തിരുവനന്തപുരം
ഗുജറാത്ത് കൂട്ടക്കുരുതിയിൽ നരേന്ദ്ര മോദിയുടെ പങ്ക് വിശദമാക്കുന്ന ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ–- ദ മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കോൺഗ്രസിൽ പൊട്ടിത്തെറി. ബിബിസി ഡോക്യൂമെന്ററി ഇന്ത്യയുടെ അഖണ്ഡതയ്‌ക്ക് എതിരാണെന്ന ബിജെപി നിലപാടിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് പോര്.
നിരോധനത്തെ അനുകൂലിച്ചതിന് പ്രതിഷേധം നേരിടേണ്ടിവന്ന അനിൽ ആന്റണി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറടക്കം എല്ലാ സ്ഥാനങ്ങളും രാജിവച്ചു. രാജി അനിവാര്യതയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തേക്കാൾ വലുതല്ല വിദേശികളുടെ ഡോക്യുമെന്ററിയെന്നായിരുന്നു എ കെ ആന്റണിയുടെ മകനായ അനിൽ ആന്റണിയുടെ ട്വീറ്റ്. ആർഎസ്‌എസുകാർക്കൊപ്പം ചില കോൺഗ്രസുകാരും അനിലിനെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ, അമിത് ഷായ്ക്ക് ‘നിക്കർ തയ്‌പിക്കുന്ന’ ഇത്തരക്കാരെ പാർടിക്ക് വേണ്ടെന്നടക്കം സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശമുയർന്നു.
അഭിപ്രായം പറഞ്ഞതിന് അധിക്ഷേപിച്ചെന്നും തന്നെപ്പോലുള്ള പ്രൊഫഷണലുകൾക്ക് ഇത് സഹിക്കാവുന്നതിനപ്പുറമാണെന്നും അനിൽ രാജിക്കത്തിൽ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശനം തടയുന്നത് ശരിയല്ലെങ്കിലും ഗുജറാത്ത് കലാപം കഴിഞ്ഞകാര്യമാണെന്നും അതിന്റെ പേരിൽ എന്തെങ്കിലും പറയുന്നതിൽ അർഥമില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനയും വിവാദമായി. അതിനിടെ, പുറത്ത് പോകേണ്ടവർക്ക് പോകാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇടുക്കിയിൽ പ്രതികരിച്ചു.
കോൺഗ്രസുകാർ
സംസ്കാരശൂന്യരെന്ന്
അനിൽ ആന്റണി
അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരിൽനിന്ന് കടുത്ത ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പുനഃപരിശോധിക്കുന്ന പ്രശ്നമില്ലെന്നും അനിൽ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. ട്വീറ്റിന്റെ പേരിൽ പലരും വിളിച്ച് എതിർപ്പ് പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. ഇത്രയും അസഹിഷ്‌ണുതയുടെ ആവശ്യമില്ല. സംസ്കാരശൂന്യരായ നേതാക്കളും പ്രവർത്തകരുമാണ് നല്ലൊരു ശതമാനവും. ഇത്തരം വെറുപ്പിനിടയിൽ തുടരാനാകില്ല. രാജ്യം നശിച്ചാലും രാജ്യത്തെ ഭരണാധികാരികളെ വിമർശിക്കണമെന്ന നിലപാട് ശരിയല്ല. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിലല്ല, അത് എവിടെനിന്ന് വന്നുവെന്നതാണ് കാണേണ്ടത്.
കാപട്യക്കാരാണ് അതിന്റെ പേരിൽ തന്നെ വിമർശിക്കുന്നതെന്ന് രാജിക്കത്തിൽ അനിൽ വ്യക്തമാക്കിയിരുന്നു. നേതാക്കൾ സ്തുതിപാഠകരുടെ പിടിയിലാണ്. യോഗ്യത അവർക്ക് പ്രശ്നമല്ല. രാജ്യത്തിന്റെ പൊതുതാൽപ്പര്യത്തിനായി പറയുന്നതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ആക്രമിക്കുന്നത്. തന്നെപ്പോലുള്ള പ്രൊഫഷണലുകൾക്ക് അതിൽ തുടരാനാകില്ലെന്നും കത്തിൽ പറഞ്ഞു.
രാജിവിവാദത്തിൽ ആഹ്ലാദിച്ച് ബിജെപി
മോദിയെ വിമർശിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞുള്ള അനിൽ ആന്റണിയുടെ രാജിയിൽ സംഘപരിവാർ ക്യാമ്പ് ആഹ്ലാദത്തിൽ. അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിൽ പലതും മോദി ഭരണത്തെ പ്രശംസിക്കുംവിധമായിരുന്നു. രാജിക്കത്തിൽ കോൺഗ്രസിലെ രാഹുൽ കുടുംബഭക്തരെ നിശിതമായി വിമർശിച്ചിട്ടുമുണ്ട്. സ്‌തുതിപാഠകർക്കും പാദസേവകർക്കും ഒപ്പം പ്രവർത്തിക്കാനാണ് നേതൃത്വം താൽപ്പര്യപ്പെടുന്നതെന്നും അനിൽ തുറന്നടിച്ചു. കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിട്ട പരാമർശങ്ങൾ ബിജെപിക്ക് പ്രതീക്ഷ നൽകുന്നതാണ്.
