15 February Wednesday

രോഹിത്‌ നയിച്ചു ; ജഡേജയ്‌ക്കും അക്‌സറിനും അരസെഞ്ചുറി

വെബ് ഡെസ്‌ക്‌Updated: Friday Feb 10, 2023

image credit bcci twitter


നാഗ്പുർ
ഓസ്‌ട്രേലിയക്ക്‌ രണ്ടാംദിനവും രക്ഷയില്ല. രോഹിത്‌ ശർമയും രവീന്ദ്ര ജഡേജയും രണ്ടാംദിനവും ഓസീസിനെ അസ്വസ്ഥരാക്കി. ഒന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ രണ്ടാംദിവസം ഇന്ത്യ ഒന്നാംഇന്നിങ്‌സിൽ ഏഴ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 321 റണ്ണാണ്‌ എടുത്തത്‌. മൂന്ന്‌ വിക്കറ്റ്‌ കൈയിലിരിക്കെ 144 റൺ ലീഡായി. ഓസീസിന്റെ ഒന്നാംഇന്നിങ്‌സ്‌ 177നാണ് അവസാനിച്ചത്. സെഞ്ചുറിയുമായി ക്യാപ്‌റ്റൻ രോഹിതാണ്‌ (120) കളി മെനഞ്ഞത്‌. കൂട്ടിന്‌ അരസെഞ്ചുറികളുമായി ജഡേജയും (66) അക്‌സർ പട്ടേലും (52). ഇരുവരും പുറത്താകാതെ ക്രീസിലുണ്ട്‌. അരങ്ങേറ്റക്കാരൻ സ്‌പിന്നർ ടോഡ്‌ മർഫിയുടെ അഞ്ച്‌ വിക്കറ്റ്‌ പ്രകടനമാണ്‌ ഓസീസിന്‌ ഓർക്കാനുള്ളത്‌.

ആദ്യദിനം 56 റണ്ണുമായി അവസാനിപ്പിച്ച രോഹിത്‌, സ്പിന്നർമാരെ പൂർണമായും വരിച്ച നാഗ്‌പുർ പിച്ചിൽ കിടയറ്റ പ്രകടനമാണ്‌ പുറത്തെടുത്തത്‌. ആറ്‌ മണിക്കൂർ ബാറ്റ്‌ ചെയ്‌ത  മുപ്പത്തഞ്ചുകാരൻ ടെസ്‌റ്റ്‌ ക്രിക്കറ്റിൽ ഒമ്പതാംസെഞ്ചുറി പൂർത്തിയാക്കി. പിഴവുകളില്ലാത്ത ഇന്നിങ്‌സായിരുന്നു. രണ്ട്‌ സിക്‌സറും 15 ഫോറും അതിലുൾപ്പെട്ടു. ഒരറ്റത്ത്‌ കൂട്ടുകാർ നിരയായി കൂടാരം കയറുമ്പോൾ രോഹിത്‌ ഒരറ്റത്ത്‌ പിടിച്ചു.

രാത്രി കാവൽക്കാരനായ ആർ അശ്വിൻ (23), ചേതേശ്വർ പൂജാര (7), വിരാട്‌ കോഹ്‌ലി (12), അരങ്ങേറ്റതാരം സൂര്യകുമാർ യാദവ്‌ (8) എന്നിവർ വേഗം മടങ്ങിയപ്പോൾ ഇന്ത്യ ഒരുഘട്ടത്തിൽ 5–-168ലേക്ക്‌ തകർന്നു. പൂജാരയും കോഹ്‌ലിയും മർഫിക്കെതിരെ അനാവശ്യ ഷോട്ടിന്‌ ശ്രമിച്ചാണ്‌ പുറത്തായത്‌. നതാൻ ല്യോണിനെതിരെ ബൗണ്ടറിക്ക്‌ ശ്രമിച്ച്‌ സൂര്യകുമാർ ബൗൾഡായി.

കൂട്ടിന്‌ ജഡേജ എത്തിയതോടെ രോഹിതിനും ടീമിനും ആശ്വാസമായി. പന്തിൽ മിന്നിയ ജഡേജ ബാറ്റിലും തിളങ്ങി. ഈ സഖ്യം ആറാംവിക്കറ്റിൽ 61 റൺ കൂട്ടിച്ചേർത്തു. തളർന്നുതുടങ്ങിയ രോഹിത്‌ ഓസീസ്‌ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസിന്റെ പന്തിൽ ബൗൾഡായി. പിന്നാലെയെത്തിയ കെഎസ്‌ ഭരതിനെ (8) വിക്കറ്റിനുമുന്നിൽ കുരുക്കി മർഫി അഞ്ച്‌ വിക്കറ്റ്‌ നേട്ടംകുറിച്ചു, ഇന്ത്യ 7–-240.

ക്രിക്കറ്റിലെ മൂന്ന്‌ വിഭാഗത്തിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്‌റ്റനെന്ന നേട്ടവും രോഹിതിന്റെ പേരിലായി. ചെറിയ ലീഡിൽ ഇന്ത്യയെ പിടിക്കാമെന്ന കണക്കൂകൂട്ടലിൽ ഓസീസ്‌ ക്യാപ്‌റ്റൻ കമ്മിൻസ്‌ നിൽക്കുമ്പോഴാണ്‌ ജഡേജയ്‌ക്ക്‌ കൂട്ടായി അക്‌സർ എത്തുന്നത്‌. പിന്നെ കളിമാറി. സ്‌കോട്‌ ബോളൻഡിന്റെയും മർഫിയുടെ പന്തുകളിൽ ഇടയ്‌ക്കൊന്ന്‌ വിറച്ചെങ്കിലും ഈ സഖ്യം വേഗത്തിൽ മുന്നോട്ടുപോയി. 185 പന്തിൽ 81 റണ്ണാണ്‌ ജഡേജയും അക്‌സറും ചേർന്ന്‌ ഇന്ത്യൻ ടോട്ടലിന്‌ നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
Top