫ് ഉയരുന്നത്. രണ്ടാമത്തെയാൾ തരൂർ ആകണമെന്ന് സൂചിപ്പിക്കാൻ എം കെ രാഘവൻ, കെ മുരളീധരൻ, ബെന്നിബെഹനാൻ തുടങ്ങി എംപിമാർ കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടിരുന്നു. എ ഗ്രൂപ്പ് തരൂരിനൊപ്പമുണ്ട്.
റായ്‌പുർ പ്ലീനത്തിന്റെ ഡ്രാഫ്ടിങ് കമ്മിറ്റിയിൽ തരൂരിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കെ സി വേണുഗോപാലും സംസ്ഥാന നേതൃത്വവും തരൂരിന് അനുകൂലമല്ല എന്നുറപ്പുള്ളതിനാൽ ഔദ്യോഗിക പാനലിൽ ഉൾപ്പെടുക എളുപ്പമായിരിക്കില്ല. അങ്ങനെ വന്നാൽ മത്സരിക്കലാണ് തരൂരിന്റെ മുന്നിലുള്ള വഴി. ദേശീയ, സംസ്ഥാനതലങ്ങളിൽ കഴിവും സ്വാധീനവും തെളിയിച്ച തരൂരിനെ അവഗണിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് തരൂർ അനുകൂലിയായ നേതാവ് പറഞ്ഞു. അതിനിടെ, കേരളത്തിലായതുകൊണ്ടാണ് അവഗണിക്കപ്പെട്ടുകിടക്കുന്നതെന്നും മറ്റെവിടെയായിരുന്നെങ്കിലും പ്രവർത്തകസമിതിയിൽ വരേണ്ടയാളാണെന്ന് അവകാശപ്പെട്ട് കൊടിക്കുന്നിൽ സുരേഷും രംഗത്തുവന്നിട്ടുണ്ട്.
പുനഃസംഘടനയിൽ ആശയക്കുഴപ്പം
കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിത വാർത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ. സമയബന്ധിതമായിത്തന്നെ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും നിയമന നടപടി പൂർത്തിയാക്കും. 18നകം എല്ലാ ജില്ലകളിൽനിന്നുമുള്ള പാനൽ സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇത് കെപിസിസിക്ക് ലഭിച്ചാൽ നടപടി പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. റായ്‌പുർ പ്ലീനത്തിനുശേഷം മതി പുനഃസംഘടനയെന്ന് കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതുപ്രകാരം മാർച്ച് അവസാനത്തോടെ മാത്രമേ നടപടി പൂർത്തിയാകൂ എന്ന് നേതാക്കൾ സ്ഥിരീകരിച്ചു. ടി യു രാധാകൃഷ്ണന്റെ പുതിയ സർക്കുലർ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് നേതാക്കളുടെ പ്രതികരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..