തിരുവനന്തപുരം> യുവധാര സംഘടിപ്പിക്കുന്ന യുവ സാഹിത്യോത്സവം മെയ് 12 മുതൽ 14 വരെ ഫോർട്ട് കൊച്ചിയിൽ നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നൂറിലധികം എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. മൂന്നു വേദികളിലായി അമ്പതിലധികം സംവാദങ്ങളും ചർച്ചകളും ഉണ്ടാകും. ഫെസ്‌റ്റിവൽ ഡയറക്ടറായി പ്രമുഖ സാഹിത്യകാരൻ ബെന്യാമിനും കോർഡിനേറ്ററായി കവി ഡി അനിൽകുമാറും പ്രവർത്തിക്കുമെന്ന് യുവധാര ചീഫ് എഡിറ്ററും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ വി എ വസീഫും സെക്രട്ടറി വി കെ സനോജും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാഹിത്യോത്സവത്തിന്റെ പ്രചാരണാർഥം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രഭാഷണ പരമ്പരകൾ സംഘടിപ്പിക്കും. സാഹിത്യോത്സവത്തിനു മുന്നോടിയായി സംസ്ഥാനത്തെ 2427 മേഖലാ കേന്ദ്രങ്ങളിൽ സാഹിത്യോത്സവങ്ങളും വിവിധ മത്സരങ്ങളും നടത്തും. കഥ, കവിത, ഉപന്യാസം, പ്രസംഗം, ക്വിസ്, കവിതാലാപനം, തെരുവു നാടകം, മ്യൂസിക് ബാന്റ്, നാടൻ പാട്ട് മത്സരങ്ങൾ ഉണ്ടാകും. വിജയികളെ പങ്കെടുപ്പിച്ച് ബ്ലോക്ക് തലങ്ങളിലും തുടർന്ന് ജില്ലാ തലങ്ങളിലും മത്സരങ്ങൾ നടക്കും. ജില്ലാതല മത്സര വിജയികൾ പങ്കെടുക്കുന്ന സംസ്ഥാനതല മത്സരം സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും. ബെന്യാമിൻ, ഡി അനിൽ കുമാർ, യുവധാര മാനേജർ എം ഷാജർ, എഡിറ്റർ ഡോ. ഷിജുഖാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..