16 February Thursday

നഴ്‌സ് റിക്രൂട്ട്‌മെന്റിന്‌ യുകെയുമായി കരാർ; മുൻഗണന കേരളീയര്‍ക്ക് ; 30,000 തൊഴിലവസരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023

യുകെയിലെ ആരോ​ഗ്യപ്രതിനിധിസംഘം മന്ത്രി വി ശിവന്‍കുട്ടിയുമായി 
ചര്‍ച്ചനടത്തുന്നു


തിരുവനന്തപുരം
ആരോ​ഗ്യമേഖലയിലെ നിയമനത്തിന്‌ കേരളത്തിൽനിന്നുള്ളവർക്ക് മുൻ​ഗണന നൽകുമെന്ന് ബ്രിട്ടൻ.   ഒഡേപെക്‌ (ഒഡിഇപിസി) ആതിഥ്യം സ്വീകരിച്ച്‌ യുകെയിൽ നിന്നെത്തിയ ഒമ്പതം​ഗസംഘം,  മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ്‌ ഇക്കാര്യമറിയിച്ചത്‌. നിലവിൽ 30,000 തൊഴിലവസരങ്ങളുണ്ട്‌. മൂന്ന്‌ മാസത്തിനുള്ളിൽ 160 നഴ്‌സുമാരെയും 600 ലധികം സീനിയർ കെയർവർക്കർമാരെയും നിയമിക്കും. യുകെയിലെ വെസ്റ്റ് യോർക്ക്ഷെയറിലേക്ക് മാനസികാരോ​ഗ്യ വിഭാ​ഗം  നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഒഡേപെകുമായി സംഘം കരാർ ഒപ്പിട്ടു.  ഒഡേപെക്‌   മൂന്നുവർഷത്തിനിടെ അറുനൂറിലധികം നഴ്സുമാരെ യുകെയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഹെൽത്ത് എഡ്യൂക്കേഷൻ ഇം​ഗ്ലണ്ട് (എച്ച്ഇഇ), വെസ്റ്റ് യോർക്ക്ഷേർ ഇന്റഗ്രേറ്റഡ് കെയർ ബോർഡ് എന്നീ സ്ഥാപനങ്ങളിൽനിന്നുള്ളവരാണ് സംഘാം​ഗങ്ങൾ. സർക്കാർ, -സ്വകാര്യ മേഖലകളിലെ വിവിധ ആശുപത്രികളും നഴ്‌സിങ് കോളേജുകളും സംഘം സന്ദർശിച്ചു. ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്‌ച നടത്തി. മുഖ്യമന്ത്രിയുടെ യുകെ സന്ദർശനത്തിനു പിന്നാലെയാണ്‌ സംഘം കേരളത്തിലെത്തിയത്‌.

ഇംഗ്ലണ്ട് എൻഎച്ച്എസ് ഹെൽത്ത് എഡ്യൂക്കേഷൻ ഗ്ലോബൽ ഹെൽത്ത് പാർട്ണർഷിപ് ഡയറക്ടർ പ്രൊഫ. ജേഡ് ബയേൺ, അസോസിയറ്റ് ഡയറക്ടർ ഓഫ് വർക്‌ഫോഴ്‌സ് ജോനാഥൻ ബ്രൗൺ, വെസ്റ്റ് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് നഴ്‌സിങ്‌ ഡയറക്ടർ ബെവർലി ഗിയറി, ഗ്ലോബൽ ഹെൽത്ത് പാർട്ണർഷിപ് ഡെപ്യൂട്ടി ഡയറക്ടർ റേച്ചൽ മോനാഗൻ  എന്നിവരുടെ നേതൃത്വത്തിലാണ്‌ സംഘം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top