15 February Wednesday

ചാമ്പ്യൻസ്‌ ലീഗ്‌ പ്രീ ക്വാർട്ടർ: പിഎസ്‌ജിക്ക്‌ ബയേൺ പരീക്ഷ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

PSG - Paris Saint-Germain/www.facebook.com/PSG/photos

പാരിസ്‌> തോൽവികളിൽ ഉഴറുന്ന പിഎസ്‌ജിക്ക്‌ ഇന്ന്‌ ചാമ്പ്യൻസ്‌ ലീഗിൽ കടുത്ത പോരാട്ടം. മുൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ ആദ്യപാദ പ്രീ ക്വാർട്ടറിൽ നേരിടാനൊരുങ്ങുകയാണ്‌ പിഎസ്‌ജി. സ്വന്തംതട്ടകത്തിലാണ്‌ ഫ്രഞ്ച്‌ ലീഗ്‌ ചാമ്പ്യൻമാർക്ക്‌ കളി.

പരിക്കുകാരണം പുറത്തായിരുന്ന സൂപ്പർതാരം കിലിയൻ എംബാപ്പെ പരിശീലനം ആരംഭിച്ചത്‌ പിഎസ്‌ജിക്ക്‌ വലിയ ആശ്വാസമായി. എംബാപ്പെ കഴിഞ്ഞദിവസം സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിന്‌ ഇറങ്ങി. ലീഗിലെ അവസാന മത്സരത്തിൽ കളിക്കാതിരുന്ന മറ്റൊരു സൂപ്പർതാരം ലയണൽ മെസിയും പരിശീലനത്തിന്‌ ഉണ്ടായിരുന്നു. ബയേണിനെതിരെ മെസി കളിക്കും.  പൂർണമായും ശാരീരികക്ഷമത കൈവരിച്ചാൽമാത്രമേ എംബാപ്പെയെ കളിപ്പിക്കുകയുള്ളൂവെന്ന്‌ പിഎസ്‌ജി പരിശീലകൻ ക്രിസ്‌റ്റഫ്‌ ഗാൾട്ടിയർ വ്യക്തമാക്കി. ഈ മാസം ഒന്നിനാണ്‌ ഫ്രഞ്ച്‌ താരത്തിന്‌ പരിക്കേറ്റത്‌.

എംബാപ്പെ, മെസി, നെയ്‌മർ സഖ്യത്തിലാണ്‌ പിഎസ്‌ജിയുടെ പ്രതീക്ഷ.എന്നാൽ, വമ്പൻ താരനിരയുണ്ടെങ്കിലും അതിനൊത്ത പ്രകടനം പിഎസ്‌ജിയിൽനിന്ന്‌ ഉണ്ടാകുന്നില്ല. പ്രതിരോധത്തിലാണ്‌ ഏറെ പ്രശ്‌നം. മാർക്വിന്യോസ്‌ നയിക്കുന്ന പ്രതിരോധം തുറന്നുകിടപ്പാണ്‌. ഫ്രഞ്ച്‌ കപ്പിൽ മാഴ്സെയോട്‌ തോറ്റ്‌ പുറത്തായ പിഎസ്‌ജി ലീഗിൽ മൊണാകോയോടും തോറ്റു. മറുവശത്ത്‌, ജർമൻ ലീഗിൽ ബയേൺ ഒന്നാംസ്ഥാനത്ത്‌ തുടരുന്നുണ്ടെങ്കിലും പ്രകടനം മികച്ചതല്ല. അവസാന നാല്‌ കളിയിൽ മൂന്നിലും ജയിച്ചു. ജൂലിയൻ നാഗെൽസ്‌മാനാണ്‌ ബയേൺ പരിശീലകൻ. യുവതാരം ജമാൽ മുസിയാലയാണ്‌ ബയേണിന്റെ കരുത്ത്‌. തോമസ്‌ മുള്ളർ, കിങ്‌സ്‌ലി കൊമാൻ, സെർജി നാബ്രി എന്നിവരും പിഎസ്‌ജിക്ക്‌ ഭീഷണിയാകും. ഇന്ന് മറ്റൊരു മത്സരത്തിൽ എസി മിലാനും ടോട്ടനം ഹോട്സ്പറും ഏറ്റുമുട്ടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top