മാഡ്രിഡ്
വിഖ്യാത സ്‌പാനിഷ് സംവിധായകൻ കാർലോസ് സോറ (91) വിടവാങ്ങി. അരനൂറ്റാണ്ട് പിന്നിട്ട ചലച്ചിത്രജീവിതത്തില്‍ സ്പെയിനിന്റെ സാമൂഹിക– -രാഷ്ട്രീയ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തിയ അമൂല്യചലച്ചിത്രസൃഷ്ടികള്‍ ഒരുക്കി. വിഖ്യാത ചലച്ചിത്രബഹുമതികള്‍ തേടിയെത്തി. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനപുരസ്‌കാരം കഴിഞ്ഞ വർഷം സോറയ്‌ക്കായിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം 2013ൽ നേരിട്ടെത്തി അദ്ദേഹം ഏറ്റുവാങ്ങി.
നര്‍ത്തകനും കോറിയോഗ്രാഫറുമായ അന്റോണിയോ ഗ്രേഡിനെ നായകനാക്കി സംവിധാനം ചെയ്ത ബ്ലഡ് വെഡ്ഡിങ് (1981), കാര്‍മന്‍ (1983), എല്‍ അമോര്‍ ബ്രൂജോ (1986) എന്നിവ അടങ്ങിയ ഫ്ലമെംഗോ ചിത്രപരമ്പരയിലൂടെയാണ് സോറ രാജ്യാന്തരശ്രദ്ധനേടുന്നത്. സ്പാനിഷ് ഏകാധിപതി ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ വിലക്കുകളെ അതിജീവിച്ചായിരുന്നു സോറയുടെ ചലച്ചിത്ര ജീവിതം. 1958ൽ പുറത്തിറങ്ങിയ ലാസ് ഗോൾഫോസാണ് ആദ്യ കഥാചിത്രം. സോറയുടെ അവസാന ചിത്രം വോൾസ് ക്യാൻ ടോക് കഴിഞ്ഞയാഴ്‌ച പുറത്തിറങ്ങി. സ്പെയിനിലെ ഹ്വൈസ്കയില്‍ 1932ലാണ് ജനനം. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ മുറിവുകള്‍ ഏറ്റുവാങ്ങിയ ബാല്യകാല ജീവിതം. 1957ൽ മാഡ്രിഡ് ചലച്ചിത്ര ഗവേഷണ പഠനകേന്ദ്രത്തിൽനിന്ന് സംവിധാനത്തിൽ ഡിപ്ലോമ നേടിയ സോറ 1963 വരെ അവിടെ അധ്യാപകനുമായി. നിശ്ചല ഛായാഗ്രാഹകനായാണ് തുടക്കം. ആദ്യ സ്പാനിഷ് കളർ ഡോക്കുമെന്ററി ‘സ്യുയെൻക’ സോറയുടേതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..