അനിൽ ആന്റണി വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിക്കാൻ മുൻ കോൺഗ്രസുകാരെ ബിജെപി ബോധപൂർവം നിയോഗിക്കുകയും ചെയ്‌തു. കോൺഗ്രസിൽ താൻ അനുഭവിച്ചതുതന്നെയാണ് അനിലും നേരിട്ടതെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. കുടുംബവാഴ്‌ചയെ ചോദ്യംചെയ്‌തതിനാണ് തന്നെ കോൺഗ്രസിൽനിന്ന് ചവിട്ടിപ്പുറത്താക്കിയത്. സൈന്യത്തെ വിമർശിച്ച ദിഗ്‌വിജയ് സിങ്ങിന് പ്രശ്‌നമില്ല. എന്നാൽ, ഒരു സ്‌പോൺസേർഡ് ഗൂഢാലോചനയെ തള്ളിപ്പറഞ്ഞ അനിലിനെ പുറത്താക്കി–- പൂനാവാല പറഞ്ഞു. രാഹുലിനെ പ്രസിഡന്റാക്കാനുള്ള നീക്കത്തെ ചോദ്യംചെയ്‌തതിനാണ് പൂനാവാല പുറത്താക്കപ്പെട്ടത്. പിന്നീട് ബിജെപിയിൽ ചേർന്നു.
പ്രസ്താവന തള്ളി
മഹിളാകോൺഗ്രസ്
ബിബിസി ഡോക്യുമെന്ററിക്കെതിരെ അനിൽ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി മഹിളാ കോൺഗ്രസ് ദേശീയ നേതൃത്വം. അനിൽ പറഞ്ഞത് അദ്ദേഹത്തിന്റെമാത്രം അഭിപ്രായമാണെന്നും ആരുടെയും പ്രസ്താവനകളോട് താൻ യോജിക്കുന്നില്ലെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ നെറ്റ ഡിസൂസ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർടി സ്ഥാനങ്ങൾ രാജിവച്ചെന്ന് അനിൽ ആന്റണി അറിയിച്ചശേഷമാണ് മഹിളാ കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.
ഗുജറാത്ത് കലാപകാലത്ത് അവിടെ പഠിച്ചിരുന്ന തനിക്ക് അന്നവിടെ സംഭവിച്ച കാര്യങ്ങൾ കൃത്യമായി അറിയാം. അക്കാര്യങ്ങളൊന്നും മറക്കാനായിട്ടില്ല. ക്യാമ്പസിൽ ഭീതിയുടെ അന്തരീക്ഷമായിരുന്നു അന്ന് നിലനിന്നത്. ബിൽക്കിസ് ബാനു കേസിലുൾപ്പെടെ ഇപ്പോഴും താൻ ഇരകൾക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അവർ പറഞ്ഞു. യുഡിഎഫ് കൺവീനർ എം എം ഹസ്സനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആന്റണിയുടെ മകൻ
മദിച്ച് ഉല്ലസിച്ച്
നടക്കുന്നവൻ: ജയ്‌റാം രമേശ്
പാർടിക്ക് വേണ്ടിയുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാതെ മദിച്ച് ഉല്ലസിച്ച് നടക്കുന്നയാളാണ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെന്ന് പരിഹസിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മാധ്യമവിഭാഗം തലവനുമായ ജയ്‌റാം രമേശ്. അനിൽ ആന്റണിയെയും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയും താരതമ്യം ചെയ്‌താണ് ജയ്‌റാം രമേശിന്റെ ട്വിറ്റർ കുറിപ്പ്. ജയ്‌റാമിന്റെ വിമർശം ആന്റണിയെക്കൂടി പരിഹസിക്കുന്നതാണെന്ന് കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്.
ആന്റണിക്കെതിരെയും
ഒളിയമ്പുകൾ
അനിൽ ആന്റണിയുടെ രാജിയെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാത്ത എ കെ ആന്റണിയുടെ നിലപാടിനെതിരെയും വിമർശമുയർന്നു. മോദി സർക്കാർ വന്നശേഷം ആന്റണി എട്ടു വർഷം രാജ്യസഭയിലുണ്ടായെങ്കിലും ബിജെപിക്കെതിരെ ഒന്നും പറഞ്ഞില്ല. കേരളത്തിൽ ഇടയ്‌ക്കിടെ വന്ന് സിപിഐ എമ്മിനെ വിമർശിക്കും. ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ നടത്തിയ ചില ആയുധ ഇടപാടുകളിൽ അഴിമതിയാരോപണം ഉയർന്നിരുന്നു. ബിജെപി സർക്കാരിന്റെ പക്കൽ ഇതുസംബന്ധിച്ച തെളിവുകളുണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ബിജെപി സർക്കാർ ഹെലികോപ്‌റ്റർ വാങ്ങിയതിൽ അഴിമതിയാരോപണം ഉയർന്നെങ്കിലും അതിനെതിരെ ശക്തമായി രംഗത്തുവന്നില്ല്ല. ആന്റണിയുടെ ഭാര്യയുടെ പെയിന്റിങ്ങുകൾ എയർ ഇന്ത്യ വൻ വിലയ്ക്ക് വാങ്ങിയതിൽ കേന്ദ്രസർക്കാർ വിവരങ്ങൾ ശേഖരിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..