15 February Wednesday
കേരളം 0 കർണാടക 1 ; കർണാടകത്തിന്റെ 
വിജയഗോൾ അഭിഷേക്‌ നേടി

ഒറ്റയടിയിൽ തീർന്നു ; കേരളത്തെ ഒരു ഗോളിന്‌ വീഴ്‌ത്തി കർണാടക

അജിൻ ജി രാജ്Updated: Sunday Feb 12, 2023

കർണാടകയുടെ പ്രതിരോധം മറികടന്ന് 
ഗോൾ നേടാനുള്ള കേരളത്തിന്റെ വി അർജുന്റെ ശ്രമം / ഫോട്ടോ: മനു വിശ്വനാഥ്


ഭുവനേശ്വർ
കർണാടകയുടെ  പ്രതിരോധച്ചുഴിയിൽ ചാമ്പ്യൻമാർ പിടഞ്ഞു. സംഘടിത ഫുട്‌ബോളിന്റെ ആദ്യപാഠം മറന്ന കേരളത്തെ ഒരു ഗോളിന്‌ വീഴ്‌ത്തി കർണാടക സന്തോഷ്‌ ട്രോഫിയിൽ കരുത്തുകാട്ടി. 20–-ാംമിനിറ്റിൽ അഭിഷേക്‌ ശങ്കർ പവാർ കുറിച്ച ഗോളിലാണ്‌ ജയം. തോൽവി സെമിയിലേക്കുള്ള വഴി കഠിനമാക്കും. നാളെ മഹാരാഷ്‌ട്രയുമായാണ്‌ അടുത്തമത്സരം.

ഗോവയുടെ കടുത്തപരീക്ഷണം അതിജീവിച്ച കേരളത്തിന്‌ ഇത്തവണ പിടിച്ചുനിൽക്കാനായില്ല. മധ്യനിരയിൽ കളി മെനയാൻ ആളുണ്ടായില്ല. വിങ്ങുകളിലും പിഴച്ചു. ലക്ഷ്യബോധമില്ലാതെ മൈതാനത്ത്‌ അലയുന്ന കാഴ്‌ച. രണ്ടുതവണമാത്രമാണ്‌ കർണാടക ഗോൾമുഖത്ത്‌ പന്തെത്തിക്കാനായത്‌. തുടക്കം നിജോ ഗിൽബർട്ടിന്റെയും കളിയവസാനം ഒ എം ആസിഫിന്റെയും ശ്രമം ഗോൾകീപ്പർ സത്യജിത്‌ ബോർദോലോയുടെ കൈകളിലൊതുങ്ങി. കഴിഞ്ഞ കളിയിലെ വിജയശിൽപ്പി ആസിഫ്‌ ഇത്തവണയും പകരക്കാരനായാണ്‌ കളത്തിലെത്തിയത്‌. ക്യാപ്‌റ്റൻ വി മിഥുനിന്റെ പ്രകടനമാണ്‌ തോൽവിഭാരം കുറച്ചത്‌.

മറുവശം പട്ടാളച്ചിട്ടയായിരുന്നു കർണാടകയ്ക്ക്. പഞ്ചാബിനെതിരെ രണ്ട്‌ ഗോളിന്‌ പിന്നിട്ടുനിന്നശേഷം സമ നില പിടിച്ച വീര്യം കെട്ടിട്ടുണ്ടായിരുന്നില്ല. അളന്നുമുറിച്ച പാസുകളായിരുന്നു സവിശേഷത. കൃത്യസ്ഥാനങ്ങളിൽ നിലയുറപ്പിച്ച്‌ കളിഗതിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സാധിച്ചു. പന്ത്‌ കാലിൽവച്ച്‌ കളിപിടിക്കാനുള്ള പരിശീലകൻ രവി ബാബു രാജുവിന്റെ പദ്ധതി ഫലംകണ്ടു. 20–-ാംമിനിറ്റിലാണ്‌ ഗോളെത്തിയത്‌. വലതുപാർശ്വത്തിൽനിന്ന്‌ ജേക്കബ്‌ ജോണിന്റെ ബോക്‌സിലേക്കുള്ള നീളൻ ക്രോസ്‌. ഗോൾമുഖത്ത്‌ ജി സഞ്ജുവിന്റെ പിന്നിലായി നിലയുറപ്പിച്ച അഭിഷേകിലേക്കായിരുന്നു പന്തെത്തിയത്‌. ഹെഡ്ഡറിലൂടെ തട്ടിയകറ്റാനുള്ള സഞ്ജുവിന്റെ അലസശ്രമം മതിയായിരുന്നില്ല. പന്ത്‌ നെഞ്ചിലേക്കെടുത്ത്‌ വരുതിയിലാക്കിയശേഷം വലംകാൽകൊണ്ടൊരു തട്ടൽ. കേരളത്തിന്റെ ഹൃദയം തുളയ്‌ക്കാൻ അത്‌ ധാരാളമായിരുന്നു. പരിശീലകൻ പി ബി രമേശ്‌ അഞ്ചു മാറ്റങ്ങൾ വരുത്തിയിട്ടും തിരിച്ചുവരവുണ്ടായില്ല.

വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളാൽ നിറഞ്ഞതാണ്‌ കർണാടക. ഗോളടിച്ച അഭിഷേക്‌ മഹാരാഷ്‌ട്രക്കാരനാണ്‌. മലയാളിയായ ജേക്കബാണ്‌ അവസരമൊരുക്കിയത്‌. പാതിമലയാളിയായ ഷാജഹാൻ ഫ്രാങ്ക്‌ളിനും ടീമിലുണ്ട്‌. തമിഴ്‌നാട്‌, ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലെ കളിക്കാരുമുണ്ട്‌. ബംഗളൂരു എഫ്‌സി, ബംഗളൂരു യുണൈറ്റഡ്‌, കിക്ക്‌സ്റ്റാർട്ട്‌ എഫ്‌സി ടീമുകളിലെ താരങ്ങളാണ്‌ ഭൂരിഭാഗവും.

കേരളം നാലാമത്‌ ,ഒഡിഷയ്‌ക്കും പഞ്ചാബിനും ജയം
സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ ആദ്യ രണ്ട്‌ റൗണ്ട്‌ കളി പൂർത്തിയായപ്പോൾ സെമി സ്ഥാനത്തിനായി കടുത്ത പോരാട്ടം. ഗ്രൂപ്പ്‌ എയിൽ കേരളം നാലാമതായി. ഗോവയെ 4–-1ന്‌ മുക്കി ആതിഥേയരായ ഒഡിഷ ഒന്നാംസ്ഥാനത്തെത്തി. കരുത്തുറ്റ പോരിൽ മഹാരാഷ്‌ട്രയെ 3–-4ന്‌ മറികടന്ന പഞ്ചാബാണ്‌ രണ്ടാമത്‌. കർണാടക മൂന്നാംസ്ഥാനത്തും. ടീമുകൾക്കെല്ലാം നാല്‌ പോയിന്റാണ്‌. ഗോൾവ്യത്യാസമാണ്‌ സ്ഥാനം നിർണയിച്ചത്‌. മൂന്ന്‌ കളിയാണ്‌ ഗ്രൂപ്പിൽ ഓരോ ടീമുകൾക്കും ബാക്കിയുള്ളത്‌. കേരളത്തിന്‌ എല്ലാം ജയിക്കണം. മറ്റ്‌ ടീമുകളുടെ ഫലവും ആശ്രയിക്കണം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
Top