മുംബൈ
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ പലരും പൂർണ കായികക്ഷമതയില്ലാതെയാണ് കളിക്കുന്നതെന്ന് സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ. ടീമിൽ ഇടം കിട്ടാൻ വ്യാജ കായികക്ഷമതാ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നു. അതിനായി പ്രത്യേക ഇൻജക്‌ഷനുകൾ എടുക്കുന്നു. അത് വേദനാസംഹാരിയല്ല. പ്രകടനം മെച്ചപ്പെടുത്താനുള്ളതാണ്. ‘സീ ന്യൂസ്’ നടത്തിയ ഒളിക്യാമറയിലാണ് ചേതന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ.
സൂപ്പർതാരങ്ങൾക്കെല്ലാം സ്വന്തമായി ഡോക്‌ടർമാരുണ്ട്. അവരുടെ നിർദേശത്തിനാണ് പ്രാമുഖ്യം. പരിക്കുള്ളവർ പൂർണമായി ഭേദമാകാതെയാണ് കളിക്കാനിറങ്ങുന്നത്. അതിന് അവരെ സഹായിക്കുന്നത് ഇൻജക്‌ഷനുകളാണ്. ഇക്കാര്യങ്ങളെല്ലാം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് അറിവുള്ളതാണ്. ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലിയും മുൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയും നല്ല ബന്ധമായിരുന്നില്ല. ഗാംഗുലിക്ക് കോഹ്‌ലിയെ താൽപ്പര്യമില്ലായിരുന്നു. ഗാംഗുലിയെ മാധ്യമങ്ങൾക്കുമുന്നിൽ താഴ്‌ത്തിക്കെട്ടാൻ കോഹ്‌ലിയും ശ്രമിച്ചു. എന്നാൽ, കോഹ്‌ലിയെ ക്യാപ്‌റ്റൻസ്ഥാനത്തുനിന്ന് നീക്കിയതിൽ ഗാംഗുലിക്ക് പങ്കില്ല. സെലക്‌ഷൻ കമ്മിറ്റിയുടെ കൂട്ടായ തീരുമാനമാണ്. എന്നാൽ, കോഹ്‌ലി കരുതുന്നത് ഗാംഗുലി കളിച്ചുവെന്നാണ്.
രോഹിത് ശർമയും കോഹ്‌ലിയും തമ്മിൽ പോരില്ല. പക്ഷേ, രണ്ടു കൂട്ടർക്കും ‘ഈഗോ’ യുണ്ട്. സിനിമയിൽ അമിതാഭ് ബച്ചനും ധർമേന്ദ്രയും ഉള്ളതുപോലെ. രോഹിതിന് ഇനി ട്വന്റി20 ടീമിൽ സ്ഥാനമുണ്ടാകില്ലെന്നും ചേതൻ തുറന്നുപറഞ്ഞു. ഹാർദിക് പാണ്ഡ്യയായിരിക്കും ക്യാപ്‌റ്റൻ.പേസർ ജസ്പ്രീത് ബുമ്രയുടെ പരിക്ക് ഗൗരവമുള്ളതാണ്. ടീമിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബുമ്ര തന്നെവന്ന് കാണാറുണ്ടെന്നും ചേതൻ ശർമ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..